Monday, December 15, 2014

പ്രിയപ്പെട്ട മാപ്പിൾ



അന്നേ വരെ
ജീവിതമെന്നോട് പറയാതെ
മാറ്റി വച്ചതൊക്കെ ...
പറയാനായിരിക്കണം
നിന്നെ എന്നിലെക്കയച്ചത്


അടുപ്പത്തെക്കാൾ
അകലമുണ്ടായിരുന്നിട്ടും
എനിക്കും നിനക്കുമിടയിൽ
കരുതലിന്റെ
നേർത്ത കമ്പടം പോലെയൊന്ന്
നമ്മെ പൊതിഞ്ഞു
ചേർത്ത് പിടിച്ചിരുന്നു

നമ്മളന്യരല്ല എന്നോര്മ്മപ്പെടുത്തി
കൊണ്ട് കടന്നു പോയ
കാലമെത്ര വിചിത്രമായ
തെരുവുകളാണ് നമ്മെ കാണിച്ചത്
പലതും സ്വപന്ങ്ങളിലെങ്കിലും

ആകാംക്ഷയുടെ കുഞ്ഞുങ്ങളെപ്പോലെ
നാം ഇപ്പോഴും ആ തെരുവുകളിൽ
എവിടെയൊക്കെയോ ഉണ്ട്

 സ്വപ്നങ്ങളിൽ മാത്രം നാം
കണ്ടു മുട്ടാറുള്ള ആ തെരുവുകളിൽ
കാലമിനിയും ഉരുളട്ടെ
വിചിത്രമായ തെരുവുകളിൽ
നമുക്കിനിയും കാത്തിരിക്കണം

നമ്മുടെ പ്രിയപ്പെട്ട നാമേറെ സ്വപ്നം കണ്ട
മഞ്ഞു പെയ്യുന്ന
മാപ്പിൾ മരങ്ങളുടെ ചുവട്ടിലെ ബെഞ്ചിൽ...!!!

- ദീപു മാധവന് 15-12-2014

Sunday, November 23, 2014

ഒറ്റയ്ക്ക്



ബാൽക്കണിയിൽ
ഇങ്ങനെ ഒറ്റക്കിരിക്കാൻ ...
നല്ല രസമാണ്


നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു
ഇസ്തിരിയിടുന്ന തമിഴൻ ചേട്ടൻ
പെട്ടി മടക്കി പോകാൻ തുടങ്ങുന്നു
പുറകില വലിയ
കൂടയിൽ കടലാസും പാട്ടയുമായി
ഒരു സൈക്കിൾ വണ്ടി

പൈലി ചേട്ടൻ കട
അടച്ചു തുടങ്ങിയിരിക്കുന്നു
ഏറെ വൈകിയും
അടക്കാത്ത ഏതോ ഓഫീസിൽ നിന്നും
വെള്ള വെളിച്ചം റോഡിലേക്ക് ഒഴുകിയിറങ്ങുന്നു

മിന്നി മിന്നി മാത്രം കത്തുന്ന
വളവിലെ നിയോണ്‍ വിളക്ക് കാൽ
ആരൊക്കെയോ ഉറക്കെ വര്ത്തമാനം
പറഞ്ഞു കൊണ്ട് നടന്നു നീങ്ങുന്നുണ്ട്
എനിക്കൊട്ടും പരിചയമില്ലാത്ത
ആരൊക്കെയോ

ടെക്കികൾ ചിലര്
ടെൻഷൻ റിലീസ് പുകച്ചുരുളുകൾ
ആകാശത്തേക്ക് വിട്ടു വണ്ടിയിൽ
കയറി പോയി

മാര്ത്തോമ പള്ളിയിൽ
പ്രാര്ത്ഥന കഴിഞ്ഞു ആളുകള്
പള്ളിമുറ്റത് അങ്ങിങ്ങായി
കൂടി നില്ക്കുന്നു
അടുത്ത ഞായറാഴ്ച
എന്ത് എന്നത് ചര്ച്ച ചെയ്യുകയാണ്

അപ്പുറത്തെ
ഷട്ടിൽ കോർട്ടിൽ നിന്നും
പോയിന്റ് വിളി കേള്ക്കാം
എന്തോ അന്ന് ഞാൻ പോയില്ല
ഞാൻ ഒറ്റക്കല്ലാതെ ആയിപ്പോയാലോ

നല്ലൊരു ഫ്രെയിം
അപ്പോൾ വേണമെങ്കിൽ
ഒരു സീൻ ഷൂട്ട്‌ ചെയ്തു
കൊടുത്തേനെ ഞാൻ

അപ്പോഴാണ്‌ ഓര്ക്കുന്നത്
ഒരു ഞായറാഴ്ച കൂടി
കൂനിക്കൂടി ജീവിച്ചു തീർത്തിരിക്കുന്നു
ചുറ്റും നടക്കുന്ന പല ശബ്ദങ്ങള്ക്കും
ഫോണ്‍ കോളുകൾക്കും ഇടക്ക്
എന്നത്തേയും പോലെ ഞാൻ
ഒറ്റയ്ക്ക് ജീവിച്ചു തീർത്തിരിക്കുന്നു

ഷേണായീസിൽ സിനിമ മാറിയിരിക്കുന്നു
ഒറ്റക്കാണെന്നു തോന്നുന്ന നേരം
അതുപോലെ ഒരുപാടാളുകളെ കാണാം
തീയേറ്ററിൽ പോയാൽ
എനിക്ക് മാത്രം തോന്നുന്നതാണ്

അനൂപ്‌ വരാം എന്ന് പറഞ്ഞു പോയതാണ്
ഇനിയും അവനെ കാത്തിരിക്കുന്നതിൽ
അർത്ഥമുണ്ടെന്ന് തോന്നുന്നില്ല
അല്ലെങ്കിലും ഞാൻ ഒറ്റക്കാണെന്നു
അവനെങ്ങനെ അറിയാനാണ്
ഒര്ക്കാനാണ്

വിശക്കുന്നുണ്ട് ഇനിയിപ്പോ
റപ്പായീസ്, ചാർ സോ ബീസ് ഭായി
പൂട്ടുന്നതിന് മുന്നേ ഇറങ്ങി നടക്കാം
തെരുവിലൂടെ ഒറ്റയ്ക്ക്
ചുറ്റിലും ആരൊക്കെയോ
ഉണ്ടെന്ന ഇല്ല്യൂഷനിലൂടെ...!!

- ദീപു മാധവന് - 23-11-2014

Sunday, November 2, 2014

ഉമ്മ


എന്റെ ചുണ്ടും രണ്ടക്ഷരം
എന്റെ ഉമ്മയും രണ്ടക്ഷരം
എന്റെ സ്നേഹവും രണ്ടക്ഷരം
അത് കാണേണ്ട കണ്ണും
ലോകവും രണ്ടക്ഷരം

പക്ഷെ
ചില ആചാരങ്ങളുടെ
അന്ധരായ കണ്ണുകൾക്ക്‌
മാത്രം അക്ഷരങ്ങൾ
കൂടി കൂടി വന്നു

പ്രതിഷേധം അതിനെതിരെ ആകട്ടെ
ഞാനെന്ന താങ്കളെന്ന
വ്യക്തിയുടെ മാറിൽ
ആചാരങ്ങളുടെ കൊട്ടാരങ്ങൾ
പണിയുന്ന കണ്ണുകള്ക്ക് എതിരെ

സ്നേഹിക്കുന്നിടം നിറക്കുന്ന ഉമ്മകൾ
പൊഴിക്കുന്ന ചുണ്ടുകൾ
നിങ്ങളോടെന്തു പിഴച്ചു
കൂട്ടരേ ...!!

- ദീപു മാധവൻ 02-11-2014

Wednesday, September 10, 2014

എന്റെ പ്രണയമേ



കോരി ചോരിയുന്നൊരു-
പെരുമഴക്കാലത്ത്......
അനുവാദം ചോദിക്കാതെയെന്റെ,
കുടക്കീഴിലെക്കൊടിക്കേറിയ...
.
മിഴി നിറച്ചു കൊണ്ടൊരു വാക്കും
പറയാതെ ഇറങ്ങിപ്പോയ.....
ഒരുപാടോര്‍മകള്‍ എന്റെ മാത്രമാക്കിയ
എന്റെ പ്രണയമേ....


മഴ ഇപ്പോഴും തകര്‍ത്തു പെയ്യുന്നു....
നമ്മുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ-
പാതയോരങ്ങള്‍ , ഇടനാഴികള്‍....
ഒക്കെ മഴയുടെ ആലസ്യത്തില്‍
നമ്മെ കാത്തു കിടക്കുന്നുണ്ടാവും.....

