Saturday, November 22, 2008

പിൻവിളി


നടന്നു തീർത്ത വഴികൾ-
പുറകിലേക്കു നടക്കുവാൻ
പറയുംബോഴാണ്, മിക്കപ്പോഴും
എനിക്കു വഴി തെറ്റുന്നത്

കണ്ടുവച്ച മൈൽക്കുറ്റികളും
തണൽ മരങളുമൊക്കെ
ഒരു പാടു മാരിയിരിക്കുന്നു
അല്ലെങ്കിൽ,
മാറ്റപ്പെട്ടിരിക്കുന്നു..

വളവിനിപ്പുറത്തെ
സെമിത്തേരിക്കു മാത്രം
ഒരു മാറ്റവുമില്ല, തുരുംബെടുത്ത
ഗെയ്റ്റും, കുരിശുകളും
ഒക്കെ പഴയ പോലെ തന്നെ..

ഇനിയും
നടക്കാമെന്നു വച്ചാൽ
കുറ്റാകുറ്റിരുട്ടാണ്
വഴി ഇടുങ്ങി വരുന്നു
ചാവാലിപ്പട്ടികൾ എന്തോ-
കണ്ടതു പോലെ മോങ്ങുന്നു...

വഴി തെറ്റിയിട്ടും
ദൂരത്തു കാണുന്ന
ആ പൊട്ടു വെളിച്ചം
ഒരു വിളി പോലെ
പക്ഷെ , അടുത്ത നിമിഷം
ഞാൻ തിരിച്ചു നടക്കുകയായിരുന്നു..
അതു വേണമായിരുന്നു....!!!
അതായിരുന്നു ശരി....

ദീപു മേലാറ്റൂർ 19.02.08

ഇടവേള - 5 മാസം 6 ദിവസം



എവിടെ വച്ചാണ് എന്റെ-

വാക്കുകൾക്കു മുറിവേറ്റത് ?

എവിടെയാണ് എനിക്കു തിരശീലക്കു പിന്നിൽ

മറയേണ്ടിവന്നത് ?



എന്തു മോന്തിയാണിന്നുവരെ-

യെന്റെ തൂലികയുടെ കാഴ്ച

നഷ്ടപ്പെട്ടത് ?



തിളക്കുന്ന നെഞ്ചിലെ

ലാവ തന്നെയായിരുന്നു പലതും

ഇനിയേതു കണ്ണിന്റെ

ഇനിയേതു കിണറിന്റെ

ഇനിയേതു ചങ്കിന്റെ ,

ആ‍ഴങ്ങളിലാണു ഞാൻ-

എന്നെ തിരയേണ്ടത് ?



എല്ലാം വറ്റി വരണ്ടു -

കിടക്കുകയാണ്...

ഒരു മഴ കാത്തു കിടക്കുകയാണ്

ഞാനും...!


മരങ്ങൾക്കിടയിൽ നിന്നും

നിങളെന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കണം.

മിന്നൽ പോലൊന്നു നമ്മെ -

വന്നു പുണരും..

ചിലതു കരിഞ്ഞുണങ്ങും

ചിലതു തളിർക്കും 'കൂണു' പോലെ

കാത്തിരിക്കുന്നു...


5 മാസത്തെ ഇടവേളക്കു ശേഷം 21.11.08 ദീപു മേലാറ്റൂർ


Friday, February 8, 2008

ഇന്നത്തെ പത്രം


അടിയന്തിരാവസ്ഥയും

രാജിയും

ബോംബും

പീഡനക്കോളവും

തമ്മില്‍ തല്ലും

ജയവും തോല്‍വിയും

തുടക്കവും ഒടുക്കവും

ബന്ധങ്ങളും ബന്ധനങ്ങളും

..............etc..etc...


‘സത്യവും നുണയും’

ഒക്കെയുണ്ടായിരുന്നു


പാവം മുരുകേട്ടന്റെ

ലോട്ടറി നംബര്‍

മാത്രം ഇന്നും-

കാ‍ണുന്നില്ലായിരുന്നു...


മുരുകേട്ടന്‍ പറഞ്ഞു

നാളെ തീര്‍ച്ചയായും

കാണും...


ഒരു നേര്‍ക്കാഴ്ചയുടെ ഓര്‍മക്ക്....


ദീപു മേലാറ്റൂര്‍ 19/11/07 12.01 am

Sunday, February 3, 2008

ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ..


ഓര്‍മകള്‍ തന്നെയാണ്
പലപ്പോഴും യഥാര്‍ത്ഥ പ്രശ്നം
ചിലതു ചിരിപ്പിക്കുന്നു
ചിലതു ചിന്തിപ്പിക്കുന്നു
മറ്റു ചിലതോ..പൊട്ടിക്കരയിക്കുന്നു

ഓര്‍മകളില്ലാത്ത ലോകം..!!
ഒന്നു ചിന്തിക്കുക
ഒന്നുമോര്‍ക്കാതെ,
വിലങ്ങുകളില്ലാതെ
അങ്ങിനെ അങ്ങിനെ...

എല്ലാം ശൂന്യം..!!
വെളുത്ത കടലാസുപോലെ ശൂന്യം...

ഇന്നും പേടിയുണ്ട്...
ഓര്‍മകള്‍ മരിക്കുമോ ?
ഇല്ല, ഓര്‍മകള്‍ മരിക്കില്ല
അരുത് ഓര്‍മകള്‍ മരിക്കരുത്

അവയുടെ നീറുന്ന നോവിന്
ഒരു കുളിര്‍ക്കാറ്റിന്റെ തലോടലുണ്ട്...
പിന്നെയീ ഒഴുകുന്ന കണ്ണുനീരിന്റെ-
ഇളം ചൂടുണ്ട്...


............ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ....



ദീപു മേലാറ്റൂര്‍ 29-07-2007 - 11:48 pm

Tuesday, January 1, 2008

പുതപ്പ്










ഈ മുറിയിലിങ്ങനെ-
അധികനേരം
ഒറ്റക്കിരിക്കുവാനാകില്ല

ഈ അരണ്ട വെളിച്ചത്തില്‍-
ഇനിയും വായിക്കുവാന്‍
വയ്യ

വക്കു പൊട്ടിയ
മണ്‍പാത്രം ചിരിക്കും പോലെ
എന്റെ മനസ്സു ചിരിക്കുന്നു...

സ്വയം
വീണുടഞ്ഞൊരാ-
നിമിഷത്തെയോര്‍ത്ത്...

ആ മാസത്തെ,
വര്‍ഷത്തെയോര്‍ത്ത്...

ഒറ്റക്കീയരണ്ട വെളിച്ചത്തില്‍-
ഇനി വയ്യ...

കൊടുങ്കാറ്റും പേമാരിയുമുള്ള-
രാത്രിയാണു നാളെ...

ഒരു കുട വേണം,
പിന്നെ..എല്ലാം
മറന്നൊന്നു മൂടിപ്പുതക്കാ‍ന്‍
ഒരു പുതപ്പും....

19-11-‘07 / 11:27 pm

ദീപുമേലാറ്റൂര്‍