Wednesday, September 4, 2013

മീന്കുട്ടി





വസന്തത്തിൽ നീ
പൂവായ് വിരുന്നെത്തുമ്പോൾ
ഒരു ശലഭമായ്
പറന്നെത്തി നിന്നെ
ഉമ്മ വച്ചുണർത്തണം

ഗ്രീഷ്മത്തിൽ ...
പൊള്ളുന്ന ചൂടിലൊരു
കുടയായ് നിനക്കു
തണലായ്‌ ചാരെ
നില്ക്കണം

വർഷത്തിൽ നീ
മഴയായി
പെയ്തിറങ്ങുമ്പോൾ
അതിലൊരു
കുഞ്ഞു തുള്ളിയായ്
ഊര്ന്നു
ഭൂമിയെ പുല്കണം

ശരത് കാലം
തെളിഞ്ഞ വാനിൽ
പൂര്ണ ചന്ദ്രനായ്
ഉദിച്ചുയരുമ്പോൾ
ഒരു കുഞ്ഞു താരകമായ്
നിന്റെ കൂടെ നടക്കണം

ഹേമന്തത്തിലെ
തെളിഞ്ഞ പകലിൽ
നീ ശിശിരം തേടി
പോകുമ്പോൾ
ഞാനും കൂടെയുണ്ടാകും

ശിശിരത്തിൽ നീ
മഞ്ഞു കട്ടയായി
മാറുമ്പോൾ
എനിക്കൊരു
കുഞ്ഞു മീനായി
നിന്റെയുള്ളിൽ
പാര്ക്കണം.

പിന്നെ ഞാൻ
നിന്റെ " മീന്കുട്ടി " ആയി.

- ദീപു മാധവൻ 21-08-2013

വഴി

 
 
 


നിനക്കുമെനിക്കുമിടയിൽ
അസഹ്യമായ
നിശബ്ദതയുടെ മതിൽ

മതിലിനപ്പുറം ജീവിതം
കുളമ്പടി മുഴക്കി
പാഞ്ഞു പോകുന്നു ...

കൂട്ടലും കിഴിക്കലും
രണ്ടു മനസ്സുകളിലും
വാൾപയറ്റു
നടത്തുന്നു

ആര് ആരെ
പിടിച്ചു
മാറ്റാൻ

ഇരുൾ വീണു
തുടങ്ങുന്നു

കീഴടങ്ങേണ്ടത്
നീയും ഞാനുമല്ല
ജീവിതമാണ്

ഇരുട്ടിൽ
ഒരു വഴി
തെളിയുമായിരിക്കും
ഒരു വഴി

-ദീപു മാധവൻ 22-08-2013

നഷ്ടമാകുന്നത്





എത്ര
ഗുഡ് നൈറ്റ്
പറഞ്ഞു കിടന്നാലും
ഉറക്കത്തിന്റെ
ഏതു യാമത്തിലും
മുഴങ്ങാവുന്ന ഫോണിന്റെ
അങ്ങേയറ്റത്തുനിന്നും ...

ഉറങ്ങിയോ
എനിക്കുറക്കം വരുന്നില്ലെന്നെ
ഞാൻ ഒറ്റക്കാവില്ലേ
തുടങ്ങിയ
കിലുങ്ങുന്ന പരിഭവങ്ങൾ

പാതി ഉറക്കത്തിൽ
ആണെന്ന് മനസിലായാൽ
അത് വരെ
സ്ലീപിംഗ് പില്സ് പോലെ
തന്നിരുന്ന ഉമ്മകൾ
പിന്നെ തുരു തുരാ

എവിടെയാ
എപ്പോ വരും
എന്തിനാ
എന്നോട് പറഞ്ഞില്ല
തുടങ്ങിയ ചോദ്യങ്ങൾ
പരാതികൾ

മനുഷ്യൻ
തലയും കുത്തി നിൽക്കുമ്പോൾ
ഒരു പാട്ട് പാടി തരാമോ
അതേയ് ഞാനിന്ന് മഴവില്ല് കണ്ടു
എന്റെ കുപ്പിവള പൊട്ടിപ്പോയി
തുടങ്ങിയ ഭീകര സംഗതികൾ

ചീത്ത പറയുമ്പോൾ
ഒരു കരച്ചിലിന്റെ
വക്കിലെ സോറി
തുടര് പ്രതിഷെധങ്ങൾ

കാണാൻ വരാമെന്ന്
പറഞ്ഞ് ഒരിത്തിരി
വൈകി പോയാൽ
വീടിനടുത്ത് വരെ
ബൈക്കിൽ കൊണ്ട് വിടണം
എന്നുള്ള നിബന്ധന
കൂടെ ദേഷ്യം
തീരും വരെ പിച്ച്

അങ്ങനെ എണ്ണിയാൽ
തീരാത്ത ഓർമകൾക്ക്
നടുവിലാക്കി നീ പോയെങ്കിലും
നിന്റെ ചിരിക്കുന്ന
മുഖം നോക്കി
ഒരു ചിരിയോടെ
ഇവയൊക്കെ
എനിക്കോര്തിരിക്കാമല്ലോ.

- ദീപു മാധവൻ 22-08-2013

ടക്വില ക്രൂഡ








 മേശമേൽ ഉപ്പും
നാരങ്ങാ ചീന്തും
ഇടവും വലവും
കൂടി ഇരിക്കുമ്പോഴും

തീ പറക്കുന്ന
വിദേശി , തറവാടിയെന്നു ...
ആരൊക്കെയോ പറഞ്ഞപ്പോഴും
വിളിക്കുമ്പോഴും

എന്തോ അങ്ങനെ ആണോ

ആദ്യത്തെ ഒരു ഷോട്ടിൽ
അന്നനാളത്തിലൂടെ
നീ എരിച്ചിറക്കുന്നത്
അടിച്ചമർത്തപ്പെട്ട എന്തോ
ഒരു സംസ്കാരമാണ്

അറിഞ്ഞത് വൈകിയാണ്
മെക്സിക്കൊയുടെ
പോരാട്ടത്തിന്റെ
അതിജീവനത്തിന്റെ
മെക്സിക്കൻ സംസ്കാരം

പത്തൊൻപതാം
നൂറ്റാണ്ടിന്റെയൊക്കെ
കഥകളാണ് മിക്കവാറും
കേള്ക്കുന്നത്

ഒരു പുതിയ സംസ്കാരത്തിന്റെ
കുളംബടിയിൽ നീ ഇനിയും
വിരുന്നു വരുമായിരിക്കും

അധിനിവേശത്തിന്റെ
അതിജീവനത്തിന്റെ
പുതിയ കഥകളുമായി

-ദീപു മാധവൻ 30-08-2013

ഗുരു




 


 എത്ര ചൊല്ലി
തല്ലി തന്നിട്ടും

പല വഴി തെണ്ടി
ഊരും പേരുമറിയാതെ
ഏതൊക്കെയോ
വഴികൾ താണ്ടി...

നാടും വീടും
വിട്ടെവിടെയോ
ജീവിതം
അതിജീവിക്കുമ്പോൾ

ഇപ്പോഴെന്നല്ല
ഇടക്കൊക്കെ
കാതിൽ മുഴങ്ങുന്ന
ഒരു ഡയലോഗുണ്ട്

" നിനക്കൊന്നും ഞങ്ങൾ
ഈ പറയുന്നത്
ഇപ്പൊ മനസിലാകില്ല
എന്നെങ്കിലും ഇതൊക്കെ ഓര്ക്കും"

അത് മതി
മരണം വരെ
നിങ്ങളെ ഒക്കെ
തെല്ലൊരു നൊമ്പരം
ചാലിച്ച് ഓർത്തെടുക്കാൻ

ഒരായിരം നന്ദി
ചൊല്ലി തന്നതിനും
നുള്ളി തന്നതിനും
തല്ലി തന്നതിനും

ദീപു മാധവൻ - 05-09-2013

Monday, August 19, 2013

തീവണ്ടി













മഞ്ഞുതിരും
തേക്കിൻ മരങ്ങൾക്കിടയിലൂടെ
അറ്റം കാണാതെ
നീണ്ടു കിടക്കുന്ന
റെയിൽ പാളങ്ങൾ

അറ്റമില്ലാത്ത സ്വപ്നങ്ങളുടെ ...
തീവണ്ടിയിൽ നാം
എത്ര ദൂരം
യാത്ര ചെയ്തിരിക്കണം ?

തിങ്കളാഴ്ച രാവിലെ
എന്തോ ഓർത്ത്
ടിക്കറ്റിനു ക്യൂ നിൽക്കുമ്പോൾ
മാഷെ ടിക്കെറ്റ് എന്നും പറഞ്ഞു
നീ വരുമ്പോൾ

ആദ്യമാദ്യമൊക്കെ
വരിയിൽ അറിയാവുന്ന മുഖങ്ങൾ
നമ്മളെ തുറിച്ചു നോക്കുമായിരുന്നു
പിന്നെ പിന്നെ
അവര്ക്ക് മടുത്തു കാണണം

പ്ലാറ്റ്ഫൊർമിൽ
അപരിചിതരെ പോലെ അഭിനയിച്ച്
ഒരേ ബോഗിയിൽ കയറിപ്പറ്റി
സീറ്റുണ്ട് എങ്കിലും
വാതിലിനടുത്ത്
മുഖത്തോട് മുഖം നോക്കി
എന്തൊക്കെ പറയാതെ
പറഞ്ഞു തീർത്തിട്ടുണ്ട് നാം...

അന്നും ഇന്നും
എനിക്ക് മുൻപേ
നീ ഇറങ്ങി പോയതോർക്കുമ്പോൾ
ആ യാത്രയിലെന്ന പോലെ
ഒറ്റപ്പെടലിന്റെ ആ ചൂളം വിളി
ഒരുപാട് യാത്രകൾ
പുറകിലേക്ക് കൊണ്ടു പോകുന്നു.

അറ്റമില്ലാത്ത സ്വപ്നങ്ങളുടെ
തീവണ്ടിയിൽ നാം
എത്ര ദൂരം
യാത്ര ചെയ്തിരിക്കണം ?

- ദീപു മാധവൻ 19-08-2013

ഗസൽ









 


 
 
 
 
 
 
 
 
 
 
 
 
പഴയൊരു ഗസലിന്റെ
കടമുണ്ട് നമ്മൾ തമ്മിൽ
അന്ന് നീ പാടി
തീർക്കാതെ പോയത്

എന്റെ പാട്ടിന്റെ
വരി മുറിയുമ്പോൾ ...
എന്നെ കളിയാക്കി കണ്ണിറുക്കി
നീ തുന്നി ചേർത്തൊരാ വരികളൊക്കെ
ഇന്നെനിക്കു കാണാതെ ചൊല്ലാനറിയാം

പക്ഷെ

ഇനിയുമൊരു
ഗസൽ സന്ധ്യയിൽ
നാം എവിടെ കാണാനാണ്
രാവേറെ പാട്ട് പാടി
എവിടെ ഇരിക്കാനാണ് അല്ലേ...

മറൈൻ ഡ്രൈവിലെ
നിയോണ്‍ വിളക്കുകൾ
മങ്ങി മങ്ങി
ഇപ്പോഴും അവിടെ തന്നെ കാണണം

പൂവാകകൾ ഇപ്പോഴും
പൂ ചൂടി നില്ക്കുന്നുണ്ടാവണം

കായൽ പരപ്പിൽ
കപ്പൽ വെളിച്ചം
ആരെയൊക്കെയോ നോക്കി
ചിരിക്കുന്നുണ്ടാവണം

ഒരു ഗസലിന്റെ മധുരത്തിൽ
നാമിനി എവിടെ വച്ചെങ്കിലും
കണ്ടു മുട്ടുമ്പോൾ
നീയത് പാടി പൂർത്തിയാക്കണം

ചാന്ദി ജൈസാ രംഗ് ഹെ തേരാ
സോനേ ജൈസേ ബാൽ....