എന്റെ കൈ പിടിക്കുക, നമുക്കൊരുമിച്ചീ-
മഴ നനയണം....
നമ്മില്‍ നാം പണ്ടേ കുറിച്ചിട്ട
പ്രണയാക്ഷരങ്ങള്‍ തെളിഞ്ഞു വരും
നിമിഷം വരെ...

പിന്നെ ഈറനുണങ്ങും വരെ
മഴ തെളിഞ്ഞ ആകാശം നോക്കി കിടക്കണം
അന്തിയിരുട്ടും വരെ...

ദീപു മേലാറ്റൂര്‍ _ 27-06-2012_ 08 : 34 am

പ്രണയാക്ഷരങ്ങൾ



നിനക്കും എനിക്കും
മാത്രമറിയാവുന്ന ...
എത്ര നിലയില്ലാ
കയങ്ങളിലാണ്
പവിഴ പൊത്തുകളിൽ ആണ്
കാലങ്ങളായി നാം
നമ്മുടെ പ്രണയാക്ഷരങ്ങളെ
ഒളിപ്പിച്ചു വച്ചിരിക്കുന്നത് ?

എത്ര ഒളിപ്പിച്ചു
വച്ചിരുന്നാലും
നിലാവ് പെയ്യുന്നുവോ എന്ന് നോക്കി
ചില രാത്രികളിൽ ഒറ്റക്കുതിപ്പിനവ
പുറത്തു വന്ന്
നീണ്ടൊരു ശ്വാസവുമായി
മറ്റൊരു കാത്തിരിപ്പിലെക്കവർ
ഊളിയിട്ടിറങ്ങും
പിന്നെയുമവ
നമ്മെ പോലെ
നിലാവ് മാത്രം പെയ്തൊഴുകുന്ന
ചാറ്റൽ മഴയുള്ള
രാത്രികൾക്ക് വേണ്ടി
കൊതിച്ചിരിക്കും
പിന്നെ
ആരും കാണാതെ
ഓളപ്പരപ്പിൽ വന്നു
മിന്നി ചിന്നുന്ന
താരങ്ങളെ നോക്കി
കൈകൾ കോർത്ത്‌
തിരമാലകൾ തഴുകുന്ന തീരങ്ങളിൽ
മലര്ന്നു കിടക്കുവാൻ പോകും
ഈ ലോകത്തെ
മുഴുവൻ മറന്നു
കിടക്കുമ്പോൾ
പ്രണയാക്ഷരങ്ങളെയൊക്കെ
തിരകളപ്പോൾ കടലിലേക്ക്‌ തന്നെ കൂട്ടും
ഞാനും നീയും നിലാവും
നമ്മുടെ പ്രണയവും മാത്രം
ആ തീരത്ത് ബാക്കിയാകുന്നു
നമ്മുടെ പ്രണയാക്ഷരങ്ങൾ
ഇനിയുമീ തീരം തേടിയണയാതിരിക്കില്ല
 
- ദീപു മാധവൻ - 10-09-2014

Tuesday, August 12, 2014

ക്ലൈമാക്സുകൾ


ഇനിയങ്ങോട്ട്
തിരിഞ്ഞു പോലും
നോക്കില്ലെന്നു
കരുതി

പുസ്തകം പൂട്ടി
മിണ്ടാതെ കൈ രണ്ടും
കാലിനിടയിൽ തിരുകി
ചുരുണ്ട് കൂടി
കിടക്കും

കണ്ണെത്ര
ഇറുക്കി അടച്ചാലും
പിന്നെയും മുന്നില്
തെളിയും പല വേഷങ്ങൾ
പല തുരുത്തുകൾ
ഞാൻ ഞാനല്ലാതെ
അലയുന്ന പല തുരുത്തുകൾ
 
എത്ര
പുറകിൽ നിന്നോടി
വന്നിട്ടും
ചാടി കടക്കാൻ കഴിയാതെ
വെട്ടിലും തിരുത്തിലും
അകാല ചരമം വരിച്ച
കുറെയേറെ ക്ലൈമാക്സുകൾ
അവയാണവിടെ എന്നെ നാളുകളായി
വശീകരിച്ചു കൊണ്ടേ ഇരിക്കുന്നത്

എത്ര രാത്രികളാണവ
കവര്ന്നെടുതിരിക്കുന്നത്
എങ്കിലും
ഈ മയക്കുന്ന ഭ്രാന്തിനെ
നെഞ്ചോട്‌ ചെര്ത്തെ
മതിയാവൂ
ഒരു തീരമണയും നാൾ വരും
വരാതിരിക്കില്ല.

- ദീപു മാധവൻ 13-08-2014

Sunday, August 3, 2014

ശില്പ്പി


 ഉറങ്ങാൻ കിടക്കുമ്പോൾ പോലും
അത്താഴപഷ്ണിക്കാരുണ്ടോ
എന്നു മെല്ലെ ചോദിക്കാൻ
പേടിയാണ്

കാരണമുണ്ട്
ഗതി കിട്ടാതെ ...
അലയുന്ന
അത്താഴപഷ്ണിക്കാരായ
കുറെയേറെ
കഥകളുണ്ട് മനസ്സില്

ഉണ്ണുമ്പോഴും
ഉറങ്ങുമ്പോഴും
എന്ന് വേണ്ടെപ്പോഴും
ഉള്ളിലെവിടെയോ
ഇരുന്നെന്നെ കുത്തി
നോവിക്കുന്ന
കുറെ കഥകൾ
കഥാ ബീജങ്ങൾ

വിരൽത്തുമ്പിലൂടവരെ
ഇറക്കി വിടാൻ
ശാപ മോക്ഷം നല്കുവാൻ
എനിക്കൊരു ശില്പിയാകണം
വാക്കുകൾ കൊണ്ട്
ശിൽപ്പങ്ങൾ രചിക്കുന്ന
ശില്പ്പി

മനസ്സിന്റെ മൂലയിലെ
പാല മരങ്ങളിൽ
കാഞ്ഞിരക്കുറ്റികളിൽ
കരിമ്പന ചുവട്ടിലൊക്കെ
ഒളിപ്പിച്ചു നിർത്തിയ
കഥകളുടെ ബീജങ്ങളൊക്കെ
എന്നിലൂടെ എന്നെങ്കിലും
ജനിക്കുമായിരിക്കും

അന്ന് ഞാനൊരു ശില്പ്പിയാകും
വാക്കുകൾ കൊണ്ട്
ശിൽപ്പങ്ങൾ രചിക്കുന്ന
ശില്പ്പി...!!

- ദീപു മാധവൻ 24-03-2014

കഷ്ടം



പ്രിയപ്പെട്ട
മെഡിക്കൽ കോളേജ്
മുട്ടാപ്പോക്ക് ന്യായങ്ങൾ
പലതു കാണും

പക്ഷെ
ചാക്കിനുള്ളിൽ നിന്ന് ...
പുറത്തേക്കു
തള്ളി നില്ക്കുന്ന
ആ കാലു കാണുമ്പോൾ
ഇത്രയെങ്കിലും
പറയാതെ വയ്യ

നാഥൻ ഉള്ളതോ
അല്ലാത്തതോ
ഒരായുഷ്കാലം മുഴുവനും
ജീവിച്ചിരുന്നു
പരീക്ഷിച്ചതിലേറെ

അല്ലെങ്കിൽ ഇടക്കെവിടെയോ
പരീക്ഷണങ്ങൾ മതിയാക്കി
മടങ്ങേണ്ടി വന്ന
ദേഹിയില്ലാതോരീ ദേഹങ്ങളെ

സ്പിരിറ്റിലിട്ടു
സ്കെയില് വച്ചളന്നു തൂക്കി
കീറി മുറിച്ചു
പരിശോധിച്ച്
അനാട്ടമി മൊത്തം
കഴിഞ്ഞെന്നു തോന്നുമ്പോൾ

ചത്ത നായ്ക്കളെ
മൂടുവാൻ കുഴിയെടുക്കും
പോലെയൊരെണ്ണം
അതെങ്കിലും നല്കണമെന്ന്
ആദ്യത്തെ ക്ലാസ്സിൽ പഠിപ്പിക്കണം
സാറന്മാരെ

കൊടുത്ത
കൊന്റ്രാക്റ്റിനൊക്കെ മുകളിൽ
തച്ചിനിരുന്നു പണിഞ്ഞവർക്കും
പണിയിച്ചവർക്കും തോന്നണം
അത് വേണമെന്ന്

ആതുര സേവനത്തിന്റെ
വാതിലുകളിൽ
ഈ അനാഥ പ്രേതങ്ങളുടെ
മുഖം കാണാതിരിക്കാൻ

മറ്റൊരു നെഞ്ചിൽ
സ്തെതസ്കോപ് ചേർത്ത്
വക്കുമ്പോൾ
ആ മുഖങ്ങൾ
നിങ്ങളെ വേട്ടയാടാതിരിക്കാൻ
സമൂഹം നിങ്ങളെ തുറിച്ചു
നോക്കാതിരിക്കാൻ

ഒരു തടം മണ്ണ്
അതെങ്കിലും...!!

