Sunday, February 21, 2016

പിറക്കാതെ പോയവർ

******************************* മഴയുള്ള വെളിച്ചമില്ലാത്ത രാത്രിയിലെന്തിനാണ് നീയെന്റെ ഏകാന്തതയുടെ വാതിലിൽ മുട്ടിയത് ഉരുകിതീര്ന്നിട്ടും വിടാതെ കൂടെയുരുകാൻ വിധിക്കപ്പെട്ട പാവം മെഴുകുതിരിയിയുടെ സിരകളിൽ സീല്ക്കാരം മുഴക്കി കടന്നു പോയ ചാരം മൂടിയോരാഷ്ട്രെയുടെ ഒരു തുള്ളിയില്ലാതെ കുടിച്ചു വറ്റിച്ച വീഞ്ഞു പാത്രങ്ങളുടെ എത്രയാർത്തിയോടെ തിന്നു തീര്ത്തിട്ടും മതിവരാത്ത പലയിനം വരികളുടെ കരകരാ പാടുന്ന ഗ്രമോഫോണിന്റെ ചിതറിക്കിടക്കുന്നോരീ മുറിയുടെ ഒത്തനടുക്ക് ഉന്മാദിയാമെൻ രാത്രിയിലെന്തിനാണ് നീയെന്റെ ഏകാന്തതയുടെ വാതിലിൽ മുട്ടിയത് കാലം രൂപത്തിൽ നമ്മെ മാറ്റിയിരിക്കിലും നാം തമ്മിലെന്തിനു പരിചയപ്പെടുത്തണമല്ലെ നമ്മുടെ വഴികളന്യോന്യം എന്നെ അടയാളപ്പെടുത്തിയവ ആയിരുന്നെങ്കിലും ഭാരങ്ങൾ ഒരുപാടുണ്ടാവണം ഇറക്കി വക്കുവാൻ പരസ്പരം ഒരുമിച്ചെഴുതി പകുതിക്കു വച്ച വരികൾ ജീവിതത്തിന്റെ ഗ്രാഫുകൾ ഒരുമിച്ചു പാടി പാതി നിർത്തിയ പാട്ടുകൾ ഒരുമിച്ചു കണ്ടു തീർക്കാൻ കരുതി വച്ച വിഫലമാം ഭൂപടങ്ങൾ ഉണ്ണികൾക്കിടാൻ നമ്മുടെ പേരുകൾ പിരിച്ചിട്ടു കണ്ടു വച്ചത് ഉടലിലങ്ങോളമിങ്ങോളം പേര് കൊത്തിവക്കാൻ കൊതിച്ച അനേകായിരം ചുംബനങ്ങൾ രാവിന്റെ മാറിലങ്ങിങ്ങായി കോറിയിടാൻ കൊതിച്ച നഖക്ഷതങ്ങളങ്ങിനെയെത്രയെത്ര പിറക്കാതെ പോയ സ്വപ്‌നങ്ങൾ ആര്ക്കൊക്കെയോ വേണ്ടി നഷ്ടപ്പെടുത്തിയ പിറക്കാതെ പോയ സ്വപ്‌നങ്ങൾ. ഈ രാത്രിയിനിയധികം യാമങ്ങളില്ല പുലരാനെങ്കിലും നാം കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കണം നമുക്ക് ചുറ്റും രാത്രി കരിമ്പടം പുതപ്പിക്കട്ടെ നഷ്ടങ്ങളുടെ താരകങ്ങളെ ഈ രാത്രിയിൽ നാം വേട്ടയാടി കീഴടക്കുമിന്ന്.... എങ്കിലും മഴയുള്ള വെളിച്ചമില്ലാത്ത രാത്രിയിലെന്തിനാണ് നീയെന്റെ ഏകാന്തതയുടെ വാതിലിൽ മുട്ടിയത്.... ? - ദീപു മാധവൻ 17-02-2016

Thursday, February 11, 2016

റിയർ മിററിലൂടെ
എത്ര വേണ്ടെന്നു വച്ചിട്ടും
എനിക്ക് കാണാമായിരുന്നു
മനസില്ലാ മനസോടെ
മഞ്ഞിൽ അലിഞ്ഞു
ചേരുന്ന നിന്റെ നിഴലിനെ
ജാലകകാഴ്ചകൾ
മറച്ച മഞ്ഞിലും
കൂടുതൽ
കണ്‍ കാഴ്ചകൾ
മറച്ച കണ്ണീരിന്റെ
നനവായിരുന്നപ്പോൾ
അടക്കി പിടിച്ച
പെരുമ്പറകൾ
സ്റ്റിയറിങ്ങിലൂടെ
വിറയാർന്നുതിര്ന്നു നീങ്ങുമ്പോൾ
ഞാൻ ഓര്മകളുടെ
ഹൈവേയിലേക്ക്
കയറി തുടങ്ങിയിരുന്നു
ഏതോ ഏകാന്ത
യാത്രകളുടെ ഇടയിൽ
കൂടെ കൂടിയ നീ
ഇന്നിവിടെ എവിടെയോ
ഇറങ്ങി എവിടെയോ
മറയുമ്പോൾ
നാമൊന്നിച്ചു
പിന്നിട്ട ദൂരങ്ങളെ
ഞാൻ ഓര്ക്കുന്നു
എവിടെ തീരുമെന്നറിയാത്ത
ഈ യാത്രയിലും
വഴി വിജനമാണ്
ഓര്മകളിലേക്ക് ഗിയര്
പലകുറി മാറ്റിക്കൊണ്ടേ
ഇരിക്കുന്നു
തനിചെങ്കിലും
യാത്രകളോടുള്ള
പ്രണയം തീരുന്നേയില്ല....