- ദീപു മാധവൻ 14-08-2013

കശ്മീർ






ഞാൻ കാണാത്ത കശ്മീർ
പശ്ചാത്തലത്തിൽ
മിനാരത്തിൽ നിന്നൊഴുകിയിറങ്ങുന്ന
ബാങ്കിന്റെ കുളിരിൽ
സ്വച്ഛമായുറങ്ങുന്ന
ഹിമതടാകം

ഓളങ്ങളെ
തഴുകിയുണർത്തി
ഒരേകാന്ത നൗക

എങ്ങോ കണ്ണും നട്ട്
വെള്ളി കെട്ടിയ താടിയും
തൂവെള്ള സൽവാറുമായി
ഒരു തുഴക്കാരൻ

ഏകാന്ത നൌകക്ക്
ആകാശ മേല്ക്കൂര
ചിതറിയോടും നക്ഷത്രങ്ങൾ
വഴിത്തുണ

നൌകത്തണ്ടിൽ
പാതി വെന്തൊരു റാന്തൽ
റാന്തലിന് കൂട്ട്
ഗസലൊഴുകുന്ന
പഴയൊരു പാട്ടു പെട്ടി

ഇരുളിലെങ്ങു നിന്നോ
തലചായ്ചു ഗസലിന്
കാതോര്ക്കുന്ന
പൈൻ മരങ്ങൾ

അതിനപ്പുറം
അകലെയേതോ
ആപ്പിൾ മരങ്ങളിൽ
വിരിയുന്ന വസന്തം

തൊട്ടടുത്ത്‌ മരക്കുടിലിൽ
മങ്ങിയ വെളിച്ചത്തിൽ
ആരെയോ കാത്തെന്ന പോലെ
ഒരു കശ്മീർ സുന്ദരി

മഞ്ഞുറഞ്ഞ താഴ്വാരങ്ങളിൽ
എവിടെയോ കേട്ട വെടിയൊച്ചയുടെ
വേദനയിൽ ഞാൻ തിരിച്ചു നടക്കുന്നു
ഞാൻ കാണാത്ത കശ്മീർ -

ഉദ്യാന നഗരി.






 
 
 
 
ഒരു വെള്ളിയാഴ്ച വൈകുന്നേരം ഒരു കസ്റ്റമർ ഫോണിൽ ഉണ്ട് എന്റെ മൊബൈൽ മേശമേൽ... കിടന്നു റിംഗ് ചെയ്യുന്നു സ്ക്രീനിൽ അവളുടെ പേര് കാണാം നമുക്കവളെ രാഗി എന്ന് വിളിക്കാം ...

രണ്ടാമത്തെ റിങ്ങിൽ ഞാൻ ഫോണെടുത്തു

ഇറങ്ങിയില്ലേ ഇത് വരെ ... ?
ഞാൻ ചോദിച്ചു നീ അത് കാര്യമായി എടുത്തോ ഞാനത് വെറുതെ പറഞ്ഞതായിരുന്നു...

അവിടുന്നൊരു നീണ്ട നിശബ്ദത , പിന്നെ പതിഞ്ഞ സ്വരത്തിൽ എനിക്കിങ്ങനെ ചോദിക്കനെന്താ അവകാശം ഇനി ഞാൻ ശല്യം ചെയ്യില്ല സോറി ... പിന്നെ വിളിക്കാം ഞാനിപ്പോ പോകുന്നു . ഫോണ കട്ട് ചെയ്തു...

ഞാൻ കസേരയിലേക്ക് ചാഞ്ഞു ഓർമ്മകൾ ഒരു വര്ഷം പുറകിലേക്ക് പണ്ടൊരു ബാംഗ്ലൂർ യാത്രയിൽ ആണ് ഞാൻ അവളെ കാണുന്നത് ഒരു പെരു മഴയിലാണ് ബസ് ബാംഗ്ലൂർ ലാന്ഡ് ചെയ്യുന്നത് പിക് ചെയ്യാൻ വരാമെന്ന് ഏറ്റ ഫ്രണ്ട് വഴിയില സ്റ്റക്ക് ഞാനിങ്ങനെ മഴയും നോക്കി നിക്കുമ്പോൾ തൊട്ടടുത്ത്‌ നിന്ന് ഒരു ചോദ്യം

എക്സ്ക്യൂസ് മി , കാൻ യൂ ഡൂ മീ എ ഫേവെർ...?

ഞാൻ പറഞ്ഞു എന്താ വേണ്ടേ... സോറി യൂ ടെൽ മീ...

മലയാളിയാണോ ?
അതെ എന്ത് പറ്റി ... ?

എന്റെ ഫോണ്‍ ബാറ്റെരി ഡൌണ്‍ ‌ ആയി ഈ മഴയത്ത് കോയിൻ ബോക്സ്‌ തപ്പിയിട്ടു കാണുന്നുമില്ല എനിക്കച്ചനെ ഒന്ന് വിളിക്കണം എന്നെ പിക് ചെയ്യാൻ വരുന്നുണ്ട്
... വിരോധമില്ലെങ്കിൽ ആ ഫോണ്‍ ഒന്ന് തരാമോ ... ?

അങ്ങിനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത് ആ സൌഹൃദമാണ് ഒന്ന് കാണണം എന്ന് ഇത്രയും ആത്മാര്തമായി പറയുന്നത് ... വാച്ചിലേക്ക് നോക്കുമ്പോൾ മണി ആറ് ആകുന്നു ...

ശരിയാണല്ലോ ഈ ശനിയും ലീവ് ഇവിടെ കിടന്നിട്ടു വല്ല്യ കാര്യമൊന്നും ഇല്ല .. എന്നാ പിന്നെ മുങ്ങിയേക്കാം ...

കല്ലടയിൽ അജിത്തിനെ വിളിച്ചു ഇന്ന് ടിക്കറ്റ്‌ ഉണ്ടാകുമോ ബാംഗ്ലൂർ ?
ഒറപ്പ് പറയില്ല എന്നാലും നീ വാ ക്യാൻസൽ വല്ലതും ഉണ്ടേൽ നമുക്ക് നോക്കാം ...

എല്ലാം പാക്ക് ചെയ്തു ഒന്ന് കുളിച്ച് പുറത്തേക്കിറങ്ങുമ്പോൾ ആണ് ഞാൻ ആ പുസ്തകത്തെക്കുറിച്ച് ഓർത്തത്‌ ... ഒരു പുസ്തകമേളക്ക് പോകുമ്പോൾ ഒർമിപ്പിചതായിരുന്നു
നെരൂദയുടെ " സീ ആൻഡ്‌ ബെല്ല്സ് " അവിടെ അത് കിട്ടിയില്ല പിന്നെ ഫോർട്ട്‌ കൊച്ചിയിൽ ഒരു ദിവസം ഒരു പുസ്തക കടക്കരാൻ ഒപ്പിച്ചു തന്നു അതെടുക്കാൻ മറന്നു ..
തിരിച്ചു പോയി അതെടുത്തു കല്ലടയിലെത്തുമ്പോൾ അജിത്‌ പറഞ്ഞു ഇപ്പൊ ഒരു ബസ്സ്‌ പോകുന്നുണ്ട് ഒരു സീറ്റ് ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് ... അല്ല എന്ത് പെട്ടന്ന്... ?

ഏയ്‌ ഒന്നുമില്ല രണ്ടു ദിവസം ലീവ് അല്ലെ ചേച്ചിയെ ഒന്ന് കണ്ടിട്ട് വരാം...
ഓക്കേ എനിക്ക് തിരക്കുണ്ട്‌ നീ പോയി വാ നമുക്ക് കാണാം...
ശരി എന്നും പറഞ്ഞു ടിക്കെറ്റ് മേടിച്ചു വണ്ടിയിൽ കയറി ഒത്ത നടുവിലാണ് സീറ്റ് അരികിലെ സീറ്റ് ബുക്ട് ആണ്‍ പക്ഷെ ആളിവിടെ നിന്നല്ല എന്ന് തോന്നുന്നു...

ഒന്ന് ടെക്സ്റ്റ്‌ ചെയ്തേക്കാം അല്ലെങ്കിൽ മോശമല്ലേ...
രാഗി ഐ ആം കമിംഗ്... നോ നീഡ്‌ ടു കാൾ മി നൗ.. ബി തെർ ബൈ ടെൻ തെർട്ടി...
റിപ്ലെ വന്നു ... ഓക്കേ ടേക്ക് കെയര് ... ഗുഡ് നൈറ്റ് ...

വണ്ടി നീങ്ങി തുടങ്ങി ഞാൻ ഹെഡ് ഫോണ്‍ ചെവിയില് തിരുകി പുറകിലേക്ക് ചാഞ്ഞു...

പുറത്തൊരു മഴ ചാറുന്ന പോലെ ജഗ്ജീത് പാടി തുടങ്ങി .... തും ഇത്നാ ജോ മുസ്കുരാ രഹെ ഹോ...

പുറത്തു നഗരം അപ്പോഴും ഓടി കൊണ്ടേ ഇരുന്നു എന്നെ പോലെ എവിടെയോ എത്തി ചേരാൻ ഉള്ളത് പോലെ... എപ്പോഴോ ഉറങ്ങി കാണണം വല്ലതും കഴിക്കണമെങ്കിൽ പത്തു പതിനഞ്ചു മിനുട്ട് സമയമുണ്ട് എന്ന ബസ്സ് ജീവനക്കാരന്റെ ശബ്ദം കേൾക്കുമ്പോഴാണ് ഉണരുന്നത്.....

പോയി ഒരു ചായയും ബിസ്ക്കറ്റും കഴിച്ചു വരുമ്പോൾ അടുത്ത സീറ്റിൽ ആളുണ്ട് ആൾ പരിചയപ്പെടുത്തി
ഞാൻ വിവേക്...
ഞാൻ പരിചയപ്പെടുത്തി, സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരിക്കും അല്ലെ ... എന്നാ ചോദ്യത്തിന് അതെങ്ങനെ മനസിലായി എന്ന് ചോദിച്ചു...

മുഖം കണ്ടാല മനസിലാകും എന്ന ഉത്തരത്തിന് ആ ചെറുപ്പക്കാരൻ പുഞ്ചിരിച്ചു കൊണ്ട്…. ഏതോ പുസ്തകത്തിലേക്ക് മുഖം താഴ്ത്തി ..

മജെസ്ടികിൽ ബസ് എത്തുമ്പോൾ സമയം എട്ടിനോടടുത്ത് ... ഒന്ന് ഫ്രഷ്‌ ആകാൻ ഒരു റൂം തപ്പി പോകുമ്പോൾ വിളി വന്നു...

ഇറങ്ങിയോ ... ? എങ്ങനെ ഉണ്ടായിരുന്നു യാത്ര .... ?

നന്നായിരുന്നു... ഞാനൊന്നു ഫ്രഷ്‌ ആയിട്ട് തന്നെ വിളിക്കാം ഇവടെ വരാനുള്ള സമയം അഡ്ജസ്റ്റ് ചെയ്തു ഇറങ്ങിക്കോളൂ ...

ശരി ഞാൻ വിളിക്കാം…
ഫ്രഷ്‌ ആയി പുറത്തിറങ്ങുമ്പോൾ ബാംഗ്ലൂർ തലങ്ങും വിലങ്ങും ഓടി തുടങ്ങിയിരുന്നു... പല ദേശക്കാർ പല വേഷക്കാർ ഒരു കണ്ണെത്താ ലോകം പോലെ വീണ്ടും ഞാൻ ബാംഗ്ലൂർ നെ അറിയാൻ തുടങ്ങുന്നു...

അടുത്ത വിളി കഴിഞ്ഞു ഒരു അര മണിക്കൂറിനുള്ളിൽ പറഞ്ഞ സ്ഥലം തെറ്റാതെ ആളെത്തി ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ .... ഉദ്യാന നഗരിയിലേക്ക് സ്വാഗതം മകനെ ..

സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞു മുന്നോട്ടു നടക്കുമ്പോൾ...

കയ്യിലെ പുസ്തകം നോക്കി അതെന്താ .. ? മറുപടി പറയാതെ ഞാനത് നീട്ടിയപ്പോൾ നല്ലൊരു കളിപ്പാട്ടം കിട്ടിയ ഒരു കുഞ്ഞിനെ പോലെ തിളങ്ങി ആ കണ്ണുകൾ... ഞാൻ പറഞ്ഞു താങ്ക്സ് ഒന്നും പറയണ്ട കണ്ടപ്പോൾ മേടിചൂന്നെ ഉള്ളൂ ..

കിലുങ്ങി ചിരിച്ചു കൊണ്ട് ശരി ... അല്ല എന്താ പ്ലാൻ എവടെ പോകാം നമുക്ക് ?

അത് ശരി എന്നെ കാണണം എന്ന് പറഞ്ഞു വിളിച്ചിട്ട് ഞാൻ പ്ലാൻ ചെയ്യണോ .. ഞാനിന്ന് അതിഥിയല്ലേ... ?

ഹ ഹ സമ്മതിച്ചു ഞാൻ പറയാം ഇസ്കൊണിൽ പോയിട്ടുണ്ടോ ഞാൻ പറഞ്ഞു ഇല്ല ഇസ്കോണ്‍ ടെമ്പിൾ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ... എന്നാ ശരി അങ്ങൊട്ടാകട്ടെ...
നമുക്ക് ഓട്ടോ പിടിക്കാം അധികം ദൂരം ഇല്ല ...
ഞാൻ പറഞ്ഞു ശരി ...

അവിടെ ഇറങ്ങുമ്പോൾ ഓട്ടോക്കാരനോട് എഷ്തു... ?
അയാളെന്തോ പറഞ്ഞു പഴ്സ് എടുത്തപ്പോൾ ഞാൻ തടഞ്ഞു പേ ചെയ്തു ..

മുകളിലേക്ക് നടക്കുമ്പോൾ അമ്പലത്തിന്റെ പ്രതിഷ്ടയെക്കുറിച്ചും അവിടത്തെ സൂപ്പെർ സ്പെഷ്യലിറ്റി പരിസരത്തെ കുറിച്ചും ഒക്കെ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു ... കാണെ കാണെ സംഗതി സത്യം തന്നെ എന്ന് ബോധ്യപ്പെട്ടു ... കോടികൾ മുടക്കി ഈശ്വരന് അമ്പലം... തൊട്ടു താഴെ അപ്പോഴും ഭിക്ഷാടകർ കാണണം അതാണല്ലോ അതിന്റെ ഒരു നീതി ...

പിന്നെ അതൊന്നും പറഞ്ഞു അവളുടെ മൂഡ്‌ കളയണ്ട എന്ന് കരുതി മിണ്ടീല്ല ...

അപ്പോഴും അവളെന്നെ കാണണം എന്ന് പറഞ്ഞതെന്തിനാണ് എന്നെനിക്കറിയില്ല ചോദിയ്ക്കാൻ എന്തോ പോലെ ... വേണ്ട ചുമ്മാ വന്നു കണ്ടു അത്രന്നെ...

അവിടുന്ന് എന്നെ നിര്ബന്ധിച്ചു ഭജനക്കിരുത്തി അതൊക്കെ കഴിഞ്ഞു പുറത്തെ ബെഞ്ചിൽ ഇരിക്കുമ്പോൾ ഞങ്ങളെ പോലെ കൊറേ പേര് ഉണ്ടെന്നു മനസിലായി...

അവിടെ ഇരിക്കുമ്പോൾ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു നാട് വീട് ജോലി അങ്ങനെ പലതും പുതിയ ഒരാളെ കിട്ടുമ്പോ എന്തൊക്കെ സംസാാരിക്കാമൊ അതെല്ലാം ... ഞാൻ അവളെക്കുറിച്ചും എല്ലാം ചോദിച്ചറിഞ്ഞു... എവിടെയൊക്കെയോ മനസ്സില് തടഞ്ഞ സംശയങ്ങൾ പിന്നീടാവട്ടെ എന്ന് വച്ച് മറന്നു ... സമയം ഒന്നര, വിശക്കുന്നുണ്ടായിരുന്നു തിരിച്ചിറങ്ങുമ്പോൾ

അപരിചിതത്വം ഒന്നുമില്ലാതെ ഞങ്ങൾ സംസാരിച്ചു തുടങ്ങിയിരുന്നു ... വഴിയിലൂടെ പോകുന്ന ആളുകളെ കുറിച്ച് വരെ ...

അടുത്ത് തന്നെ ഒരു വെജ് ഹോട്ടെലിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ ...
ഇന്ന് മടങ്ങുന്നുണ്ടോ...
ഉം പോണം ഇതൊരു അപ്രതീക്ഷിത യാത്രയല്ലേ പത്തു മണിക്കാണ് ബസ്‌ ...
ഒക്കെ എന്നാൽ നമുക്ക് " ലാൽബാഗ് " കൂടെ ഒന്ന് കറങ്ങീട്ടു പോകാം ...

ഉം എന്ന് മൂളിയപ്പോഴും ഇവളെന്തിനാകണം എന്നെ കാണണം എന്ന് പറഞ്ഞത് ... ??

ലാൽ ബാഗ് ചെല്ലുമ്പോൾ സമയം മൂന്നോടടുത്തു ... ഒരു മാറ്റവുമില്ല ടിക്കെറ്റ് വരെ ഓർമകളിൽ അത് പോലെ ഉണ്ട് .... അകത്തു കടക്കുമ്പോൾ തന്നെ കാണാം ഫാമിലി ആയി വന്നവരും ക്ലാസ്സ്‌ കട്ട്‌ ചെയ്തു വന്നവരും അങ്ങനെ പലരും ...

അകത്തേക്ക് നടക്കും തോറും ഓരോ ബെഞ്ചിലും ഓരോരുത്തർ അവരവരുടെ ലോകം പണിയുന്നു ... ബാംഗ്ലൂർ ജീവിക്കുന്ന അവൾക്കിതിൽ പുതുമ കാണില്ല പക്ഷെ സ്വകാര്യങ്ങൾ മെനയുന്ന ഇണക്കുരുവികളെ എന്റെ കണ്ണുകൾ നോക്കി….

പലതും പറഞ്ഞു കപ്പലണ്ടിയും ഐസ് ക്രീമും ഒക്കെ കഴിച്ചു ഞങ്ങൾ ഒത്തിരി ദൂരം നടന്നു...

രാഗി ഇടക്ക് ഇവടെ വരാറുണ്ടോ.... ?
ഉവ്വ് ഞങ്ങൾ ഫ്രണ്ട് സ് ഇടക്കൊക്കെ വരും
എന്തെ ചോദിയ്ക്കാൻ ... മാഷ് വന്നിട്ടില്ലേ
ഏയ്‌ ഒന്നുല്ല , ഉണ്ടല്ലോ വന്നിട്ടുണ്ട്...

കൂടുതൽ ചോദിച്ചാൽ ഞാൻ പറയില്ല എന്നത് കൊണ്ടാകണം പിന്നെ ഒന്നും ചോദിച്ചില്ല ...

രാഗിക്ക് പ്രണയം വല്ലതും ഉണ്ടോ ... ?
അവളുറക്കെ ചിരിച്ചു ഉണ്ടല്ലോ പക്ഷെ ഒരാളോടല്ല ... പുസ്തകങ്ങളോട് , പാട്ടിനോട് , നൃത്തത്തോട് അങ്ങനെ പലതും...
ഞാൻ ചമ്മിയത് കണ്ടാകണം , ഏയ്‌ ഞാൻ തമാശ പറഞ്ഞതല്ലേ അങ്ങനെയൊന്നും ഇന്ന് വരെ ഇല്ല ...

ഞാൻ മൂളി മം ...
നമ്മൾ കണ്ടിട്ട് കുറെ നാളായില്ലേ ഇത്രേം നാൾ ഇങ്ങനെ കാണണം എന്ന് പറഞ്ഞില്ലായിരുന്നല്ലോ... എന്ത് പറ്റി ?

ഏയ്‌ ഒന്നുമില്ല ഒന്ന് കാണണം എന്ന് തോന്നി അത്രന്നെ...
ഒരു ഷോപ്പിംഗ്‌ ആയാലോ എന്ത് പറയുന്നു ?

ശരി പോകാം ഇവിടെ പ്രത്യേകിച്ചു കാണാൻ ഒന്നും ഇല്ലല്ലോ ...
ചിരിച്ചു കൊണ്ട് ശരി ശരി ....

പോകാൻ എണീക്കുമ്പോൾ മഴ മൂടിയ പോലെ തോന്നി..
ഗേറ്റിൽ എത്തുമ്പോഴേക്കും മഴ ചാറി തുടങ്ങി...

നാശം പിടിച്ച മഴ ... അവളുടെ മുഖവും ഇരുണ്ടു ... ഞാൻ ചോദിച്ചു അല്ല സമയം ആറു കഴിഞ്ഞു ഇനി എന്ത് ചെയ്യും ... ??

മറുപടി ഒരു ചിരിയായിരുന്നു ... ഇടക്കൊരു കോൾ വന്നു അവള്ക്ക് ... അച്ഛനാണ് എനിക്കുടനെ പോകണം ദീപു സോറി...
ഞാൻ പറഞ്ഞു അത് സാരമില്ല പൊക്കോളൂ ഞാൻ എങ്ങനെയെങ്കിലും റൂം പിടിച്ചു പൊക്കോളാം വൈകിക്കണ്ട ...

ചിരിച്ചു കൊണ്ട് അടുത്ത് വന്നു പറഞ്ഞു താങ്ക്സ് ഫോര് കമിംഗ് ...ഒരു കുഞ്ഞു പെട്ടി എന്റെ കയ്യില വച്ച് തന്നിട്ട് അവൾ യാത്ര പറഞ്ഞു ...

അത് പറയുമ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാനിന്നും മറന്നിട്ടില്ല

ഞാനൊരു മറുപടി പോലും പറഞ്ഞില്ല അവൾ നടന്നു നീങ്ങുന്നത്‌ നോക്കി നില്ക്കാനെ കഴിഞ്ഞുള്ളു ... അല്ലെങ്കിലും യാത്ര പറച്ചിൽ ഒരു തരം മുറിച്ചു മാറ്റലാണ്... എന്നെ സംബന്ധിച്ചിടത്തോളം...

തിരികെ വരുമ്പോൾ ബസ്സിലിരുന്നു ആ പെട്ടി ഞാനഴിച്ചു ... ഒരു കുഞ്ഞു ക്രിസ്റ്റൽ ഐഡോൾ
അതിലിങ്ങനെ എഴുതിയിരിക്കുന്നു " ലവ് ഫോര് എവെർ "

പിന്നെ ഞാനെന്തു പറയാൻ
അതെ സ്നേഹമാണ് എന്നും നില നില്ക്കുന്നത് എന്നൊരു ടെക്സ്റ്റ്‌ അയച്ചു അതിനൊരു സാഡ് സ്മൈലി റിപ്ലെ കിട്ടി ...

ഇവളെന്തിനാകണം എന്നെ കാണണം എന്ന് പറഞ്ഞത് ... ??

ഉത്തരമില്ലാത്ത ആ ചോദ്യത്തിന് വല്ലാത്ത ഒരു സുഖമുണ്ടായിരുന്നു കാരണം അതിനൊരു ഉത്തരം അവൾക്കുണ്ടായിരുന്നിരിക്കണം.... ആരോടും പറയാത്ത എന്നോട് പോലും പറയാത്ത ഒരുതരം അത് അങ്ങനെ തന്നെ ഇരിക്കട്ടെ ...