- ദീപു മാധവൻ - 13-04-2014

താജ്മഹൽ

അന്ന്
സ്റ്റേജിൽ
നീ ചൊല്ലിയതു കവിത
താഴെയിരുന്ന്
നിന്റെ കണ്ണിൽ
ഞാൻ തുന്നിയതു താജ്മഹൽ

ഉന്മാദി



ചിത്ര ശലഭങ്ങളെ
പോലെയായിരുന്നു
എന്റെ മോഹങ്ങൾ

നിറങ്ങളുടെ
കുഞ്ഞു കുഞ്ഞു
പൊട്ടുകൾ ...

ഒരു കൂട്ടിലും അടക്കാതെ
ഞാൻ വളര്ത്തുന്ന
എന്റെ മോഹങ്ങളെ

രാത്രിയെന്നോ പകലെന്നോ
ഇല്ലാതെ
നീലാകാശത്ത്
പറക്കാൻ വിട്ടു

താഴെ
അവയുടെ ആവിഷ്കാരം
മനസ്സില്
ഒരുപാട് തവണ
മലര്ന്നു കിടന്നു
കണ്ണടച്ച് കണ്ടു കൊണ്ടങ്ങനെ....

ദിവസങ്ങള് കൊഴിഞ്ഞു
വീണു കൊണ്ടേ ഇരുന്നു
വസന്തം തെളിച്ചമില്ലാതെ
ഋതുക്കൾ പലയാവർത്തി
വന്ന് പോയി...

വന്നു വന്ന്
എല്ലാം കൂടെ
ചെവിക്കു ചുറ്റും
വട്ടമിട്ടു പറക്കാൻ
തുടങ്ങിയിരിക്കുന്നു

കഥകളുടെ ബീജങ്ങൾ
പാതിവഴിയിൽ നിർത്തിയവർ
പൂര്തിയായിട്ടും നശിപ്പിച്ചവർ
അങ്ങനെ ഒരുപാട് നിറങ്ങൾ
സിരകളെ ചൂട് പിടിപ്പിക്കുന്നു

ഒരുന്മാദത്തോളം
പല രാത്രികളും
കടന്നു പോകുന്നു

തലച്ചോറിലേക്കുള്ള
വഴികളൊക്കെ
ഉന്മാദത്തിന്റെ
വക്കിലെത്തിയിരിക്കുന്നു

ഉന്മാദത്തെ ഞാനും
സ്നേഹിച്ചു തുടങ്ങുന്നു
ഒരു സൃഷ്ടിക്കായി
സ്വപ്നസാക്ഷാത്കാരത്തിന്
കൊതിച്ചു കൊണ്ട്

- ദീപു മാധവൻ 08-06-2014

സ്പാര്ട്ട



എഴുത്തും വായനയും
ഒക്കെ കമ്മിയാണ്
സിനിമ തലയ്ക്കു പിടിച്ചിട്ടു
കാലം കുറെയായി

ട്രോയ് വീണ്ടും
കണ്ടത് കൊണ്ടാവുമോ...
ഉറക്കം വരുന്നുണ്ടായിരുന്നില്ല

യുദ്ധങ്ങൾ പണ്ടും അങ്ങിനെയാണ്
പടയാളികളിലൂടെ പടച്ചട്ടകളിലൂടെ
വാൾ പരിചകളിലൂടെ സഞ്ചരിക്കാൻ
പണ്ടേ ഇഷ്ടമാണ്
അകലീസിനെ പോലെ

സ്പാര്ടയുടെ കിഴവൻ രാജാവും
പ്രിൻസ് ഹെക്ടറും പാരീസും
സ്പാര്ട്ടയെ ചുട്ടെരിച്ച
ഹെലനെന്ന സര്പ സുന്ദരിയും
മരക്കുതിരയും
അങ്ങിനെ പലതും മനസിലൂടെ
പാഞ്ഞു കൊണ്ടിരുന്നു

എന്തൊക്കെയോ ഓർത്തു കിടന്നു
എപ്പഴോ കണ്ണടച്ചു കാണണം
യുദ്ധക്കളം പോലെ
മനസ്സും വിജനമായിരുന്നു

സ്പാർട്ടയിൽ കഴുകന്മാരെ കണ്ടിട്ടില്ല
കടൽ തീരമായിട്ടും കടൽകാക്കകൾ കൂടി ഇല്ല
പക്ഷെ എന്തോ മനസ്സില്
കഴുകന്മാർ പറന്ന്നിറങ്ങി
തുടങ്ങിയിരിക്കുന്നു
എന്ത് കണ്ടിട്ടാണാവോ വീണ്ടും

പണ്ടെങ്ങോ പൊരുതി വീണ
പല പല യുദ്ധങ്ങളുടെ
അവശിഷ്ടം തേടിയാവണം
ശവം തീനികൾ പാവം
വിശന്നിട്ടാകണം തിന്നോട്ടെ

പക്ഷെ പണ്ടെങ്ങുമിലാത്ത
ഭീതിയുടെ കാര്മേഘമാണ്
തലയ്ക്കു മുകളിൽ ഇരുൾ മൂടുന്നത്
എന്തോ സംഭവിക്കാനുള്ള പോലെ

വിട പറയലുകളുടെ
നിഴലുകളാണ് ചുറ്റും
യാത്ര ചോദിക്കുന്നത്
ഓർമകളിൽ പോലും വേദന നിറക്കുന്നവ
വിട പറയലുകൾ
അവയെ എനിക്കിഷ്ടമല്ല

ഓരോ അണുവിലും
ഞാനൊറ്റയാകുന്ന
നീറ്റൽ കണ്ണ് നിറച്ചിട്ടാണ്
ഓരോ ഗന്ധവും എന്നെ
കടന്നു പോകുന്നത്

കണ്ണ് തുറക്കാൻ
തോന്നുന്നേ ഇല്ല
ഇളം ചുമപ്പു കലര്ന്ന നീലിച്ച നിറം
ചുറ്റിലും പടരുന്നു
വല്ലാത്തൊരു നിറമാണത്
വല്ലാത്തൊരു ഭീതിയുടെ തണുപ്പുള്ള നിറം

പിന്നെ യാത്രയാണ്
എന്നത്തേയും പോലെ
കടലുകളും മലകളും കടന്ന്
മുൾ വേലികളും
പാറക്കെട്ടുകളും നിരങ്ങി

വരാനിരിക്കുന്നതെന്തോ ആവട്ടെ

പതിവ് പോലെ ഞാൻ
ഏതോ ഭംഗിയുള്ള കൊക്കയിലേക്ക്
കാഴ്ചകളൊക്കെ കണ്ട്
മെല്ലെ പറന്നോഴുകി ഇറങ്ങട്ടെ

സ്പാര്ട്ട എനിക്ക് താഴെ
കത്തി എരിയുന്നുണ്ട്‌
രഹസ്യ അറയിലൂടെ
പാരിസും അന്ട്രോയും ബ്രിസീസും
ഒക്കെ മറു കര കണ്ട് കാണണം

അപ്പോഴും അകിലസ്
എന്ന യോദ്ധാവ് ആ നടുത്തളത്തിൽ
വീണു കിടക്കുന്നുണ്ടായിരുന്നു
കില്ലീസിന്റെ പ്രിയപ്പെട്ട ധീരൻ

- ദീപു മാധവൻ 26-06-2014

ജീവിതത്തോട് മാത്രം പറയുന്നവ



ഒറ്റത്തിരിവിലും
കൈ വിട്ടു വട്ടം കറങ്ങിയിട്ടും ...
കെട്ടു പൊട്ടി പറന്നു നടന്നിട്ടും
നീയെന്നെ
ഒറ്റയാക്കിയിട്ടില്ലിന്നു വരെ


ഒരു കൈ
ഒരു ചിരിയൊരു
താങ്ങ് എവിടെയൊക്കെയോ
കാത്തു വച്ചിരുന്നു നീ
പല രൂപത്തിൽ

ഇതിന്റെ ഒക്കെ ഹുങ്കിലാണ്
ഇല്ലാത്ത വിധിയെ ഒക്കെ
ആരാടാ ന്നു ചോദിച്ചപ്പോ
മുണ്ടും മടക്കി കുത്തി
പോടാ ന്നു പറയണത്

തിരിവുകൾ വളവുകളൊക്കെ
ഒരുപാട് പുറകിലാണെന്നറിയാം
ഒരു ചിരിയുടെ തണലെങ്കിലും
കാത്തു വയ്ക്കുക
കാലിടറിയാലും
വീണു പോകാതെ ഒഴുകാൻ ...!!