****പുതുവത്സരാശംസകൾ****

ജീവിതമെന്ന കറിക്കുള്ള
എല്ലാ രസക്കൂട്ടുകളും
പാകത്തിന് ചേര്ന്ന
ഒരു പാത്രം കൂടി
ഇറക്കി വയ്ക്കും ഇന്ന്
പാകത്തിന് എന്ന്
ഞാൻ വീമ്പു പറയുമ്പോൾ
നിങ്ങൾ കരുതും
ഞാൻ ഒരു നല്ല
പാചകക്കാരൻ ആണെന്ന്
എന്നാലല്ല
ഈ പാത്രം
നല്ലതും ചീത്തയും ആകുന്നത്
എന്നിലൂടെ മാത്രമാണ്
ചീത്തയായവ വേറെ ആര്ക്കും
അറിഞ്ഞു കൊണ്ട്
വിളമ്പാറില്ല/വിളമ്പിയിട്ടില്ല എന്ന് മാത്രം
ഇത്തിരി രുചി കുറഞ്ഞാലെന്താടാ
നമുക്ക് കഴിക്കാനുള്ളതല്ലേ
എന്ന് ചോദിക്കുന്ന അതിഥികളാണ്
ഞാനെന്ന പാചകക്കാരന്റെ ഭാഗ്യം
മുന്നോട്ടു നടക്കാനുള്ള ഊർജവും
പ്രിയപ്പെട്ട ഡിസംബര്
നന്മയുടെ വെളുത്ത പൂക്കൾ കൊരുത്ത
ഒരുപാട് പ്രിയപ്പെട്ട മഞ്ഞുകാലവും
കൊണ്ട് നീയിനിയും കടന്ന് വരും
വരേയ്ക്കും വിട....
ഞാൻ കാത്തിരിക്കും
****എന്റെ പുതുവത്സരാശംസകൾ****
ദീപു മാധവൻ - 31-12-2014

മുറി
#####

എത്രയാവർത്തി
കൊളുത്തു നീക്കിയിട്ടാലും
ഒരു കാറ്റ് പോലുമില്ലെങ്കിലും
നിന്നിലേക്ക്‌ മാത്രം തുറക്കുന്ന
ജനാലകളുള്ള മുറിയാണെന്റെത്
തലയ്ക്കു മുകളിൽ കറങ്ങുന്ന
പങ്കക്കുമപ്പുറം സ്വബോധം വലിച്ചെടുക്കുന്ന
നിന്നിലേക്കുള്ള കുറെയേറെ ചുഴികൾ
ഉണ്ടായിരുന്ന മുറിയാണെന്റെത്
എപ്പോൾ ചെവിയൊർതാലും
നിന്റെ പേര് ചൊല്ലുന്ന
ശംഖു പോലെയുള്ള
ചുവരുകളുള്ള മുറിയാണെന്റെത്
നിന്റെ പാദസരം കിലുക്കിയിട്ട
മണിനാദമൊഴുകുന്ന
മണൽ തരികൾ പോലെ
നിലമുള്ള മുറിയാണെന്റെത്
ആരെയും കാത്തു നില്ക്കാതെ
നീ തള്ളിത്തുറന്നു
വരാറുള്ളതു പോലെ
വാതിലുകളുള്ള മുറിയാണെന്റെത്
എത്ര സുതാര്യമാക്കി വച്ചിട്ടും
ഇന്ന് നിനക്ക് മാത്രം
കയറി വരാൻ പറ്റാത്ത
മുറി കൂടി ആണെന്റെത്...!!!
- ദീപു മാധവൻ - 26-11-2014