എല്ലാ സൌഹൃദങ്ങളും പ്രണയത്തിൽ അവസാനിക്കില്ല എന്നെനിക്ക് മനസിലായി ആ നല്ല ദിവസത്തിന്റെ ഓർമകളുമായി ഞാൻ വീണ്ടും തിരക്കുകളിലേക്ക് കാലു കുത്തി.

തുടരും : ദീപു മാധവന്

ഒന്നുമില്ലായ്മ





















പേനത്തുമ്പില്‍
ഒന്നുമില്ലായ്മയുടെ ദിനം
ഒന്നുമില്ലായ്മയിലും
ഒരായിരം വാക്കുകള്‍
മനസ്സിനെ മനനം ചെയ്യുന്നു.....

കടഞ്ഞെടുക്കുന്ന
ഓരോ വാക്കിനും
ഓരോ പേരുണ്ട്
ഓരോ കഥയുണ്ട്...

ഒരിക്കലെങ്കിലും കടന്നു പോയ
ഒരു വഴിയുടെ എന്നോ
പരിചിതമായിരുന്ന ഓര്മകലുണ്ട്

പക്ഷെ
മുഴുവന്‍ ഇരുട്ടാണ്‌ പലയിടത്തും
കഴിഞ്ഞു പോയതും
വരാനിരിക്കുന്നതുമായ
ഓര്‍മകളുടെ കുറ്റാ കൂരിരുട്ട്

ഇരുട്ടിനെ കീറി മുറിക്കണം
ഇഴ കീറി ഓര്‍മകളുടെ
പായ നെയ്തെടുക്കണം ‍
പണ്ടെങ്ങോ ആരും കാണാതെ
വഴി വക്കില്‍ ഒളിപ്പിച്ചു വച്ച
കല്ല്‌ പെന്സിലാണ്
മനസ്സില്‍ ഓടി വരുന്നത്

കാലമെത്ര കഴിഞ്ഞിട്ടും
ഇന്നും മറക്കാത്ത
വര വീണ സ്ലേറ്റും
കല്ല്‌ പെന്‍സിലും...

ദീപു മാധവന്‍ - 10-03-2013

ഒരു നിമിഷം.




 










രാവിന്റെ നിലാവെളിച്ചത്തില്‍
അന്തമില്ലാതെ നാം നടന്നു തീര്‍ത്ത
തെരു വഴികള്‍
നാം കയറി ഇറങ്ങിയ
പീടിക തിന്ണകള്‍, കൊട്ടകകള്‍
കടലോരം ...

അവിടെ എവിടെയോ നാം
നമ്മെ തന്നെ മറന്നു വച്ചിരിക്കുന്നു....
ഓര്‍മകളില്‍ തിരിച്ചു വരാവുന്നവ
അന്ന് ഉറപ്പു തന്നത് പോലെ
ഇന്നലെയും വന്നിരുന്നു

പുലര്‍ച്ചെ ഇനി മിണ്ടരുതെന്ന്
പറഞ്ഞു നീ തല്ലിയുടച്ച ചില്ലലാറം
ഇപ്പോഴും എവിടെയോ
കിടന്നു മണി മുഴക്കുന്നു

ആ നുറുങ്ങു ചില്ലുകള്‍
ഇപ്പോഴും എവിടെയോ
കോറി വരയ്ക്കുന്നു
എന്നെ മൂന്നു വട്ടം മുറുക്കെ
കെട്ടി പിടിക്കുന്നു വേദനിപ്പിക്കാതെ...

അടുത്ത സീനില്‍
കാറ്റില്‍ പായുന്ന
ഇരുചക്ര ശകടത്തില്‍
രണ്ടു മൌനത്തിന്റെ ആത്മാക്കള്‍
ഒരായിരം വട്ടം ഞാന്‍ എങ്ങോട്ടുമില്ല
എന്ന് നീ പറയുന്നതെനിക്ക്
ഇപ്പോഴും കേള്‍ക്കാം

കണ്ണുകള്‍ സെല്‍ഫ് ഡ്രൈവ് മോഡിലിട്ടു
ഞാന്‍ യന്തിരനെ പോലെ
തല തിരിച്ചു നിന്നെ നോക്കി
അങ്ങനെ ഇരിക്കും

റെയില്‍വേ സ്റ്റേഷന്‍ കാണുമ്പോള്‍
നീ എന്നെ നുള്ളിയുനര്തും
ടിക്കെറ്റ് എടുക്കാന്‍ നീ വരിയില്‍
നില്‍ക്കുമ്പോള് നീ ചൂളം വിളിയില്‍
കൈ വീശി കടന്നു പോകുമ്പോള്‍ ‍
ഞാന്‍ ഒരു വരി പോലെ വീണ്ടും
തിരക്കുകളുടെ നഗരത്തില്‍ ലയിച്ചു ചേരും....

ഓര്‍മകളില്‍ നിന്നുണരുന്നു
ലോകേഷന്‍ ചെറിയ ഒരു മാറ്റം
മണല്‍ കാടുകളില്‍ ആണ്
അടുത്ത സീന്‍.


ദീപു മാധവന്‍ - 24-02-2013



 

Thursday, April 4, 2013

ചുവരുകൾക്കും കാതുകളുണ്ട്





 
 
 
 
 
 
 

എല്ലാരും ചോദിക്കനുണ്ട്
പറയാൻ എന്തുണ്ട് ?
പറയാൻ പലതുണ്ട്
ഇന്നെന്തോ തോന്നണുണ്ട്

അതിലൊന്നുണ്ട് , നല്ല രസമുണ്ട്
ചുവരുകൾക്കും കാതുകളുണ്ട്
... കണ്ണുകളുണ്ട് , മൂക്കുണ്ട്
അങ്ങനെ പറയാൻ കാരണമുണ്ട്

അന്നൊരു നാൾ അവിടെ നാമുണ്ട്
മറവിയിൽ കുറെ നാളുണ്ട്
ഇന്ന് ഞാൻ അവിടെയുണ്ട്
ഇന്നും അവിടെ നമ്മുടെ മണമുണ്ട്

നമ്മുടെ നിശ്വാസമുണ്ട്, നിഴലുണ്ട്
എനിക്കങ്ങനെ തോന്നണുണ്ട്
അതിലൊരു കുഞ്ഞു ശരിയുണ്ട്
അപ്പൊ ചുവരുകൾക്കും കാതുകളുണ്ട്

ദീപു മാധവന് - 04-04-2013

എസ്തപ്പാൻ




 
 
 
 
 
 
 
 
 
 
 
എസ്തപ്പാൻ ബീവരേജസിന്റെ
വരിയുടെ പുറകിൽ നിന്നും ഒരു കാച്ച്
സോമൻ സാറേ , പൂട്ടല്ലേ...

എന്നിട്ടൊരു ചിരിയും
ഊരക്കൊരു താങ്ങും കൊടുത്ത്
സ്റ്റൈലായി ഒരു നിപ്പ്...
...
വരീന്നോരുതൻ മിണ്ടാതിരിയെടാ മൈ-----
മറ്റൊരുത്തന്റെ ആത്മഗതം
ഇവിടെ നമുക്ക് തന്നെ കിട്ടുമോ
ആവോ അപ്പഴാ അവന്റെ സാറ്
സാറല്ല ------- ഹും....

ഇതൊന്നും അറിയാതെ സോമൻ സാർ
ബില്ലിംഗ് മെഷീൻ ബില്ലുകൾ
തുപ്പി കൊണ്ടേ ഇരുന്നു...
ബി പി എല് മുതൽ, എ പി എല് വരെ...

ഗാന്ധി അപ്പോഴും നിസ്സഹായനായി
ഒഴുകി കൊണ്ടേയിരിക്കുന്നു.....

അപ്പുറത്തെ പാൻ മസാലക്കാരൻ
ചാർ സൌ ബീസ് തകൃതിയായി
ഒരുക്കുന്നു....

ഇപ്പുറത്തെ തട്ടുകടയിൽ
പുഴുങ്ങിയ മുട്ടകൾ , സമൂസകൾ
തീരുന്നതിനു മുന്നേ വന്നു നിറയുന്നു...

വരിയിൽ പതിവുകാരുണ്ട്
സങ്കടം തീര്ക്കാൻ വന്നവർ
സന്തോഷം മൂപ്പിക്കാൻ വന്നവർ
അങ്ങനെ പലരുണ്ട്

രണ്ടെണ്ണം അടിക്കാൻ എല്ലാവര്ക്കുമുണ്ട്
ഓരോ കാരണങ്ങൾ .....

വരി മുന്നോട്ടു നീങ്ങി
എസ്തപ്പാൻ തന്റെ പതിവ് തേനീച്ച
ആദരവോടെ ഏറ്റു വാങ്ങി
അരയിൽ തിരുകി ഇരുട്ടിലേക്ക്
ആരോ ചാര്ജ് ചെയ്തപോലെ....

അപ്പോൾ എന്തായിരിക്കും
അയാളുടെ മനസ്സില്....

ആ... ആര്ക്കറിയാം
രണ്ടെണ്ണം അടിക്കാൻ എല്ലാവര്ക്കുമുണ്ട്
ഓരോ കാരണങ്ങൾ .....

ദീപു മാധവന് - 03-04-2013

അഗ്നിശുദ്ധി





 
 
 
 
 
 
 
 
 
 
 
 

 
മായകളുടെ രാത്രിയായിരുന്നു
ഇന്നലെ
തീ കൊണ്ട് അടയാളം
കാണിച്ചിരിക്കുന്നു
ഇന്നലെ രാത്രി

എന്തോ ഒഴിഞ്ഞു പോയതാവാം
... അല്ലെങ്കിൽ എന്തിന്റെയോ
തുടക്കവുമാകാം

നിമിഷാർദ്ധം കൊണ്ട്
വെന്തു കരിയാതിരുന്നത്
ആരുടെയൊക്കെയോ
പ്രാര്ത്ഥനകളുടെ
പുണ്യമാകണം

ആളിപ്പടരുന്ന തീ
ഉറക്കത്തിൽ പോലും
വന്നെന്തോ പറയാൻ ഭാവിക്കുന്നു

വ്യക്തമാകും മുൻപ്
പൊടുന്നനെ കത്തിയമർന്നു
മായാജാലം കാണിക്കുന്നു

"ഓം മഹാജവാലായ വിധ്മഹെ
അഗ്നി ദേവയ ധിമഹി
തന്നോ അഗ്നി പ്രചോദയാത്.."

ഇന്നലെ അടയാളം കാണിച്ചു മടങ്ങിയ
അഗ്നിയെ പുകഴ്താതെ തരമില്ല
'അഗ്നിശുദ്ധി' അതിനോളം
വരില്ലൊന്നും
എന്നിരിക്കെ.....

ദീപു മാധവന് - 01-04-2013

ആകാംക്ഷ




 
 
 
 
 
 
 
 
 
 
 
 
 
 
 


 
ഓരോ വഴികളിലും
ഞാൻ ആരെയോ തിരയുന്നുണ്ട്
ആരെന്നറിയാത്ത ആരെയോ

ഓരോ മുഖങ്ങളും
സൂക്ഷ്മം നിരീക്ഷിക്കുന്നു
ആരെന്നറിയാത്ത ആര്ക്കോ വേണ്ടി
...
നടന്നു തീർത്ത വഴികളിലെല്ലാം
ഓരോ തിരിവുകളിലും
എന്നെ തിരിച്ചറിയാൻ
ആരൊക്കെയോ ഉണ്ടാകുമെന്ന തോന്നൽ

ഓരോ കാലടിയുടെയും
ലക്‌ഷ്യം അതായിരുന്നു
എന്ന് തോന്നും പലപ്പോഴും

ഉടക്കുന്ന കണ്ണുകൾ പലതും
അപരിചിതം

എങ്കിലും അടുത്ത കണ്ണുകളിലേക്ക്
നീളുന്ന ആകാംക്ഷ

ഏതെങ്കിലും ഒരു തിരിവിൽ
ഞാൻ ആ അപരിചിതരെ
കണ്ടു മുട്ടുമായിരിക്കാം
ഇത്രയും നാൾ
കാത്തു വച്ച ചോദ്യങ്ങൾ
ചോദിക്കുമായിരിക്കാം
കഥകൾ പറയുമായിരിക്കാം

വീണ്ടുമൊരു യാത്രയിൽ
അടുത്ത കണ്ണുകളിൽ നിന്ന്
ആകാംക്ഷയുടെ
അടുത്ത കണ്ണുകളിലേക്ക്
എന്നെ കാത്തിരിക്കുന്ന
ആരെന്നറിയാത്ത ആര്ക്കോ വേണ്ടി...