- ദീപു മാധവൻ 03-08-2014

Thursday, March 13, 2014

ശലഭ ചിറകുകൾ

നിന്റെ
പൂമ്പാറ്റയാണെന്ന് ചൊല്ലി
നീ തുന്നിപ്പിടിപ്പിച്ച
ശലഭ ചിറകുകൾ

സ്വപ്നങ്ങളിലാരോ
മുളം ചില്ല ...
കൊണ്ടെറിഞ്ഞു വീഴ്ത്തുന്നു

കാറ്റിനും
തേൻ നുകരും
പൂവിനും
നോവാതിരിക്കാൻ

കനം കുറച്ചു
നീ തുന്നിയ
ചിറകുകൾ
ചിതറിയകലുന്നത്

തൊണ്ടയിലെവിടെയോ
കുരുങ്ങിയ
ശബ്ദം മാത്രമായി
ഞാൻ കണ്ടു നില്ക്കുന്നു

എത്ര ചിതറിയകന്നിട്ടും
നീ തുന്നിപ്പിടിപ്പിച്ച
നിറങ്ങളൊക്കെയും
പുഞ്ചിരിച്ചു കൊണ്ടെന്നെ
വട്ടമിട്ടു പറന്നു
കൊണ്ടേ ഇരുന്നു

ഞാനുമാ
ചിറകിൻ കഷ്ണങ്ങൾക്ക് കൂടെ
ഒരു കൊക്കയിലേക്ക്
പതിക്കുന്നു
നീ തുന്നിയ നിറങ്ങളുടെ
താഴ്വാരത്തിലേക്ക്

- ദീപു മാധവൻ - 13-03-2014

ഭ്രമണം

ഉരുകിയൊലിക്കുന്നൊരഗ്നി
പർവതം നീ

ചൊക ചൊകന്നനെ
തിളച്ചു മറിയുന്ന
ലാവ
നിന് പ്രണയം...

കണ്ണുകൾ തുറക്ക വയ്യ
കാതുകളുരുകി
വീഴുമായിരിക്കാമെന്തെന്തു
ബാക്കിയാകുമറിവീല
ശിഷ്ടം

തീക്ഷ്ണമീ
ഭ്രമണമെങ്കിലുമാ
ലാവയിലുറഞ്ഞു

നിന്നെ
നിന് പ്രണയത്തെ
പുൽകുവാനിനിയുമെത്ര
കാതമീ
ഭ്രമണമറിവീല
തോഴീ....

- ദീപു മാധവൻ - 11-03-2014

നീല കടലുകൾ

നാം ഒരുമിച്ചു
സ്വപ്നം കാണാറുള്ള
നീല കടലുകൾ താണ്ടി

എന്നിലേക്കുള്ള
യാത്രയിൽ
നിനക്ക് വഴി കാണിക്കാൻ
വഴി മരങ്ങളുണ്ടായിരുന്നോ ?

നക്ഷത്രങ്ങൾക്കിടയിൽ ...
ഒരു കുഞ്ഞു നക്ഷത്രം
നിന്നെ മാടി
വിളിക്കുന്നുണ്ടായിരുന്നോ ..?

മേഘങ്ങൾക്കിടയിൽ
നീയൊരു
ചൂണ്ടു പലക
കണ്ടായിരുന്നോ ?

ഞാൻ നീയറിയാതെ
രാത്രിയുടെ
ഏതോ യാമങ്ങളിൽ
ഉറങ്ങിക്കിടക്കുന്ന
നിന്നെ കണ്ടു തിരിച്ചു
പോരുമ്പോഴൊക്കെ

അവിടവിടെ
നിനക്ക് വേണ്ടി
എന്തെങ്കിലും അടയാളങ്ങൾ
കരുതി വച്ചിരുന്നു

എന്നെങ്കിലും
നീ ആ വഴി
വരുമെന്ന
തോന്നലിൽ...

ഇനിയുമെത്ര ദൂരമുണ്ട്
നമുക്കിടയിലെന്ന
ചോദ്യത്തിനുത്തരം
കിട്ടുമ്പോഴേക്കും
ഇങ്ങെത്തിക്കാണും

പിന്നെ
പരിഭവങ്ങളും പരാതികളും
ഇല്ലാത്ത മറ്റൊരു ലോകം
പണിയണം നമുക്ക്
നമുക്ക് മാത്രം
പാര്ക്കാവുന്ന ഒന്ന്.

- ദീപു മാധവൻ 10-03-2014

Monday, February 17, 2014

വാക്കുകൾ


 പ്രണയത്തിനു
മാത്രമായി
വാക്കുകളുണ്ടോ
ഉണ്ടാവണം

നിന്റെ
അഭാവങ്ങളിൽ ...
മാത്രം പിറക്കുന്ന
ചില വാക്കുകളുണ്ട്

ഏതൊക്കെയോ
ഇടനാഴികളിൽ
വഴിത്താരകളിൽ
ഗോവണിപ്പടികളിൽ

പ്രതിധ്വനിച്ചു
നിന്നെ തിരഞ്ഞുകൊണ്ടെന്നെ
വന്നുലയ്ക്കുന്ന
ചില വാക്കുകൾ

നിമി നേരം
കൊണ്ടെന്നെയും
നിന്നെ തിരഞ്ഞു
നടക്കാൻ വിട്ടോടി
മറയുന്ന വാക്കുകൾ

ഒരുന്മാദിയെപ്പൊലെ
ഒരപ്പൂപ്പൻ താടിയുടെ
കനം പോലുമില്ലാതെ
ഞാൻ ഞാനല്ലാതായി
മാറാറുണ്ട്

നിന്റെ മാത്രം
പ്രണയത്തിന്റെ
വാക്കുകളിൽ
അലിഞ്ഞു ചേരാറുണ്ട്

ഉണ്ട്
പ്രണയത്തിനു മാത്രം
നല്കാവുന്ന
ചില വാക്കുകളുണ്ടിതുപോലെ..!!

- ദീപു മാധവൻ - 17-02-2014

കൂമൻ


 എന്നത്തേയും പോലെ
ഇന്നും രാത്രി
ഞാൻ
അര മതിലിന്റെ
അപ്പുറത്തെ
ചാമ്പ മരത്തിൽ
ഒരു കൂമനെ പോലെ ...
ആകാശം നോക്കി
ഇരിക്കും

ആകാശം കാണാതെ
നീ ഇറങ്ങി
വരുമെങ്കിൽ
ഈ രാത്രി തന്നെ
എത്ര രാത്രികൾ
ഞാൻ നോക്കിയിട്ടും
നമ്മെ അറിയാത്ത
ആകാശങ്ങളുടെ
ചുമരുകളിൽ
നിന്റെയും എന്റെയും
പേരുകൾ
കോറിയിടണം

അപ്പുറവും
ഇപ്പുറവും
ഹൃദയ ചിഹ്നം പോലെ
നക്ഷത്രങ്ങൾ തുന്നി
പിടിപ്പിക്കണം

ഇന്നലെ
നമ്മെ അറിയില്ലെന്ന്
കൈ മലര്ത്തിയ
മേഘങ്ങൾ
പറവകൾ
ഒക്കെ നാളെ
നേരം വെളുക്കുമ്പോൾ
നാണിച്ചു
തല താഴ്തി
പറക്കട്ടെ

നിലാവൊഴുകുന്ന
മറ്റൊരു
താഴ്വാരത്ത് നിന്ന്
തിളങ്ങുന്ന നമ്മുടെ
നക്ഷത്രങ്ങളെയും നോക്കി
നിന്റെ മാറിൽ
തല ചായ്ച്ചു
ഞാനുറങ്ങും.

- ദീപു മാധവൻ 16-02-2014

Valentine

വാലെന്റൈൻ
ആയിട്ടൊന്നുമില്ലേ
മാഷെ ... ?

