Wednesday, April 29, 2015

അന്ന്


നിനച്ചിരിക്കാതെയാണ്
അന്ന് രാത്രി ...
സങ്കടങ്ങളൊക്കെ
കണ്ണും നിറച്ച്
തീവണ്ടി കേറി
കൊച്ചിയിലെത്തിയത്


ചൊവ്വാഴ്ച്ചപ്പള്ളിയുടെ
മുന്നില്
ഉരുകി തീരുന്ന
പ്രാർഥനകൾ
 കണ്ണ് നിറച്ചു കാണുന്നത്

അന്നാദ്യമാണ്
കലൂര് സ്ടെഡിയത്തിനു
പുറകിലെ ഏകാന്തതയെ
സ്നേഹിച്ചു തുടങ്ങുന്നതും

 അന്നാണ്
മറൈൻ ഡ്രൈവിലെ
ഗുൽമോഹർ മരങ്ങളെ
ഞാൻ അന്നേ വരെ
ശ്രദ്ധിച്ചിട്ടെ ഇല്ലായിരുന്നു

മഹാരാജാസ് ഗെയ്റ്റിനു
മുന്നില് അന്നാദ്യമാണ്
കവികളുടെ അയ്യപ്പനെ
കണ്ടതും

സങ്കടങ്ങളെ പുറകിലിരുത്തി
ഉറങ്ങാത്ത കൊച്ചിയിൽ
നിയോണ്‍ വിളക്കുകൾക്ക് താഴെ
നിർത്താതെ
ഓടിക്കൊണ്ടേയിരുന്നു

രാത്രിയിനിയും ബാക്കിയുണ്ട്
സങ്കടങ്ങൾക്ക് കഥ പറയാൻ
ചില സങ്കടങ്ങളെ
ഇടക്കെങ്കിലും
ഓർത്തു കൊണ്ടിരിക്കാൻ തോന്നും


- ദീപു മാധവന് - 28-04-2015

Monday, April 20, 2015

കാത്തിരിപ്പ്‌


മനസ്സൊരു
ചായമെഴുത്തുകാരന്റെ ...
കയ്യിലെ
മുഖത്തെഴുത്തിലാണ്


ഒരു
നീണ്ട
കാത്തിരിപ്പ്

അരങ്ങിലേക്കുള്ള
മനസെഴുത്തിൽ
മുഴുവൻ
എന്നെ മാത്രം
ഉറ്റു നോക്കുന്ന
 കാണികളാണ്

അവരിലോരാളാവുകയാണ്
കാഴ്ച ഹൃദ്യമാക്കുവാൻ
ഏറ്റവും
എളുപ്പം

കടുത്ത ചായക്കൂട്ടുകൾ
കഴുകി കളയുവാൻ
തോന്നുന്നില്ല

നിറങ്ങളെ പ്രണയിച്ച
കാണികളിലൊരു
കുഞ്ഞു
ബാല്യത്തിലേക്ക്
ഞാൻ മടങ്ങുന്നു

കണ്ണുകൾ തുറക്കാം
വിരലുകളിൽ
നിന്നൂറുന്ന
നിറങ്ങളെ നോക്കി
തൂലികയിലെക്ക്...
   
- ദീപു മാധവന് - 20-04-2015

Tuesday, April 7, 2015

ഫ്ലാഷ് ബാക്ക്


 നിനക്കെന്നെ
എത്രത്തോളം
ഇഷ്ടപ്പെടാൻ ...
കഴിയുമെന്നതിന്റെ
ഉത്തരമായിരുന്നിരിക്കണം
നമുക്ക് മേലെ
അന്ന് വിടര്ന്ന
മഴവില്ല്


അല്ലെങ്കിലും അത്ര
അടുത്തല്ലാതിരുന്നിട്ടും
അദൃശ്യമായി
എന്നിലേക്ക്‌ നീങ്ങിയിരിക്കുന്ന
നിന്റെ നിശ്വാസങ്ങളെ
ഞാൻ വിശ്വസിക്കണമായിരുന്നു
 
വിറയാർന്ന നഖങ്ങൾ
കൊണ്ട്
എന്നിലേക്ക്‌ മാത്രം
ദിശ കാണിച്ചിരുന്നത് വരെ
ഞാൻ ഇപ്പോഴാണ്
ഓര്ക്കുന്നത്
പിന്നെയെങ്ങിനെയാണ്

വാകപ്പൂ വീണ
വഴിത്താരകളും
പാതി വെയിലിൽ
കുട ചൂടിയിരുന്ന
സിമന്റ് ബെഞ്ചും
ഒക്കെ നീ മറന്നോ എന്ന ചോദ്യം
നിന്നെ തോല്പ്പിക്കുവാൻ തന്നെ ആയിരുന്നു

ഡാ മണ്ടൂ
നമ്മുടെ നിഴലൊന്നായ
ആ നിമിഷം മാത്രം
ഞാൻ ഓര്ക്കുന്നില്ല
എന്ന മറുപടി കൊണ്ടാണ്
ഓർക്കാപ്പുറത്ത് എന്നെ വെട്ടിയത്

 കടും വെട്ട്

അതു നേരാണല്ലോ
മഴവില്ലിനെ ഇനി ആര്ക്ക് വേണം
ഞാനും മറക്കുന്നു
ആ നിഴലോളം
വരില്ലോരോർമയും

കപ്പലണ്ടി
കൊറിച്ചു കൊണ്ട്
ഞാനാ വഴി
നടക്കാറുണ്ട് ഇപ്പോഴും
ആ നിഴല്
നിന്റെ മൊഴികള്
എന്നെ പിന്തുടരുന്നുമുണ്ട്....!!!