- ദീപു മാധവന് - 31-03-2013

 

ആശങ്കകൾ



 
 
 
 
 
 
 
 
 
ഗുരു
-------------

ശിഷ്യാ ആശങ്കയരുത്

ഒരിറ്റു
നീര് പൊടിയരുത്
... തൊലി ചീന്തരുത്
വന്ദനം നിര്ബന്ധം
താമസക്കാരോട്
സമ്മതം വാങ്ങണം
പോരാത്തതിന്
ഒരൊറ്റ വെട്ടിനു
മുറിയണം...

ഈശ്വരനെ മനസ്സില്
ധ്യാനിക്കുക

കിളി
--------

പറക്കമുറ്റാത്ത
എൻ മക്കളോട്
ഞാൻ എന്തുപദേശം
നല്കെണ്ടൂ ... ?
ചിറകു വിടര്ത്തി പറക്കാൻ
കണ്ട സ്വപ്നങ്ങളുടെ ആകാശങ്ങൾക്ക്
നിമിഷാർദ്ധം കൊണ്ട്
ഈ അമ്മക്ക് മാപ്പ് തരണം
എന്നോ... ?

മക്കളെ, ആശങ്കയരുത്

ഈശ്വരനെ മനസ്സില്
ധ്യാനിക്കുക
ഈശ്വരൻ നമ്മുടെത്
കൂടെ അല്ലെ...!!!

ദീപു മാധവന് 27-03-2013

എന്റെ ഭൂതകാലം ചികയുന്നവരോട്

 
 
 
 
 
 
 
 
 
 
 



എന്റെ ഭൂതകാലം
ചികയുന്നവരോട്
ഞാൻ എന്ത് പറയാൻ....

അതി വിചിത്രങ്ങളായ
ഒന്നും നിങ്ങള്ക്കവിടെ
കാണുവാൻ കഴിയില്ല...
...
പച്ച മണ്ണിൻറെ
മണം പോലെ
പച്ചയായ ഞാൻ
മാത്രമാണെന്റെ ഭൂതകാലം
അവകാശപ്പെടാൻ
തൊട്ടു കാണിക്കാൻ
ഭീകരമായി
ഒന്നുമില്ലാത്ത
ഒരു ഭൂതകാലം...

അതിലെ നെല്ലും പതിരും
പരതി
സമയം കളയുന്നവരോട്
എന്നെ ഞാനല്ലെന്നു,
അല്ലെങ്കിൽ ഞാനിങ്ങനെ ആണെന്ന്
വാദിക്കുന്നവരോട്
ഒരു വരി പറഞ്ഞോട്ടെ

നിങ്ങൾ എന്നെ അറിയുന്നില്ല
അല്ലെങ്കിലും ഞാനെന്നെ
മുഴുവൻ നിങ്ങള്ക്ക്
കാണിക്കുകയുമില്ല

നിങ്ങള്ക്ക് മുന്നില്
ഒരു കുഞ്ഞു വാതിലെങ്കിലും
എനിക്കടച്ചേ പറ്റൂ
എനിക്ക് ഞാൻ ആയേ പറ്റൂ

നല്ല പച്ച മണ്ണിന്റെ
മണമുള്ള ഞാൻ.

- ദീപു മാധവന് - 21-03-2013

Wednesday, March 13, 2013

മരണമേ

 
 
 
 
 
 
 
 
 
ചങ്ങാതീ സമയമെന്തായീ ?
ആരപ്പാ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് ?

ഞാനാ ചിത്ര ഗുപ്തന്‍

ഉവ്വോ , നീയോ അവിടെ നിന്നാല്‍ മതി
ഞാന്‍ പല്ല് തേച്ചിട്ടില്ല
കുളിച്ചിട്ടില്ല....

അതൊന്നും വേണ്ടെടെയ്‌
... ചുമ്മാ നിന്നെ ഒന്ന് കാണാന്‍ വന്നതാ
അല്ലെങ്കി പിന്നെ നിന്നെ ഉണര്തണോ ?

എങ്ങനെ പോണു നിന്റെ കണക്കെഴുതൊക്കെ ?

മോശമില്ല , മുകളീന്ന് താഴേക്കു നോക്കിയാല്‍
ആകെ ഒരു ' നീല ' മയം
എന്തോന്നെടേയ് ഇത് ?

നീ പത്രം വായിക്കണ്ട പിന്നെ
നീ താഴേക്കു നോക്കില്ല
എല്ലാറ്റിനേം ബോംബിട്ടു പിടിക്കും...

ചിരി.....
പുക.....

ഛെ ലവന്‍ പോയോ
കുറച്ചു ഉപദേശം കൂടെ കൊടുക്കനുണ്ടാര്‍ന്നു

--------------------------------------

ഇതിപ്പോ രാവിലെ തന്നെ
തലയില്‍ കുറച്ചു തത്വം വരുന്നു....

മരണമേ

നീ എന്റെ കൂടെ നടക്കുക
മുന്നിലും പിന്നിലും വശങ്ങളിലും
വന്നെന്നെ ഇടയ്ക്കിടെ
ഓര്മ പെടുത്തി കൊണ്ടിരിക്കുക
ഞാന്‍ എപ്പോഴും കൂടെയുണ്ടെന്ന്

അപ്പോള്‍

എത്ര ഉയരത്തില്‍ ഞാന്‍ പറന്നാലും
താഴെക്കിടക്കിടെ നോക്കും
നീ കൂടെ ഇല്ലേ എന്ന്
അതൊരു ഓര്മപ്പെടുതലാണ്

നീ എന്താണ് ഓര്‍ക്കുന്നത് ?

എന്റെ സമയം എപ്പോഴാനെന്നാണോ
അത് പണ്ടേ എഴുതി വച്ചതല്ലേ
നിനക്കൊരു ഉത്തരവ്
കാത്തിരിക്കേണ്ട കാര്യമല്ലേ ഉള്ളൂ...

പുന്നാരം പറഞ്ഞു സമയം പോയി ...

നീ നിന്റെ പാട് നോക്കി പോയെ
എനിക്കിവിടെ നൂറു കൂട്ടം പണിയുണ്ട്
സമയമാകുമ്പോ നിന്റെ യജമാനന്‍
ഉത്തരവിടും അന്ന് വാ....
 
13-03-13

Tuesday, March 12, 2013

കണ്ണാടി ചില്ലില്‍ കണ്ടത്





 
 
 
 
 
 
 
 


അകന്നകന്നു പോകുന്ന
കാറിന്റെ പുറകിലെ കണ്ണാടിയില്‍
തലേന്ന് രാത്രി പെയ്ത
മഞ്ഞു മഴയുടെ തുള്ളികള്‍
അപ്പോഴും ബാക്കിയായിരുന്നു

ഡ്രൈവിംഗ് സീറ്റില്‍
... നീ ഇരിക്കുമ്പോഴും
നിന്റെ കണ്ണ്
ഇടതു വശത്തെ റിയര്‍ മിററില്‍
ആയിരുന്നിരിക്കണം

ഒരു നിഴല് പോലെ
ഒരു പൊട്ടു പോലെ
അവന്‍ മാഞ്ഞു പോകും വരെ
മഞ്ഞു മൂടിയ കണ്ണാടിയിലും
നിനക്കവനെ വ്യക്തമായി
കാണാമായിരുന്നു ....

മനസ്സ് മുഴുവന്‍
കഴിഞ്ഞ കുറെ മണിക്കൂറുകള്‍
ജീവിതത്തിന്റെ
വഴി തിരുവുകളെ പറ്റി
പറഞ്ഞു തീര്‍ത്ത
മഴയായിരുന്നു
ഒരിറ്റു കണ്ണ് നീര്‍ പോലും
പൊഴിക്കാതെ പറഞ്ഞു
തീര്‍ക്കേണ്ടി വന്നു...

ആര്‍ത്തലച്ചു പെയ്തൊരു
പേമാരി പോലെ...

ശബ്ദമില്ലാതിരുന്ന കാലത്ത്
തനിക്കു വേണ്ടി
മണിക്കൂറുകള്‍ കാതോര്ത്തവന്‍
തനിക്കു വേണ്ടി മാത്രം
പാട്ടുകള്‍ പാടിയവന്‍
ജഗ്ജീതിനെ തനിക്കു
വേണ്ടി പഠിച്ചവന്‍
രാവേറെ തന്നെ നോക്കിയിരുന്നവന്‍

ഒട്ടും എളുപ്പമായിരുന്നില്ല
യാത്ര പറച്ചില്‍
പക്ഷെ അവന്റെ സ്നേഹത്തിനു
ഉയരങ്ങള്‍ ഇനിയും
ബാകിയുന്ടെന്ന തോന്നല്‍
ഞാനിനിയും ഒറ്റയ്ക്കല്ലെന്ന
തിരിച്ചറിവ്
അതിലേതുമാകാം
ആ തീരുമാനത്തിന് പിന്നില്‍

ഇത്രയൊക്കെ ഞാന്‍
പിടിച്ചു നിന്നിട്ടും
എന്റെ തോളില്‍ തല ചായ്ച്ചു
നീ പോട്ടിക്കരഞ്ഞതോര്‍ത്താല്‍ ....
ഞാന്‍ ഇപ്പോഴും ഞാനല്ലാതെയാകുന്നു.
ഒന്നിനുമാകില്ല എന്നറിയാമെങ്കിലും.

- ദീപു മാധവന്‍. 12-03-2013

Sunday, March 10, 2013

പെന്‍സില്‍












പേനത്തുമ്പില്‍
ഒന്നുമില്ലായ്മയുടെ ദിനം
ഒന്നുമില്ലായ്മയിലും
ഒരായിരം വാക്കുകള്‍
മനസ്സിനെ മനനം ചെയ്യുന്നു.....

കടഞ്ഞെടുക്കുന്ന
ഓരോ വാക്കിനും
ഓരോ പേരുണ്ട്
ഓരോ കഥയുണ്ട്
 ഒരിക്കലെങ്കിലും കടന്നു പോയ
ഒരു വഴിയുടെ എന്നോ
പരിചിതമായിരുന്ന ഓര്മകലുണ്ട്

പക്ഷെ
മുഴുവന്‍ ഇരുട്ടാണ്‌ പലയിടത്തും
കഴിഞ്ഞു പോയതും
വരാനിരിക്കുന്നതുമായ
ഓര്‍മകളുടെ കുറ്റാ കൂരിരുട്ട്

ഇരുട്ടിനെ കീറി മുറിക്കണം
ഇഴ കീറി ഓര്‍മകളുടെ
പായ നെയ്തെടുക്കണം ‍

പണ്ടെങ്ങോ ആരും കാണാതെ
വഴി വക്കില്‍ ഒളിപ്പിച്ചു വച്ച
കല്ല്‌ പെന്സിലാണ്
മനസ്സില്‍ ഓടി വരുന്നത്
കാലമെത്ര കഴിഞ്ഞിട്ടും
ഇന്നും മറക്കാത്ത
വര വീണ സ്ലേറ്റും
കല്ല്‌ പെന്‍സിലും...