എന്തുണ്ടാവാൻ

എന്റെ ...
പ്രണയമിപ്പൊഴൊരു
മൌനത്തിലാണ്

എത്ര
നീട്ടിക്കുറുക്കിയാലും
എന്നിലേക്ക്‌ തന്നെ
വന്നു ചേരുന്ന
നിന്റെ മൌനങ്ങൾ പോലെ

നമുക്കിടയിൽ
മുളപൊട്ടിയിരുന്ന
നിന്റെ മൌനത്തിന്റെ
അകലം പോലെ

എത്രയായിരുന്നവ
ഞാനളന്നിട്ടില്ല
കാരണം
അതെന്നോളം
വരുമെന്നെനിക്കുറപ്പുണ്ട്

കാരണം
എനിക്കും നിനക്കുമായി
നമ്മുടെ ലോകത്തൊന്നും
ഉണ്ടായിരുന്നില്ല
അതാവണം

നമ്മുടെ
എന്ന ചേരുവ
ചേർക്കാത്ത വാക്കുകൾ
നമുക്കന്യമായിരുന്ന കാലത്ത്

നിന്റെ മൌനം
പേറും നയനങ്ങൾ
പോലുമൊരായിരം
പ്രണയ കഥകൾ
ചൊല്ലാറുണ്ടായിരുന്നു

നീ പോലുമറിയാതെ...

വാലെന്റൈൻ
ഓർമിപ്പിച്ചത് നന്നായി
രണ്ടു വരി കൂടുതൽ
കുറിക്കാമല്ലോ

കരളു പിടചെഴുതിയ
ചോര ചാലിച്ച
വാലെന്റൈൻ
എഴുത്തുകളൊക്കെ
ഇന്ന് ഔട്ട്‌ ഓഫ് ഫാഷൻ

സ്ക്രീനുകളിൽ നിന്നും
സ്ക്രീനുകളിലേക്ക്
ഓടി നടന്നു
ആശംസകൾ കൈമാറുന്ന
ഇക്കാലവും അക്കാലവും
പ്രണയം പ്രണയം തന്നെ

പ്രത്യേകിച്ചൊരു
ദിവസം
വേണ്ടാത്ത പ്രണയം

ഇനി നാളെയെ
പ്രണയം പാരമ്യതിലെത്തൂ
എന്നുള്ളവർക്കും
അല്ലാത്തവർക്കും
എല്ലാം കൂടി
ഒരു നല്ല പ്രണയകാലം

പ്രണയം
ഒഴുകട്ടെ

- ദീപു മാധവൻ 13-02-2014

Monday, February 10, 2014

വരികൾ



നല്ല
രണ്ടു വരികൾ
മനസ്സില്
വരുമ്പോഴാവും

നല്ല
ഇന്ഗ്ലീഷിട്ടു ...
പതപ്പിക്കേണ്ട
ഒരു കോൾ
വരുന്നത്

അത് വച്ചൊന്നു
തിരിഞ്ഞു
വരുമ്പോഴേക്കും
പഴയ വരികൾ
പാട്ടിനു പോയിക്കാണും

പിന്നെ
അതും തിരഞ്ഞു
കൊറേ നടക്കും
പിന്നെ
കുറെ തിരക്കും

പിന്നെ
എവിടെയെങ്കിലും
കാണുമായിരിക്കും
എന്ന് കരുതി മറക്കും

പിന്നെ കാത്തു
കാത്തങ്ങനെ ഇരിക്കും
വരുമായിരിക്കും

ദീപു മാധവൻ - 10-02-2014

Tuesday, February 4, 2014

മേലെ തൊടി



 അല്ലെടാ ചെക്കാ
നിനക്കാ
മേലെ തൊടീൽക്കൊക്കെ
ഒന്ന് കേറി നോക്കിക്കൂടെ
അച്ഛനതാ മടാളും കൊണ്ട്
കേറീട്ടു കൊറേ നേരായി
എന്തെങ്കിലും ഒന്ന് പോയി നോക്കിക്കൂടെ ...

ആദ്യത്തെ അവധിയുടെ ആലസ്യത്തിൽ
പല്ല് തേച്
ചായയും കൊണ്ട് കോലായിൽ
ഇരിക്കുമ്പോഴാണ്
അമ്മ മുറത്തിൽ എന്തോ
ചിക്കിക്കൊണ്ട് ഈ ചോദിക്കുന്നത്

എപ്പഴും
ആ പിന്നെ പോകാന്നു പറയും
അന്നെന്തോ
ഒരു മിന്നൽ പോലെ
ഒന്ന് അകത്തൂടെ പാഞ്ഞു
വര്ഷം ഒന്ന് കഴിഞ്ഞിരിക്കുന്നു
ഞാൻ ആ വഴിയൊക്കെ പോയിട്ട്

ഒര്മകളിലെക്കൊന്നു
ഊളിയിടാൻ തോന്നി

മേലെ തൊടി നിറയെ
തെങ്ങുകളും
പറങ്കി മാവും
നല്ല വരിക്ക പ്ലാവും
മൂവാണ്ടൻ മാവും
ഞാവൽ മരവും
പോടുവുണ്ണി, മഞ്ഞപ്പാവുട്ട
തേക്ക്, മഹാഗണി
കാട്ടുചന്ദനം
മുളങ്കാട്‌
കൈതക്കൂട്ടം...

അങ്ങനെ തുടങ്ങി
അതൊരു ലോകമായിരുന്നു അന്ന്
എഴുതിയാൽ തീരാത്ത ഓര്മകളുടെ ലോകം
കൊത്തിപിടിച്ചു കയറാൻ
പറ്റുന്ന മരങ്ങളൊക്കെ
കീഴടക്കിയിരുന്നു ഒരുകാലത്ത്

ഊഞ്ഞാലിട്ടാദിയും
കല്ലെറിഞ്ഞും
കരിയില കൂട്ടി കുഴിയൊരുക്കിയും
കളിവീടുണ്ടാക്കിയും
തിമിര്ത്തു നടന്ന
ആ പ്രാന്തൻ കാലത്തെയൊക്കെ
ഓര്മിപ്പിച്ചു കൊണ്ട്
അമ്മയിലൂടെ അച്ഛനിലൂടെ
എന്നെ അങ്ങോട്ട്‌
വിളിക്കുന്നതാരായിരിക്കണം

ഇടനെഞ്ചു തുടിക്കുന്നുണ്ട്
എനിക്ക് മനസ്സിലായി
വെട്ടിയൊതുക്കിയ മുളന്കാടിനും
ചന്ദന മരങ്ങൾക്കുമിടയിൽ
തെക്കേ തൊടിയിലുറങ്ങുന്ന
എന്റെ പ്രിയപ്പെട്ടവർ
അവരാണ് എന്നെ മാടി വിളിക്കുന്നത്‌
ആദ്യമേ ചെല്ലാതത്തിനു
പരിഭവം പറയാനായിരിക്കും
ഇല്ലെങ്കിൽ
ചെവി പിടിച്ചു
തിരുമ്മാനായിരിക്കും

കാലുകൾ യാന്ത്രികമായി
ചലിച്ചു തുടങ്ങി
ചെന്നവിടെ കണ്ണുമടച്ചു
നിൽക്കുമ്പോൾ ആരൊക്കെയോ
എന്നെ വന്നു തഴുകുന്നുണ്ടായിരുന്നു
ഞാൻ പോലുമറിയാതെ
കണ്ണ് നിറഞ്ഞു തുടങ്ങുമ്പോൾ
ഞാൻ മടങ്ങി
അവർ കാണണ്ട

രക്തം രക്തത്തെ
തിരിച്ചറിയുന്ന നിമിഷങ്ങളിൽ
ഒരിക്കലും മറക്കാനാവാത്ത
ഒരൊർമയുമായി
ഞാൻ വീണ്ടും
തിരക്കുകളിലേക്ക് മടങ്ങി

- ദീപു മാധവൻ 04-02-2014

അടിവാരത്ത്



കുറച്ചു മാറി
രണ്ടു പാറകളിൽ
കൂനി കൂടിയിരുന്നു
നമ്മുടെ സ്വപ്നങ്ങൾ
എന്തായിരിക്കും
ചിന്തിക്കുന്നത് ...? ...

പിണങ്ങിയിരിക്കുന്ന
നമ്മുടെ സ്വപ്നങ്ങൾക്കിനി
മലയിറങ്ങാൻ
ഒരു രാത്രി കൂടി
കാത്തിരിക്കേണ്ടി
വരും
അതാവുമോ ?