-ദീപു മാധവൻ - 07-04-2015

വേനൽ

മണൽക്കാട്ടിൽ
ഹുങ്കാരം
കൊത്തുപണികൾ
ചെയ്തു കൊണ്ടൊരു
വേനൽ കൊട്ടാരം...
പണി തുടങ്ങുന്നു   


 ഹന്ത ശൈത്യ ഗോപുരങ്ങളെ
നിങ്ങള്ക്ക് വിട

അദ്ധ്വാനങ്ങളുടെ
അര്ക്കാശ്രു
പൊഴിക്കാൻ തുടങ്ങുന്ന
വിയർപ്പുമണികളെ
നിങ്ങൾ
പതിവിലും
സൌമ്യരായാലും

 കാരണമാ പേശികളെ കാത്ത്
കണ്ണുകൾ നിരവധിയുലകിൽ
നിങ്ങൾ
പതിവിലും
സൌമ്യരായാലും

- ദീപു മാധവന് - 02-04-2015

തിര കൊണ്ട് പോയത്


മണല് കൊണ്ട്
ചിറ കെട്ടി ...
സൂക്ഷിച്ചതെന്റെ തെറ്റ്


ഇന്നലെയവർ
തിരകളിലേറി
ചിറകൾ
ഭേധിച്ചിരിക്കുന്നു

കടലെടുത്ത
ജീവനുകളെ
സൂക്ഷിച്ച
ചിറകളായിരുന്നവ

എങ്ങോ ചില
ബലികളാൽ
ഓർക്കപ്പെടാൻ
വിധിക്കപ്പെട്ട
ആത്മാക്കളുടെ ചിറ

അവരിപ്പോൾ
അവസാന
നിലവിളികളാൽ
തങ്ങളെ തിരഞ്ഞ
ഉറ്റവരെ ഓർക്കുന്നുണ്ടാവും

തിരിച്ചു
കിട്ടാതെ പോയ
സ്നേഹം
കരഞ്ഞു തീർത്തു
മടങ്ങിയ
വാത്സല്യങ്ങളെ പോലെ

ഞാനിങ്ങനെ
അവരെ തേടി
ഈ കടല്ക്കരയാകെ
നിലവിളിച്ചുകൊണ്ട്
നടക്കുമ്പോൾ

മണൽ ചിറ
കെട്ടി സൂക്ഷിച്ചതെന്റെ തെറ്റ്

 ആദ്യമായി
കടല് കാണാൻ വന്നപ്പോൾ
ഞാൻ മാത്രം
നിങ്ങളെ കണ്ടതും
എന്റെ തെറ്റ്

തിരകളിൽ കേറി
എന്നെ വിട്ടു പോയ നിങ്ങൾ
കൊച്ചു നക്ഷത്രങ്ങളായി
കടലിനു മീതെ
തെളിയുന്നതെനിക്ക് കാണാം
 എന്നെ നോക്കി പുഞ്ചിരിക്കുന്നതും

നിങ്ങളിപ്പോൾ
സനാദരാണ്
കടലിന്റെ മക്കൾ
ഞാൻ മടങ്ങട്ടെ
എന്റെ മാത്രം രാത്രികളിലേക്ക്
ഞാൻ മടങ്ങട്ടെ...

- ദീപു മാധവൻ 30-03-2015

നീതി



എത്ര വിധിച്ചിട്ടും
തെറ്റും ശരിയും ...
ത്രാസിൽ തുല്യം
വാരാത്ത ഒരു
ന്യായാധിപനുണ്ടാകും
ഒട്ടു മിക്ക മനസുകളിലും


തെറ്റിലും ശരിയിലും
പതിര് വേര്തിരിക്കാൻ
കഴിയാതെ ഉഴറിയ
ഒരു രാത്രിയെങ്കിലും കാണും
ഒട്ടു മിക്ക മനസുകളിലും

കറുപ്പിൽ നിന്നും
വെളുപ്പിലെക്കുള്ള ദൂരത്തിൽ
തിന്നു തീർത്ത ഒരായിരം
നീതി പുസ്തകങ്ങളിൽ നിന്നും
നീതി കിട്ടാതാകുമ്പോൾ
ന്യായത്തിന്റെ അധിപ സ്ഥാനം
വിട്ടൊഴിഞ്ഞ്
വെറുമൊരു കാഴ്ചകാരനാകുന്നു

അപ്പോഴും
ചിതലരിച്ച കറുത്ത കുപ്പായമിട്ട
വവ്വാലുകൾ ചുറ്റിലും
പറന്നു കൊണ്ടേയിരുന്നു
കണ്ണ് മൂടിയ
നീതി ദേവതയുടെ
തുലാസിലെ വ്യതിയാനം
ഇരുട്ടിലും വ്യക്തമായിരുന്നു

- ദീപു മാധവൻ - 29-03-2015