ദീപു മാധവന്‍ - 10-03-2013

Tuesday, March 5, 2013

വാച്ച് ( Watch )


 









 അല്ലെങ്കിലും ഈ വാച്ച്
ഇടയ്ക്കിടെ കാണുന്നതല്ലേ
അത് കാണുമ്പോള്‍ എന്തിനാണ്
ഞാന്‍ നിന്നെ ഓര്‍ക്കുന്നത് ?

കയ്യില്‍ വാച്ചുന്ടെങ്കിലും
എന്റെ കൈ പിടിച്ച്
സമയം നോക്കിയിരുന്നത്
ഓര്മ വരുന്നേ ഇല്ല
പിന്നെ എന്തിനാണ്
ഞാന്‍ നിന്നെ ഓര്‍ക്കുന്നത് ?

അയ്യോ സമയം ഇത്രയായോ
എന്ന് പറഞ്ഞു മണിക്കൂറുകള്‍
നമ്മെ സഹിച്ച ബെഞ്ചിനെ
ഒന്ന് തിരിഞ്ഞു പോലും നോക്കാതെ
അവസാനത്തെ ട്രെയിന്‍ പിടിക്കാന്‍
നീ ഓടിയിരുന്നത് എനിക്കോര്‍മ
വരുന്നേ ഇല്ല
പിന്നെ എന്തിനാണ് ഞാന്‍ നിന്നെ ഓര്‍ക്കുന്നത് ?

നീ വരാമെന്ന് പറഞ്ഞ ദിവസം
ഒരായിരം പ്രാവശ്യം
ഞാനീ വാച്ച് നോക്കിയിരുന്നത്
എനിക്കോര്‍മ വരുന്നേ ഇല്ല
പിന്നെ എന്തിനാണ് ഞാന്‍ നിന്നെ ഓര്‍ക്കുന്നത് ?

നിന്റെ ഒരു ഫോണ്‍ കോളില്‍ നിന്നും
മറ്റൊന്നിലേക്കുള്ള ദൂരം
എത്ര എന്ന് സെക്കന്ഡ് സഹിതം
കാണിച്ചു തന്നിരുന്നതോന്നും
എനിക്കൊര്മയെ ഇല്ല
പിന്നെ എന്തിനാണ് ഞാന്‍ നിന്നെ ഓര്‍ക്കുന്നത് ?

നീയില്ലാതെ ഇരിക്കുമ്പോള്‍
ഞാനീ വാച്ച് നോക്കി
കടന്നു പോയ ദിവസങ്ങളും , വര്‍ഷങ്ങളും
ഒന്നും എനിക്കൊര്മയെ ഇല്ല
പിന്നെ എന്തിനാണ് പെണ്ണെ
ഈ വാച്ച്ലൂടെ വന്നെന്നെ
നേരമില്ലാ നേരത്ത് ചുമ്മാ കെട്ടിയിടുന്നത് ?

- ദീപു മാധവന്‍ 06-02-2013

Wednesday, February 27, 2013

ആദരാന്ജലികള്‍


 
 
 
 
 
 
 
 
 
 
-------------------------

നിന്നെ ഞാന്‍ കണ്ടിട്ടില്ല
നിന്നോട് ഞാന്‍ മിണ്ടിയിട്ടില്ല
എന്തിന് നീ എന്റെ
സുഹൃത്ത്‌ കൂടെ അല്ല
പക്ഷെ ഏതൊരു
ഫോടോഗ്രാഫരുടെയും സ്വപ്നം
... മാനത്ത് പൊട്ടി വിരിയുന്ന
തീപ്പൊരി ചാലിച്ച വര്‍ണ്ണക്കുടകള്‍
വരകള്‍ , കുറികള്‍....
അവയെ കണ്ണു കൂര്‍പ്പിച്ചു
നീയിരിക്കുമ്പോള്‍
പുറകിലൂടെ പാഞ്ഞു വന്ന
വിധിയുടെ ചൂളം വിളി
നീ കേള്‍ക്കാതെ പോയല്ലോ...
അപരിചിതരായിട്ടു കൂടെ
ആ വാര്‍ത്ത‍ മനസ്സിനെ മുറിവേല്‍പ്പിക്കുന്നു
ചിത്രങ്ങളെ സ്നേഹിക്കുന്ന
അവയെ പകര്‍ത്താന്‍ ഇഷ്ടപ്പെടുന്ന
ഒരു എളിയ
സഹോദരന്റെ ബാഷ്പാനജലികള്‍
ഇനി നീ നിന്റെ ചിത്രങ്ങളിലൂടെ ജീവിക്കും
ഓര്‍മകള്‍ക്ക് മരണമില്ലാത്ത കാലം വരെ.

Sunday, February 24, 2013

ഓര്‍മകളില്‍ ഒരു നിമിഷം.


 
 
 
 
 
 
 
 
 
 

 
 
 
 
 
 
 
 
രാവിന്റെ നിലാവെളിച്ചത്തില്‍
അന്തമില്ലാതെ നാം നടന്നു തീര്‍ത്ത
തെരു വഴികള്‍
നാം കയറി ഇറങ്ങിയ
പീടിക തിന്ണകള്‍, കൊട്ടകകള്‍
കടലോരം
...
അവിടെ എവിടെയോ നാം
നമ്മെ തന്നെ മറന്നു വച്ചിരിക്കുന്നു....
ഓര്‍മകളില്‍ തിരിച്ചു വരാവുന്നവ
അന്ന് ഉറപ്പു തന്നത് പോലെ
ഇന്നലെയും വന്നിരുന്നു

പുലര്‍ച്ചെ ഇനി മിണ്ടരുതെന്ന്
പറഞ്ഞു നീ തല്ലിയുടച്ച ചില്ലലാറം
ഇപ്പോഴും എവിടെയോ
കിടന്നു മണി മുഴക്കുന്നു

ആ നുറുങ്ങു ചില്ലുകള്‍
ഇപ്പോഴും എവിടെയോ
കോറി വരയ്ക്കുന്നു
എന്നെ മൂന്നു വട്ടം മുറുക്കെ
കെട്ടി പിടിക്കുന്നു വേദനിപ്പിക്കാതെ...

അടുത്ത സീനില്‍
കാറ്റില്‍ പായുന്ന
ഇരുചക്ര ശകടത്തില്‍
രണ്ടു മൌനത്തിന്റെ ആത്മാക്കള്‍
ഒരായിരം വട്ടം ഞാന്‍ എങ്ങോട്ടുമില്ല
എന്ന് നീ പറയുന്നതെനിക്ക്
ഇപ്പോഴും കേള്‍ക്കാം

കണ്ണുകള്‍ സെല്‍ഫ് ഡ്രൈവ് മോഡിലിട്ടു
ഞാന്‍ യന്തിരനെ പോലെ
തല തിരിച്ചു നിന്നെ നോക്കി
അങ്ങനെ ഇരിക്കും

റെയില്‍വേ സ്റ്റേഷന്‍ കാണുമ്പോള്‍
നീ എന്നെ നുള്ളിയുനര്തും
ടിക്കെറ്റ് എടുക്കാന്‍ നീ വരിയില്‍
നില്‍ക്കുമ്പോള് നീ ചൂളം വിളിയില്‍
കൈ വീശി കടന്നു പോകുമ്പോള്‍ ‍
ഞാന്‍ ഒരു വരി പോലെ വീണ്ടും
തിരക്കുകളുടെ നഗരത്തില്‍ ലയിച്ചു ചേരും....

ഓര്‍മകളില്‍ നിന്നുണരുന്നു
ലോകേഷന്‍ ചെറിയ ഒരു മാറ്റം
മണല്‍ കാടുകളില്‍ ആണ്
അടുത്ത സീന്‍.

ശുഭം.

ദീപു മാധവന്‍ - 24-02-2013

Tuesday, February 19, 2013

ഓര്‍മ്മകള്














ഓര്‍മകളില്‍ ഒരിളം കാറ്റായി നിന്നെ തഴുകാന്‍
ഒരു പുഴയായി നിന്നെ ഉണര്‍ത്താന്‍
ഒരു ചാറ്റല്‍ മഴയായി നിന്നെ -
തലോടാന്‍.. കൊതിച്ചു പോകുന്നു ഞാന്‍..

വെറുതെ വീണു കിട്ടുന്ന -
നിമിഷങ്ങലത്രയും ഞാനെന്നെ തന്നെ
പണയം വക്കുകയാണ്, അതിന്റെ -
പലിശ എത്രതോലമെന്നറിയാതെ ...!

നടന്നു തീര്‍ക്കുവാനുള്ള വഴികള്‍ -
അതിനേക്കാള്‍ ഇന്നെന്നെ
വേട്ടയാടുന്നത് , നടന്നു തീര്‍ത്ത
വഴികളാണ്...

മഞ്ഞു പെയ്യുന്ന ഒരു ജനുവരിയുടെ
പ്രഭാതം , മൂടുപടമണിഞ്ഞു നീയെന്നെ
തിരഞ്ഞു നില്‍ക്കുന്ന -
ആ കാഴ്ച...
പരിചിതരല്ലാതിരുന്നിട്ടു കൂടി -
ജന്മാന്തരങ്ങള്‍ ഒരുമിച്ചു പിന്നിട്ട പോലെ
ഒരു യാത്ര , നിമിഷങ്ങള്‍ യുഗങ്ങളായി
തള്ളി നീക്കിയ ഒരു പകല്‍,
അതിലും നീണ്ട ഒരു രാത്രി...

ഭാവിയെ വെല്ലു വിളിച്ചു കൊണ്ട്
വര്തമാനതിലെരി ഒരു സ്വപ്നാടനം;
പിന്നെ പറിച്ചു നടാന്‍ വയ്യാത്ത
ഒരു മരമായി നീയെന്നില്‍ പടര്‍ന്നു -
കയറുകയായിരുന്നു...

സ്വബോധം പലതിനെയും -
തടയുവാന്‍ ശ്രമിക്കുമ്പോഴെല്ലാം
നിന്റെ ചുടു നിശ്വാസങ്ങള്‍ എന്നെ
മുറുകെ പുണര്‍ന്നു കൊണ്ടേയിരുന്നു..
ഞാന്‍ വീണ്ടും നിശയുടെ മാറില്‍ -
തളര്ന്നുരങ്ങിക്കൊണ്ടിരുന്നു ...

ഋതുക്കള്‍ പലയാവര്‍ത്തി വന്നു -
മറഞ്ഞു കൊണ്ടിരുന്നു ..
ഞാനും നീയും അപ്പോഴും -
ആ നനുത്ത മഞ്ഞിന്റെ മറവില്‍ ;
സ്വപ്‌നങ്ങള്‍ പണിതു കൊണ്ടേയിരുന്നു..

പ്രണയം അതിന്റെ മാസ്മര -
ചിത്രം നമ്മില്‍ കര വിരുതോടെ
ചലിച്ചു കൊണ്ട് അതിന്റെ -
പുതിയ ലോകം തീര്‍ക്കുകയായിരുന്നു..
ഋതുക്കള്‍ക്ക് നാണിച്ചു ചിരിക്കാന്‍ വീണ്ടുമൊരു -
പ്രണയ വസന്തം....

ഒരു സ്വപ്നത്തില്‍ ചിറകിലേറി
വരുന്ന നിന്റെ കൈവിരലുകള്‍
ഇന്നും എന്നെ തലോടിക്കൊന്ടെയിരിക്കുന്നു...
എന്നത്തേയും പോലെ എന്നെ -
ഉറങ്ങുവാന്‍ വിടാതെ....
ഞാന്‍ വീണ്ടു നിന്നിലേക്കമരുന്നു......

ദീപു മേലാറ്റൂര്‍.