യാത്രകളിൽ
പിണക്കങ്ങളും ഉരുൾ പൊട്ടലും
ഇതാദ്യമല്ലല്ലൊ
എന്നോർത്ത്
നമ്മൾ മിണ്ടാതിരുന്നു

എനിക്കുറപ്പാണ്
അവരാലോചിക്കുന്നത് ഇതാവണം
ഈ രാത്രിയിൽ
പെയ്യാനുറപ്പിച്ച
മഴയിൽ നമ്മളെന്തു
ചെയ്യും.... ?

ഇത്തിരി കൂടി
ചേർന്നിരിക്കൂ
മഴ നനയാതെ
കൂനിക്കൂടി കൈകൾ
ചേർത്ത് പിടിച്ച്
നമുക്കും
ചിന്തിക്കാം....

- ദീപു മാധവൻ 02-02-2014

ഇന്നലെ


ഇന്നലെ സ്വപ്നത്തിൽ
ഒരു മാലാഖ/മാലഖൻ
ചോദിക്കുകയുണ്ടായി
അടുത്ത ജന്മത്തിൽ
നിനക്കാരാകണം എന്ന്

സ്വപ്നത്തിലല്ലേ ...
ഞാൻ ഒന്ന് കൂടെ
ചുരുണ്ട് കൂടി
ആലോചിക്കട്ടെ

പച്ചയായ ഒരു മനുഷ്യനിൽ
ജീവിക്കുന്ന
പച്ചയായ ഒരു കവിയാകണം
എന്നുണ്ട്

കാരണമെന്താ

ഈ ജന്മതിലിന്നെ വരെ
ഒരു കവിയാണെന്ന് പറയാൻ
ധൈര്യം വന്നിട്ടില്ല
എന്നത് തന്നെ

ജീവൻ തുടിക്കുന്ന
ചിത്രങ്ങളൊപ്പുന്ന
ഒരു ഫോടോഗ്രാഫറാകണം
എന്നുണ്ട്

കാരണമെന്താ

ഈ ജന്മതിലിന്നെ വരെ
ഒരു ഫോട്ടോഗ്രാഫർ ആണെന്ന്
പറയാൻ
ധൈര്യം വന്നിട്ടില്ല
എന്നത് തന്നെ

ലോകത്തിന്റെ
മുക്കിലും മൂലയിലും
ഒക്കെ ചെന്നെത്തുന്ന
കെട്ടുപാടുകളില്ലാത്ത
ഒരു ജിപ്സി
ആകണം എന്നുണ്ട്

മുന്നില് വരുന്ന ബോളുകൾ
ഒക്കെ അതിര്ത്തി കടത്തുന്ന
ഇടയ്ക്കിടയ്ക്ക്
സ്റ്റമ്പ്സ് പിഴുതെറിയുന്ന
ഒരു ഓൾറൌണ്ടർ
ക്രിക്കറ്റർ ആകണം എന്നുണ്ട്

ജീവിത ഗന്ധിയായ
സിനിമകൾ ഉണ്ടാക്കുന്ന
ആളാകണം എന്നുണ്ട്

സ്വപ്നങ്ങളല്ലേ
ചിലവൊന്നും ഇല്ലല്ലോ

ഇടക്കൊന്നു
കണ്ണ് തുറന്നു നോക്കി
ദെ അതിഥി
നല്ല ഉറക്കം
തുടങ്ങിയിരിക്കുന്നു

ഉണർത്താൻ പോയില്ല
ചിലപ്പോൾ
എന്നെ പോലെ
സ്വപ്നം കാണുകയാണെങ്കിലോ

സ്വപ്നങ്ങളിലെവിടെയൊക്കെയോ
ഉള്ള പച്ചയായ ഞാൻ
വീണ്ടും
അടുത്ത പുലരിയിലേക്കുള്ള
ഉറക്കത്തിലേക്കു വഴുതി വീഴുന്നു

- ദീപു മാധവൻ 30-01-2014

നില


 നിലയില്ലാക്കയങ്ങൾക്കുമുണ്ടാവില്ലേ
ഒരു നില
ശ്വാസം നിലക്കുമ്പോൾ മാത്രം
എത്തിച്ചേരുന്ന
എത്തിച്ചേരാവുന്ന
ഒരു നില
...
എത്ര ശ്വാസം പിടിച്ചാലാണ്
ആ നിലയൊന്നു
തൊടാനാവുക

23-01-2014

Sunday, January 19, 2014

ഓര്മ വരാന്ത


കാലം മായ്ക്കും പലതും
മാറ്റം അനിവാര്യവും
പക്ഷെ
ചിലത് ഓര്ക്കാതെ വയ്യ

ഒരു വരാന്തയുടെ
ഒന്നേ കാൽ മീറ്റർ വീതിക്കുള്ളിൽ ...
മുക്കാൽ മതിലും ചാരി
തൊണ്ണൂറു ഡിഗ്രീ
നേര്ക്കാഴ്ച്ചയുടെ
അകലം എത്രയെന്ന്
ഇനിയും നമുക്ക്
മനസിലായിട്ടില്ല

പറഞ്ഞിട്ട് കാര്യമില്ല
മാര്ച്ച് പലതു കഴിഞ്ഞു

അവിടെ വരാന്തയിൽ
പുതിയ കോണ്ക്രീറ്റ്
വിരിച്ചുവത്രേ

ചുവരുകളിൽ ചോപ്പ് നിറം
കുറഞ്ഞു വരുന്നത്രേ

പരിഷ്കാരത്തിന്റെ
വര്ണ്ണം പൊലിക്കുന്ന
വലിയ വൃത്തങ്ങളും വരകളും
മറ്റും ഏറ്റെടുത്തിരിക്കുന്നുവത്രേ

പ്രണയത്തിന്
പഴയ മുദ്രാവാക്യങ്ങളുടെ
ചുവപ്പില്ലായിരിക്കണം
അല്ലേ

ബെഞ്ചും ഡസ്കുമൊക്കെ
ആശാരിമാർ വന്നു
ചിപ്പുളി വീശി
മിനുക്കിയത്രേ

എത്രയെത്ര
ലവ് ആൻഡ്‌ ലവ് ഒൻലികൾ
മാഞ്ഞു പോയിരിക്കണം

നമ്മൾ മനസിന്റെ ഡസ്കിലും
കോറിയിട്ടത്‌ നന്നായി
അല്ലെങ്കിൽ അതും അവര്
മായ്ച്ചു കളഞ്ഞേനെ

അധികമാരും ഓർക്കാത്ത
പുറകിലെ വഴി മാത്രം
അത്ര പുരൊഗമിചിട്ടില്ലത്രെ
ഭാഗ്യം
അവിടല്ലേ നമ്മുടെ
മുക്കാൽ ഭാഗം ഓര്മകളും

ദീപു മാധവൻ 12-11-2013

മരണശേഷം

 

മരണത്തിനും മണമുണ്ടോ
മരണ യാത്രക്ക്നല്ല മണമുണ്ട്
നല്ല ചന്ദനം
നല്ല രാമച്ചം
നല്ല സാംബ്രാണി
നല്ല കുന്തിരിക്കം
നല്ല അത്തർ
എന്ത് പുകച്ചിട്ടെന്ത്
എന്ത് പൂശിയിട്ടെന്ത്
എവിടെയൊക്കെയോ ഉതിരുന്ന
കണ്ണീരിനു മാത്രം
ഒരേ നിറം
ഒരേ രുചി

അതാണ്‌ ആരും അറിയാതെ പോകുന്ന
മരണത്തിന്റെയും
യഥാർത്ഥ സുഗന്ധം

ദീപു മാധവൻ 27-11-13

പുതുവത്സരാശംസകൾ

ഡിസംബര് കൊഴിഞ്ഞു വീഴുകയാണ് എവിടെയൊക്കെയോ ഒരുപാടോർമകൾ ബാക്കിയാക്കി ഒരു മെഴുകുതിരി പോലെ ഉരുകി തീരുന്ന ഡിസംബറിൽ വർഷങ്ങൾ പുറകിൽ കഴിഞ്ഞു പോയ ഒരു ഡിസംബറിന്റെ ഓര്മ കുറിക്കട്ടെ.

കുറിക്കാൻ കാരണമുണ്ട് വർഷങ്ങൾക്കിപ്പുറം ഇന്നലെ നമ്മുടെ കഥാ നായിക പറഞ്...ഞൊരു വാചകം " That day god has reputed you to save me... "

എങ്ങിനെ കൂട്ടിയാലും ഒരു ആര് കൊല്ലം പുറകിലായിരിക്കണം മുകളിൽ ആകാശം താഴെ ഭൂമി എന്നും പറഞ്ഞു പറന്നു നടക്കുന്ന കൊച്ചിൻ ജീവിതത്തിനിടയിൽ നാട്ടിലേക്കുള്ള ഒരു നേത്രാവതി ട്രെയിൻ യാത്രയിലാണ് ഞാനും എന്റെ സുഹൃത്തും നമ്മുടെ കഥാ നായികയെ പരിചയപ്പെടുന്നത്.

ട്രെയിൻ യാത്രകളെക്കുറിച്ച് പറയാൻ തുടങ്ങിയാൽ കഥകൾ ഒരുപാടുണ്ട് പക്ഷെ ഈ യാത്രയിൽ അന്ന് ഞാനും അവനും പിന്നെ അവിടിവിടെ കുറച്ചു അപരിചിതരും നേത്രാവതി ആയതു കൊണ്ട് ഒന്ന് രണ്ടു ഹിന്ദിക്കാരും ഉണ്ട്. നമ്മുടെ നായിക ഞങ്ങളുടെ കംബര്ട്ട്മെന്റ്റ്ൽ രംഗ പ്രവേശം ചെയ്യുന്നത് ആലുവയിൽ ആണെന്നാണ്‌ എന്റെ ഓര്മ, സ്വാഭാവികം നമ്മൾ നമ്മുടെതായ രീതിയിൽ ശ്രദ്ധ ക്ഷണിക്കൽ തുടങ്ങി നമ്മളെ ശ്രധിക്കുന്നില്ലെങ്കിൽ പോലും.

അങ്ങനെ മുന്നോട്ടു പോകുന്നതിനിടയിൽ നമ്മുടെ ഭാഗ്യത്തിന് ഏതോ ഒരു ഹിന്ദിക്കാരൻ ലഗ്ഗേജ് വച്ചതിനെ ചൊല്ലി ഈ കുട്ടിയുമായി ഉടക്കുന്നു, ഞങ്ങൾ രണ്ടാളും ചെവിയിൽ കുശു കുശുക്കുന്നു ഹിന്ദി അറിയാൻ പാടില്ലാഞ്ഞിട്ടു കൂടി ഞങ്ങളുടെ ധാര്മിക രോഷം തിളച്ചു പൊങ്ങി, ക്യാ ഹുവാ.... ഇവിടെ .... എന്നും പറഞ്ഞു ഞങ്ങൾ ഈ ഹിന്ദിക്കാരനുമായി തര്ക്കതിലായി ( ഞങ്ങളുടെ ഹിന്ദി ടയലോഗ്സ് ഒക്കെ അത്രക്കും മ്യാരകം ആയതു കൊണ്ടാവണം അയാള് നമ്മളെ വിട്ടു ) അങ്ങനെ ആ പ്രശ്നം തീര്ന്നു പരിചയപ്പെടൽ എന്ന പാലം നമ്മൾ പണിഞ്ഞു കഴിഞ്ഞു.

ചുറ്റും നോക്കി കോളർ ഒക്കെ ഒന്ന് പൊക്കി എല്ലാരേം നോക്കി തിരിച്ചു സീറ്റിൽ വന്നിരുന്നു ആ സ്ഥിതിക്ക് ഒന്ന് സംസാരിച്ചു നോക്കണമല്ലോ അങ്ങനെ സംസാരിച്ചു പരിചയപ്പെട്ടു വന്നപ്പോൾ അയൽവാസികൾ ആയി വരും കൂട്ടുകാരന്റെ ജൂനിയർ ആയി പഠിച്ചതും ആണ് അങ്ങനെ നല്ല കൂട്ടായി വീണ്ടും കാണാം എന്ന് പറഞ്ഞ് രണ്ടു കൂട്ടരും പിരിഞ്ഞു, ഇത് കഥയുടെ ആദ്യ ഭാഗം.

രണ്ടാമത്തെ ഭാഗം ഇങ്ങനെ തുടങ്ങാം , വീട്ടില് വരാത്ത ഒരു ഞായറാഴ്ച നാട്ടിൽ വന്നു തിരിച്ചു പോകാൻ ( അതിന്റെ കാരണം വേറെ ഒരു കഥ അത് പിന്നെ പറയാം ) വളരെ മൂകമായ ഒരു സായാഹ്നം... അങ്ങാടിപ്പുറം സ്റ്റെഷനിൽ, ചില മടങ്ങലുകൾ അങ്ങിനെയാണ് എന്തൊക്കെയോ മറന്നു വെച്ച് പോകും പോലെ യാത്രകളിലെല്ലാം അങ്ങിനെ ഒരു തോന്നൽ എപ്പോഴും ഉണ്ടായിരുന്നു.

ഞാനങ്ങനെ നീണ്ടു നിവര്ന്നു കിടക്കുന്ന പാളങ്ങളെ നോക്കി എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് നില്ക്കുകയാണ് അങ്ങ് ദൂരെ നിന്നും നമ്മുടെ നായിക അനിയനെന്നു തോന്നിക്കുന്ന ഒരു പയ്യന്റെ കൂടെ നടന്നു വരുന്നു. കണ്ടു ചിരിച്ചു അനിയനെ പരിചയപ്പെടുത്തി പിന്നെയും ഇത്തിരി എന്തൊക്കെയോ സംസാരിച്ചു ട്രെയിൻ വരുന്നുണ്ട് ഷോർണൂർ എറണാകുളം പസ്സെന്ജർ രണ്ടാളും ഒരേ കമ്പാർട്ട്മെന്റിൽ തന്നെ കയറി രണ്ടിടത്തായി സീറ്റ് കിട്ടി യാത്ര തുടങ്ങി മിനുട്ടുകൾ മണിക്കൂറുകൾ കീറി മുറിച്ചു കൊണ്ട് ട്രെയിൻ പാഞ്ഞു കൊണ്ടേ ഇരുന്നു.

ഇടപ്പള്ളി എത്തിക്കാണും നോർത്തിൽ ഇറങ്ങാനുള്ള ഞാൻ വാതിലിനടുത്ത് പുറത്തേക്കു നോക്കി നിൽക്കുമ്പോൾ പുറകിൽ നിന്നും അവളെന്നെ വിളിച്ചു ഒന്ന് രണ്ടു വാചകങ്ങൾ മുഴുമിപ്പിക്കും മുന്പ് ആൾ കുഴഞ്ഞു വീണു... തല പുറത്തേക്കിട്ടു കാറ്റും കൊണ്ട് നിന്ന ഞാൻ തലയ്ക്കു വല്ല പോസ്റ്റും കൊണ്ട പോലെ സ്റ്റക്ക് ആയി...!! എന്ത് ചെയ്യണം എന്നറിയില്ല ആളുകളൊക്കെ എന്നെ നോക്കുന്നു കൈയും കാലും അനങ്ങുന്നില്ല എങ്ങിനെയോ അടുത്തൊരു ചേച്ചിയെ വിളിച്ചു കൊണ്ട് വന്നു പുള്ളിക്കാരി കുറച്ചു വെള്ളം ഒക്കെ മുഖത്ത് തളിച്ച് സീറ്റിലേക്ക് കിടത്തി ഈ കുട്ടി തന്റെ ആരാ എന്താ ഇന്ടായെ എന്ന് ആവര്തിചാവര്തിച്ചു ചോദിച്ച ഒരു താടിക്കാരനോട് ഞാൻ പറഞ്ഞ മറുപടി എന്താണെന്ന് എനിക്കെ അറിയില്ല പക്ഷെ പിന്നെ അയാളെ കണ്ടില്ല ഓണത്തിനിടക്കാന് അവന്റെ പുട്ട്.