Sunday, February 17, 2013

ദെമൊക്ലീസിന്റെ വാള്‍














വിചാരണകള്‍ കേള്‍ക്കാന്‍
കോടതികളില്ലാത്ത നേരം
ഇനി ;
കൈ വിടാന്‍ ഇനി
ദൈവം മാത്രം;
കൂട്ടിയും കിഴിച്ചും
ദൈവത്തിനു
കിട്ടാവുന്ന ഉത്തരത്തില്‍
പല സാധ്യതകളുണ്ട്
അതിലൊന്ന് ഞാനൊഴികെ
ആര്‍ക്കും കാണാന്‍
കൌതുകം തോന്നാം
ഞാന്‍ ഇപ്പോഴും കാണുന്നു
നെറുകിനു തൊട്ടു മുകളില്‍
തൂങ്ങി നില്‍ക്കുന്ന
ഒരു കൂര്‍ത്ത വാള്‍
ആ ചരടിന്റെ അറ്റമാണ്
ദൈവത്തിന്റെ കൈകള്‍
സൃഷ്ടിക്കാനും
സംഹരിക്കാനും
പോന്ന ദൈവത്തിന്റെ കൈകള്‍ ..!!


ദീപു മേലാറ്റൂര്‍   18-02-2013



 

എന്നെ പറ്റി, എന്നെ പറ്റി




സീന്‍ ഒന്ന്

എന്നെ പറ്റി എഴുതാറുണ്ടോ ?
എന്നെ പറ്റി എഴുതാമോ ?

നിന്നെക്കുറിച്ചു ഞാന്‍ എന്തെഴുതാനാണ് ?
നമ്മുടെ പ്രണയത്തെക്കുറിച്ച്
ഞാന്‍ ഇനി എന്ത് പറയാനാണ്
എന്റേതെന്നു തോന്നിചെന്നും കൊതിപ്പിച്ചു
പെയ്തു തോരുന്ന മഴയെപ്പോലെയായിരുന്നു
നമ്മുടെ പ്രണയവും നീയും....

ഞാന്‍,
പ്രണയത്തിന്റെ താളുകളില്‍ എന്തൊക്കെയോ
കുത്തിക്കുറിക്കുവാന്‍ വിധിക്കപ്പെട്ട
ഏകാന്ത പഥികനും .

ഞാനും നീയും നമ്മുടെ പ്രണയവും
ഒരുമിച്ചു നീന്തിയ പുഴ
ഇപ്പോള്‍ തണുത്തുറഞ്ഞു ,
അലയോടുങ്ങി ശാന്തമായുരങ്ങുകയാണ്...
നാം പല കുറി
ഇമവെട്ടാതെ നോക്കിയിരുന്ന
മീന്‍ കുരുന്നുകളും
പായല്‍പ്പടര്‍പ്പില്‍ നമ്മെ
നാണത്തോടെ നോക്കി നിന്നിരുന്ന ആമ്പല്‍ പൂവും
ഒക്കെ കഴിഞ്ഞ കാലത്തിന്റെ
ജീവനില്ലാത്ത ഓര്‍മ്മകള്‍ മാത്രമാണ്

ചുട്ടു പൊള്ളുന്ന മണലാരണ്യത്തില്‍ ,
പ്രണയ മഴയെവിടെ
മഴ പോലും, പലപ്പോഴും -
മൌട്യമായ ഒരു സ്വപ്നം മാത്രമാണ്....

സീന്‍ രണ്ട്

നീയും പ്രണയവും അന്നിറങ്ങി പോയ ശേഷവും
ഇവിടെ പ്രണയമുണ്ട് , മഴയുണ്ട്
രാവുണ്ട് പകലുണ്ട് മാനത് നക്ഷത്രങ്ങളുണ്ട്
ഋതുക്കള്‍ മിന്നി മായുന്നുണ്ട്

വേദന തോന്നുന്നെന്നോ ?

മുഖം മറയും വിധം
കൈകള്‍ കൊണ്ട് പൊതി
ആകാശത്തെ മറച്ചു പിടിക്കുക...
ഇനി ആകാശം കാണരുത്
മഴ കാണരുത്
നിലാവും, നക്ഷത്രങ്ങളും ഒന്നും കാണരുത്...

അങ്ങനെ നിന്നില്‍ അന്ധത പടരുമ്പോള്‍
നിനക്ക് വീണ്ടും
എന്നില്‍ മാത്രം പെയ്യുന്ന കുഞ്ഞു
ചാറ്റല്‍ മഴയായ് എന്നിലേക്ക്‌
തന്നെ മടങ്ങി വരാം...

എനിക്കും നിനക്കും
നമ്മുടെ പ്രണയത്തിനും
മാത്രം കാണാവുന്ന
വല്ലപ്പോഴും സംഭവിക്കുന്ന
ഒരു കുഞ്ഞു കൊള്ളിയാന്‍ പോലെ...
അപ്പോള്‍ മുത്തശ്ശി പറയാറുള്ളത്
പോലെ മനസ്സില്‍ എന്തെങ്കിലും ആഗ്രഹിക്കണം
അത് നടക്കുമത്രെ....
ഒരു സ്വപ്നം പോലെ പ്രണയമേ
നീ എന്നില്‍ തന്നെ നില കൊള്ളുക....
എന്തെങ്കിലുമൊക്കെ ഇടക്കെങ്കിലും
ഇങ്ങനെ കുത്തി വരച്ചു കൊണ്ടിരിക്കാന്‍ ....

ദീപു മാധവന്‍. _ 17 -07 -2012 _ TUESDAY 16 :42

പ്രണയം




പ്രണയം എന്ന വാക്കിന്
ഇത്രയും കൂര്‍ത്ത വശങ്ങളുണ്ടെന്നു
ഞാനറിയുന്നത് ഇന്നാണ്..
പ്രണയമിന്നു അതിന്റെ ,
മൂര്‍ത്തീ ഭാവത്തിലാണ് എന്നെ,
വേട്ടയാടുന്നത്...
ചിന്തകള്‍ ശരവേഗത്തിലാണ്
സഞ്ചരിക്കുന്നത്..


പലതിന്റെയും ഒടുക്കം
ധൂമ പാളികളില്‍ , അതുമല്ലെങ്കില്‍
ലഹരി നുരയുന്ന നിമിഷങ്ങളില്‍....
കടിഞ്ഞാണിടാന്‍ കഴിയാത്ത
ചിന്തകളുടെ തടവുകാരനാനിന്നു ഞാന്‍...

ദിന രാത്രങ്ങലോടെനിക്കിന്നു മതിപ്പില്ല..
രാത്രിക്കും പകലിനും ഒരു കണ്ചിമ്മലിന്‍-
ദൈര്‍ഘ്യം മാത്രം..


ഋതു ഭേദങ്ങള്‍ ഞാനറിയുന്നെയില്ല
കാരണം, എന്നിലെ പ്രണയത്തിന്റെ ചൂട്
അവയെയൊക്കെ എരിച്ചു കളഞ്ഞു,
എന്നില്‍ പുതിയ ഋതുക്കള്‍ ചമയ്ക്കുന്നു...
ഇത് വരെ അറിയാത്ത ഉന്മാദത്തിന്റെ ഋതുക്കള്‍..

ദീര്‍ഘ നിശ്വാസങ്ങള്‍ക്കും ,
മനസ്സ് തുളക്കുന്ന ചിന്തകള്‍ക്കും മുന്നില്‍
പലപ്പോഴും ഞാന്‍ നിശബ്ദനാകുകയാണ്
ഒന്ന് നിലവിളിക്കാന്‍ പോലുമാകാതെ
ഞാന്‍ കീഴക്കപ്പെടുകയാണ്..
പിടയുന്ന മനസ്സിനോട് , കുറെയേറെ
പറയണമെന്നുണ്ട് , പക്ഷെ ഒന്ന്
സാന്ത്വനിപ്പിക്കുവാന്‍ പോലും
ഞാനിന്നശക്തനാണ്..

തിറ കെട്ടിയാടുന്ന പകലുകള്‍
കൂര്‍ത്ത ദംഷ്ട്രകളില്‍ നിണം-
മണക്കുന്ന ചിത്രങ്ങളായി
ചടുല രാത്രികള്‍...

നിദ്ര എനിക്കിന്ന് തീണ്ടാപ്പടകലെയാണ്,
ഉറക്കമില്ലാത്ത രാത്രികള്‍ എനിക്ക് സമ്മാനിക്കുന്നത്
പലപ്പോഴും ഉന്മാടതിലെക്കുള്ള വഴികള്‍ മാത്രമാണ്...
ഒരു സ്വപ്നം പോലെ ആ വഴികലെന്നുമെന്നെ
പ്രലോഭിപ്പിക്കുന്നു....

മുപ്പത്തി മുക്കോടി ദൈവങ്ങളോടും..
ഒരപേക്ഷ,
ഞാനെന്ന പാന പാത്രത്തിലെ,
അവസാനത്തെ തുള്ളി വീഞ്ഞും, വലിച്ചു -
തീര്‍ക്കുവാന്‍ എന്റെ പ്രണയത്തെ അനുവദിക്കുക..
പിന്നെയെനിക്ക്‌ വേണ്ടത് ഉറക്കമാണ്,
ഇടവേളകളില്ലാത്ത ഒരുറക്കം...

- ദീപു മേലാറ്റൂര്‍.

അടയാളങ്ങള്‍.





കിളികള്‍ ചിലക്കുന്ന ഒരു നനുത്ത-
പ്രഭാതത്തില്‍ ഞാനൊരു യാത്ര പോകും..
കാടുകളും മലകളും പുഴകളും
താണ്ടി ഏകാനായങ്ങനെ...
കുറെയേറെ ചെല്ലുമ്പോള്‍ ഞാനൊരു
കുഞ്ഞരുവി കാണും...
അതിന്റെ തീരത്ത് ഞാനൊരു കുടില് കെട്ടും..
മുള കെട്ടി , പുല്ലു മേഞ്ഞൊരു
വള്ളിക്കുടില്‍...
താഴ്വാരത്ത് മേയാന്‍ വരുന്ന
മാന്‍ കുട്ടികളോട് ഞാന്‍ കിന്നാരം പറയും...
അരുവിയില്‍ ദാഹം തീര്‍ക്കാന്‍ വരുന്നവരോട് ഞാന്‍
എന്റെ ഹൃദയം തുറക്കും...
അവര്‍ തിരിച്ചരിയില്ലെങ്കിലും...!
പകലുകള്‍ രാത്രികളങ്ങനെ
പൊഴിഞ്ഞു കൊണ്ടേയിരിക്കും...
എന്റെ കുടിലിന്റെ ഉമ്മറത്തിരുന്നു ഞാന്‍
അന്ന് വരെ കാണാത്ത ഉദയാസ്തമനങ്ങള്‍ കാണും...
അങ്ങിനെ ഒരു നാള്‍ നിലാവുള്ള
ഒരു രാത്രിയില്‍ എന്നെത്തേടി ഒരാള്‍ വരും...
എങ്ങു നിന്നോ ഒരാള്‍...
കാരണം, ഞാനെന്റെ വഴികളില്‍ -
ഒരാള്‍ക്ക്‌ വേണ്ടി മാത്രം,
അടയാളങ്ങള്‍ സൂക്ഷിച്ചിരുന്നു...!!

_ ദീപു മേലാറ്റൂര്‍

രാത്രി



ഈ കുത്തി നോവിക്കുന്നവയെല്ലാം
ഒരാവര്‍ത്തി കടന്നു പോയവയാണ്...
എങ്കിലുമീ ഏകാന്തത;
ഹൃതിലോരായിരം കൊടുങ്കാറ്റിന്റെ
വിത്തുകള്‍ പാകുമ്പോള്‍;
നിന്‍ മൌനം പോലും ഒരായിരം-
ഗദ്ഗദങ്ങളാകുമ്പോള്‍
ഞാന്‍ തളര്‍ന്നു തുടങ്ങുന്നു....

ജീവിതം പൊടി പിടിച്ചു തുടങ്ങിയ-
ഒരായിരം താളുകളില്‍
നിന്നെയും എന്നെയും കേവലം
വെറുമന്യരാക്കുമ്പോള്‍
വേദനയുടെ പൂക്കള്‍ നമ്മെ നോക്കി-
വീണ്ടും തളിര്‍ത്തു തുടങ്ങുന്നു,
വേദനയുടെ വസന്തം...!