ട്രെയിൻ നോര്ത്ത് അടുക്കുന്നു ആളുകളൊക്കെ ഇറങ്ങാനുള്ള തിരക്കിൽ ആ ചേച്ചി മോനെ ഞാൻ ഇറങ്ങുവാ എന്നും പറഞ്ഞ് സ്കൂട്ടായി റൂമില നിന്നും മേറ്റ് ഞാൻ വന്നിട്ട് എവ്ടോ പോകാൻ നിക്കുവാ അവന്റെ കോൾ ആളുകളൊക്കെ എന്നെ തുറിച്ചു നോക്കി ഇറങ്ങി പോകുന്നു ആ ട്രെയിനിൽ ഞാൻ ഒറ്റക്കായ പോലെ ഒരുപാട് ചിന്തകള് ഒരുപാട് വാർത്തകൾ ഒക്കെ മനസ്സില് കടന്നു പോയി പിന്നെ ഒന്നും നോക്കിയില്ല ആരോടും ഒന്നും പറഞ്ഞുമില്ല എവിടുന്നോ കിട്ടിയൊരു ധൈര്യം വച്ച് താങ്ങി എടുത്തു ഓട്ടോക്കാരുടെ തുറിച്ചു നോട്ടത്തിനിടയിൽ ഒരു ഓട്ടോയിൽ കയറി ഫോണിൽ നിന്നും ആളുടെ റൂം മേറ്റിന്റെ നമ്പർ തപ്പി കാര്യം അറിയിച്ചു പറഞ്ഞ് തന്ന വഴിയിൽ കൊണ്ട് പോയി ഏല്പ്പിച്ചു , ആരോ ചോദിക്കുന്നുണ്ടായിരുന്നു ഓട്ടോയുടെ കാശ്....
ഞാൻ ഇത്രയും നേരം അനുഭവിച്ച ടെൻഷൻ ഇപ്പോഴാണ് പെങ്ങളെ തീര്ന്നത് ഒന്നും വേണ്ട എന്നും മറുപടി കൊടുത്തു എന്റെ നമ്പറും കൊടുത്തു നേരെ റൂമിലേക്ക്‌ വിട്ടു.

അപ്പോഴും എന്റെ കയ്യുടെയും കാലിന്റെയും വിറയൽ നിന്നിട്ടില്ലായിരുന്നു പിറ്റേന്ന് എനിക്കൊരു കോൾ വന്നു അതവളായിരുന്നു ഞാൻ സംഭവിച്ചതൊന്നും കേള്ക്കുന്നില്ലായിരുന്നു എനിക്കെന്തോ വല്ല്യ സന്തോഷം തോന്നി അത് മാത്രം പറഞ്ഞ് ഫോണ്‍ വച്ചു. ഇന്നലെ ചാറ്റ് ബോക്സിൽ ഈ വരി കണ്ടപ്പോൾ എല്ലാം ഒന്ന് കൂടെ ഓർത്തെടുക്കുന്നു കഴിഞ്ഞു പോയ ഒരുപാട് കഥകളുടെ കൂടെ എന്നും ഒര്ക്കാവുന്ന ഒരു കഥ. എവിടെയോ ഇരുന്നു കുടുംബത്തോടൊപ്പം എന്നെയും ഓര്ക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം, ഈ സ്നേഹം സൗഹൃദം ഇനിയുമുയരെ പറക്കട്ടെ.

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

കവേ നിനക്ക്



ബന്ധങ്ങളുടെ
വില..!!

ആ ദീർഘനിശ്വാസം
എന്തിനോ
എന്നെ പൊള്ളിക്കുന്നു
...
കൂട്ടുകാരാ
വാക്കൊന്നിനു
നൂറു പണത്തൂക്കം
തൂക്കി അളക്കാൻ
പൊന്നല്ലല്ലൊ

എങ്കിലും പൊന്നിനെക്കാൾ
തിളക്കുമുണ്ടാകണം
മൂല്യമുണ്ടാകണം
ഓർമകളിൽ നീ എന്നുമുണ്ട്

നീയിതു പറയുമ്പോൾ
അകമേ
നിറയുന്നോരീ
മൌനത്തിനുള്ളിൽ
നിറയെ
ചോദ്യങ്ങളാണ്

ഒന്നിൽ
നിന്നോന്നിലേക്ക്
എന്നിൽ നിന്നും
നിന്നിലേക്ക്‌

എന്നിങ്ങനെ
പടര്ന്നു നീങ്ങുന്ന
ഒരായിരം
ചോദ്യങ്ങൾ

ചോദ്യങ്ങൾക്കൊക്കെ
മറുപടി കുറെയേറെ
ഓർമകളിൽ
നീ ഇന്നുമുണ്ടെന്നത് മാത്രം

ഈ ഘനീഭവിച്ച
മൌനത്തിനുള്ളിൽ
നിന്നും
എത്ര ദൂരം
നാം സഞ്ചരിക്കണം

നമ്മുടെ പഴയ
ദിന രാത്രങ്ങളുടെ
മങ്ങിയ വെളിച്ചത്തിലേക്ക്
കവികളെ കവിതകളെ
രുചിച്ചു തള്ളിയ
വൈകുന്നെരങ്ങളിലേക്ക്

ഉറക്കെ പാടി
വെളുപ്പിച്ച രാവുകളിലേക്ക്
നീ വരും
നമ്മൾ പഴയ തട്ടകത്തിൽ
ഒരുമിച്ചിരുന്നു പാടും
മറന്നിരുന്നില്ലെന്നു മാത്രമല്ല
മറക്കുകില്ലോരിക്കലും

സ്വന്തം ദീപു - 19-11-14

നിന്റെ വാക്കുകൾ


 നിന്റെ
വാക്കുകൾ

ചിലപ്പോൾ
വെടിയുണ്ടകളെ പോലെ
ആണ്
നിന്റെ ...
വാക്കുകൾ

നെഞ്ചിൽ തറച്ചു
പിന്നെ
ഒന്നു കൂടെ തിരിഞ്ഞു
പല വഴി ചിതറി
പലയിടത്തായി
ലക്‌ഷ്യം
കാണുന്നവ

ഒരു മറുപടിക്ക് പോലും
സമയം കൊടുക്കാതെ
തുളച്ചു കേറുന്നവ

നെഞ്ചിലെ
സുരക്ഷിതത്വം
തേടി വരുന്ന
അവയോടാനെനിക്കേറ്റം
ഇഷ്ടം

പിന്നെയുമുണ്ട്
മെല്ലെ മെല്ലെ
എന്നിലെക്കാഴ്ന്നിറങ്ങുന്ന
വേരുകൾ
പോലെയുള്ള
ചിലവ

ഒരു
ചിലമ്പലോടെ മാത്രം
ചെവിയിൽ മൂളുന്ന
പോൽ ചിലത്

ഇളം
കാറ്റ് പോലെ
കുളിരായി
തഴുകി
ചിലത്

അങ്ങിനെ
നോക്കിയാൽ
പറഞ്ഞു തീരില്ല

ഇണക്കത്തിലും
പിണക്കത്തിലും
പരിഭവത്തിലും
വാശിയിലുമൊക്കെ
നിന്റെ വാക്കുകൾ
പലതാണ്

പക്ഷെ
ഒക്കെയിലുമൊരിത്തിരി
സ്നേഹം പുരട്ടാൻ
നീ മറക്കാറില്ല
എന്നത് തന്നെയാകുന്നു
എന്നും നിന്നെ
കാതോര്ക്കാൻ
ഞാനിഷ്ടപ്പെടുന്നതും

- ദീപു മാധവൻ 19-01-2014

പ്രണയത്തിന്റെ ഋതുക്കൾ

പ്രണയത്തിന്റെ ഋതുക്കൾ
എന്നൊരു പുസ്തകം
എഴുതണമെന്നുണ്ട്.

'അത്ര' എഴുത്ത്
വശമില്ലാത്തത് കൊണ്ട്
അല്ലെങ്കിൽ 'അതിനുമാത്രം'
ധൈര്യമില്ലാത്തത് കൊണ്ട്
അതിനു തുനിഞ്ഞിട്ടില്ല
...
എന്നെങ്കിലും
ഞാൻ എഴുതുമെങ്കിൽ
സ്വന്തമാക്കാൻ
കഴിയില്ലെന്നറിഞ്ഞിട്ടും
പ്രണയത്തിന്റെ
നിന്റെയീ ഭ്രാന്തിനെ,
എന്നിലേക്കടുക്കുന്ന
വാക്കുകളോട് പോലും
ഇവനെന്റെ മാത്രമാണെന്ന് പറഞ്ഞ്
നീ കാണിക്കുന്ന
അസൂയയെ
അസ്വസ്ഥതയെ
എന്ത് തലക്കെട്ടിൽ ഉൾപ്പെടുത്തണം
എന്നതാണ് ഇപ്പോൾ കുഴക്കുന്ന
മറ്റൊരു സമസ്യ.

ഓർമകളിൽ ഉറക്കി കിടത്തിയ
പ്രണയങ്ങളെപ്പോലെ
ആവില്ല നിന്റെയീ ഭ്രാന്ത്
എന്നോർക്കുമ്പോൾ എനിക്കും
ഭ്രാന്ത് പിടിക്കുന്നു
പ്രണയം ഇടക്കെങ്കിലും
ഒരു ഭ്രാന്ത് തന്നെ.

ദീപു മാധവൻ - 08-01-2014