ശൂന്യത നിന്റെയുമെന്റെയുമിടയില്‍-
ചിറകടിച്ചാര്‍ക്കുമ്പോള്‍ നാം
നിശബ്ധരാക്കപെടുകയാണ്...
ഇന്ന് നിന്‍ ശിരസ്സു നനചൊഴുകുമീ-
മഴ വെറും സ്വപ്നമെന്നറിയാം...

എങ്കിലുമീ സ്വപനങ്ങളിലെന്റെ
പേര് ചൊല്ലി വിളിക്കുമെന്റെ
പ്രണയമേ
എനിക്കുറങ്ങണം;
ഈ തണുത്തുറഞ്ഞ വീഞ്ഞ് പാത്രം
എന്റെ കണ്ണുകളെ ;
കീഴടക്കും മുന്‍പേ....

ദീപു മാധവന്‍ 12 -03 -2012

വെറുതെയെങ്കിലും.





















ഇരമ്പിയാര്‍ക്കുന്ന കടലിന്റെ -
നടുവിലാണ് നാമെന്നറിയാം , എന്നാലും
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..
മധുരമൂറുന്നവയല്ല എന്നറിയാം
എങ്കിലും നമുക്കിടയില്‍ മൊഴികള്‍
പൂട്ടി വയ്ക്കാതിരിക്കുക..

അകലമുന്ടെങ്കിലും ഇടയ്ക്കിടെ പുല്‍കുന്ന-
തിരകളെ നോക്കുക
നുരയും പതയുമൊന്നിച്ചു ചെന്ന് കരയെ പുല്‍കി
സായൂജ്യമടയുവാന്‍ വെമ്പുന്ന
രണ്ടാത്മാക്കളെപ്പോലെ..
പിന്നെയും കിതച്ചു കൊണ്ടാര്‍ത്തു -
പായുന്ന ജല രാശിയെ നോക്കുക...
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..


ഇഴ പൊട്ടിയലയുന്ന പട്ടങ്ങള്‍ പോലെ -
ഏതോ വെളിച്ചം തേടി നീങ്ങുന്ന
നൌകകളെ നോക്കുക..
നമുക്കിടയില്‍ ഇടറുമോച്ച പോലെ നീങ്ങുന്ന
തിരകളെ വരിഞ്ഞു മുറുക്കി ;
അവ തീരമനയുന്നത്‌ കാണുക..
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..

എത്ര പാറ്റിക്കൊഴിച്ചിട്ടും പിന്നയൂം -
മണല്‍തരികള്‍ കയ്യില്‍ തടയുന്നുവെന്നറിയാം
എത്ര തുഴഞ്ഞിട്ടും നമ്മുടെ കൈകള്‍ -
പുറകിലേക്ക് വളിക്കുകയാണീ തിരകളെന്നറിയാം ...
നമുക്ക് താണ്ടാന്‍
കടലാനന്തമെന്നറിയാം ...

കടല്‍ പിളര്ന്നീടുമോ ?
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..
മാനത്ത് കരിങ്കാര് കോപ്പു കൂട്ടി -
തുടങ്ങുന്നുന്ടെന്നരിയാം....
കടല്‍ക്കാക്കകള്‍...നമുക്ക് മുന്നേ
പറന്നു ചേക്കേറുവാന്‍ വെമ്പുന്നുന്ടെന്നരിയാം
ആര്‍ത്തലച്ചു പേമാരി നമുക്ക് മുന്നേ -
പെയ്തു തോരുന്നുണ്ടെന്നരിയാം.. ; എന്നാലും
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..

തിരകളില്‍ പൊങ്ങിയും താണും
ചുഴികളില്‍ വീനുഴറിയും
നാമൊരു തീരമെതുമ്പോഴരിയാം
കടല്‍ സഞ്ചാരികളൊക്കെയും
എത്തിചേരുന്നത് ഒരേ മുനംബിലാണെന്ന്--
പ്രത്യാശയുടെ സൂര്യനപ്പോഴേക്കും
അസ്തമിച്ചു തുടങ്ങിയിരിക്കും

എങ്കിലും
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..!!

- ദീപു മേലാറ്റൂര് 28-02-2012‍

ക്ഷണികം






















തെളിവുകള്‍ നിരത്താന്‍ അധികമില്ലാത്ത
ഒരു ഭൂതകാലത്തിന്റെ ഓര്‍മയ്ക്കായി
ഞാന്‍ നിനക്കെന്താണ് കൂടുതല്‍ നല്‍കേണ്ടത് ?
കറ പുരണ്ട ഓര്‍മകളുടെ
ഹൃത് താളുകലല്ലാതെ...
 
മൌനം കഥ പറഞ്ഞ ഒരായിരം
നിമിഷങ്ങളുടെ അക്കമിട്ടു നിരത്തിയ കണക്കുകളോ ?
ഒരായിരം ഉപ്പു പാടങ്ങളുടെ കണക്കുകളോ ?
ഇവയൊക്കെ കൂട്ടി വായിക്കുമ്പോളും
കാഴ്ചകളെ മറക്കുന്ന വ്യര്‍ത്ഥമാം ഓര്‍മകളുടെ
കണക്കുകളോ ?
 
ഇവയൊക്കെ ഞാന്‍ എവിടെ നിന്നാണ് കാണിക്കേണ്ടത് ?
കണക്കുകള്‍ സൂക്ഷിക്കാന്‍
അറിയാത്തതായിരുന്നു എന്റെ തെറ്റ്...
ഒരായിരം കണക്കുകള്‍ നീ സൂക്ഷിക്കുമ്പോഴും...!!
 
ജീവിതം ഇങ്ങനെയാണ് കഴിഞ്ഞു പോയ
കണക്കുകള്‍ ചോദിച്ചു കൊണ്ടേ ഇരിക്കും
വരാന്‍ പോകുന്ന കണക്കുകള്‍
നാം ജീവിതത്തോട് കേഴുന്നത് കേള്‍ക്കാതെ....
 
ഇല്ല സഖീ നിനക്ക് തരാനിനി
എന്‍ കറ പുരണ്ട ഹൃത് താളുകളെ
കൂടാതെ മറ്റൊന്നും....
ഇനിയൊരു യാത്രയില്‍
നാമിരുവരും കണ്ടു മുട്ടും വരെ...
 
 
ദീപു മേലാറ്റൂര്‍._ 31 -07 -2012 _ 10 :28

Wednesday, February 6, 2013

നീല

നീല ചിത്ര ശലഭങ്ങള്‍
മാത്രം വന്നിരിക്കുന്ന
മരമുണ്ടത്രേ ഒരിടത്ത്..
നിലാവിന്റെ
നനുത്ത യാമങ്ങളില്‍
ആ മരം
നീലയായോഴുകി
ആകാശത്തില്‍ ലയിക്കുമത്രെ
എനിക്കും നീലയാവണം
നീല നിറമുള്ള
ഒരു കുഞ്ഞു
ചിത്ര ശലഭം
എന്നിട്ടതു പോലെ
പോയി
ആകാശത്ത്
ഒട്ടി പിടിച്ചു കിടക്കണം
അങ്ങനെ ഞാനും
നീലയില്‍ ലയിക്കുന്നു.

വേലിയേറ്റം


 കടല് തിരിച്ചോഴുകുന്നു
ഇനിയും തിരിച്ചറിയാത്ത
ഏതോ ബീജത്തിന്റെ
ഒഴുക്കും തേടി...

ഉഴുതു മറിച്ചിട്ട
... ഗോതംബ് പാടങ്ങള്‍
കടന്നാല്‍ പിന്നെ മലകളാണ്

കഴിഞ്ഞു പോയ
ഒരു വസന്തത്തിന്റെ
തിരുശേഷിപ്പുകള്‍ ശിരസ്സില്‍ ചൂടി
തലയുയര്‍ത്തി നില്‍ക്കുന്നവര്‍


മരങ്ങളില്‍ നിറയെ
വിരല്‍പ്പാടുകള്‍ കാണാം
തലങ്ങും വിലങ്ങും
രക്തം കട്ട പിടിച്ചിരിക്കുന്നു....

ഒളിച്ചിരിക്കുന്ന മലകള്‍ക്കും
മരങ്ങള്‍ക്കുമിടയില്‍ എവിടെയോ
താന്‍ തേടുന്ന ബീജത്തിന്റെ
ഉറവിടം ഒളിച്ചിരിക്കുന്നുണ്ട്...

പക്ഷെ കടലിനു തിരിച്ചിറങ്ങാന്‍
സമയമായിരിക്കുന്നു
വേലിയേറ്റം കഴിഞ്ഞെന്നു സമാധാനിച്ചു
ഇനി ഉറങ്ങാം.

- ദീപു ‍

Thursday, January 31, 2013

തിരിച്ചു വീശുന്ന കാറ്റ് ( കാരണം വിചിത്രം )

31-01-2013

ആറു  വര്‍ഷങ്ങള്‍ക്കിപ്പുറം  അന്നൊരു സ്വപ്നം പോലെ തുടങ്ങി വച്ച ഈ ബ്ലോഗ്‌ പേജ് ഇന്നൊരു പുനര്‍ ചിന്തനം പോലെ തുറന്നു വെക്കുമ്പോള്‍ ഒരു വരി എഴുതി തുടങ്ങുമ്പോള്‍ എന്നില്‍ അലയടിക്കുന്ന കഴിഞ്ഞ ആറു  വര്ഷം ഒരു കാന്‍വാസ്  പോലെ എന്നില്‍ ഒരു ഫിലിം  റോള് പോലെ എന്നെ വലയം ചെയ്യുകയാണ്.....എവടെ തുടങ്ങണം എന്നറിയാതെ പണ്ട് യുവജനോത്സവ വേദിയില്‍  നിന്നത് പോലെ ഒരവസ്ഥ.

കാലം ഒരുപാട്‌ മാറ്റങ്ങള്‍ എന്നില്‍ വരുത്തിയിരിക്കാം എന്നെ ഇവിടെ തിരിച്ചു വരുത്തിയതും കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ഓടി സ്ഥലം പിടിച്ച ഒരു നവ മാധ്യമം കാരണം....ഒന്നില്‍ നിന്നോന്നിലേക്ക് തുടരുന്ന യാത്ര...തെറ്റില്‍ നിന്നും ശരിയിലേക്കും ശരിയില്‍ നിന്നും തെറ്റിലെക്കും മടങ്ങാന്‍ , മയക്കുന്ന മായിക "ഇ" യാത്ര...

വരച്ചു തുടങ്ങിയ ചിത്രങ്ങളില്‍ കാലം വരുത്തിയ മാറ്റം സ്വാഭാവികം കൂടെ കണ്ട കൈകള്‍ പൂര്‍വ സൂരികളുടെ കാല്‍പ്പാടുകള്‍ ഇന്നും എന്നെ ഈ വഴി കൊണ്ട് വരുന്ന കാരണങ്ങള്‍...അനുഗ്രഹിക്കുക ആശീര്‍വധിക്കുക ....തെറ്റും ശരിയും ചൂണ്ടി കാണിച്ചു ഒരു കുഞ്ഞു ചൂരല്‍ വടിയുമായി തല്ലാതെ തള്ളി എന്നെ മുന്നോട്ടു നയിക്കുക..... ( ബ്ലോഗ്‌ പുലികള്‍ എന്നെ കണ്ടതായി ഭാവിക്കണ്ട എന്നാലും കാണുമ്പോ ഒരു കുഞ്ഞു പുഞ്ചിരി....നിന്നെ പിന്നെ കണ്ടോളം എന്നാ ഒരു വല്യേട്ടന്‍ പുഞ്ചിരി ഞാന്‍ ആഗ്രഹിക്കുന്ന ഒരു ചിരി ബാകി വക്കുക...)   

സസ്നേഹം 

ദീപൂസ്