മങ്ങിയ വെളിച്ചമുള്ള
ഏതോ ഒരു മുറിയിൽ
നമ്മുടെ മാത്രം സ്വപ്നങ്ങളുടെ
താക്കോൽ തിരഞ്ഞു തിരഞ്ഞു
ഞാനും നീയും
കണ്ടു മുട്ടേണ്ടവരത്രേ
കാടും കടലും
മലകളും താണ്ടി
നാം വന്നെത്തുന്നത്
ആ മങ്ങിയ മുറിയുടെ
ഇരുണ്ട കോണിലാണ്
തിരഞ്ഞു തിരഞ്ഞു
തലകൾ തമ്മിൽ
കൂട്ടി മുട്ടിയപ്പോഴാണ്‌
നാം ആദ്യമായി കാണുന്നത്
തിളങ്ങുന്ന കണ്ണുകളിലെ
അമ്പരപ്പ് മാറി കണ്ണുകൾ
കഥ പറഞ്ഞു തീരുമ്പോൾ
ആറി തുടങ്ങിയ വിയര്പ്പിന്റെ
തണുപ്പായിരുന്നു മേലാകെ
ലോകമാകെ തുറന്നിടാനുള്ള
ഒരായിരം ജാലകങ്ങളുടെ താക്കോൽ
നാം കൈമാറി കഴിഞ്ഞിരുന്നു
അപ്പോഴേക്കും
നാം സ്വപ്നങ്ങളിൽ നിന്നുണരുകയാണ്
യാത്ര പറയരുത്
ഞാൻ നീയും
നീ ഞാനുമായി മാറിയിരിക്കുന്നു
എന്ന് മാത്രം അറിയുക
- ദീപു മാധവൻ 04-11-2014


നേരം
=====
നേരം തെറ്റി
കണ്ണടച്ച് നില്ക്കുകയാണ്
നീയില്ലാതെയീ
പെയ്യും മഴ
നിന് വിരൽ തൊടും
പോലെ നെഞ്ചിലൂടൂർന്നു
പോകുന്നു....
കരളിലൊട്ടി പിടിച്ച്
ഒരു പിടി
ഗുൽമോഹർ പൂക്കൾ
അങ്ങിങ്ങായി
വീണു കിടക്കുന്നു
എനിക്ക് ചുറ്റും
ഉരുകിയൊലിക്കുമീ
മഴയിൽ നാം
നമുക്ക് വേണ്ടി മാത്രം
കാത്തു വച്ച
പലതുമുണ്ടായിരുന്നൂ സഖീ
നീ അറിയുന്നുവോ
നമ്മുടെ വാക മരം
ഇപ്പോഴും ചുമപ്പു കുടയുമായി
നിന്നെയും കാത്തെന്റെ
കൂടെയുണ്ട്...
- - 19-06-2014

അവർ
എന്നിൽ നിന്നും
നിന്നിൽ നിന്നുമിറങ്ങി
അടിവാരത്തെ
ഒറ്റയടിപ്പാതയിൽ
കണ്ടു മുട്ടുന്നു
ഒന്ന് ചേർന്ന്
നാമറിയാതെ
യാത്രയാകുന്നു
അവർ നമ്മൾ
കുടിൽ കെട്ടി പാര്ക്കാൻ
വച്ച
കരയുടെ തീരത്ത്
നമ്മളെയും കാത്തിരിപ്പുണ്ട്‌
ഞാനും നീയുമപ്പൊഴും
പറയാതെ മാറ്റിവച്ച
കാണാതെ പോയ
ഇഷ്ടങ്ങളുടെ നിഴലുകൾ
പോയതറിയാതെ
നിഴലുകളില്ലാതവരായി
ജീവിച്ചു കൊണ്ടേ
ഇരുന്നു
അറിഞ്ഞിട്ടും അറിയാതവരെപ്പോലെ
നിഴലുകളില്ലാത്ത രണ്ടാത്മാക്കൾ
- ദീപു മാധവൻ

വിഷു
=====
കടലുകൾക്കിപ്പുറം
മനസ്സ് കൊണ്ട് കാണുന്ന
കൊന്നപ്പൂക്കൾക്ക്
വിഷുക്കണിക്ക്
നൊമ്പരമൂറുന്ന
ഒരായിരം ഓര്മകളുടെ
കൂട്ടുണ്ട്
കൊന്ന മരത്തിന്റെ
മിനുസം
നെഞ്ചിലെ തൊലി പൊള്ളിയ
നീറ്റൽ
എല്ലാം ഇപ്പോഴുമുണ്ട് കൂടെ
കത്തിച്ചു കൊതി തീരാത്ത
കമ്പിതിരികളുടെ
ഒട്ടൊരു ഗമയോടെ
പൊട്ടിച്ചു തീർത്ത
മാലപ്പടക്കങ്ങളുടെ
കയ്യിൽ കിടന്നു
കറങ്ങിയിറങ്ങിയ
നിലച്ചക്രങ്ങളുടെ
അങ്ങിനെ വെടിമരുന്നിന്റെ
മണം കാത്തിരിക്കുന്ന സന്ധ്യകൾ
ഉറക്കച്ചവടോടെ
കണ്ണുപൊത്തി
അമ്മയുടെ സാരിയിൽ തൂങ്ങി
വന്നു നിറദീപം നോക്കി നിന്നത്
കൈ നീട്ടമായി കിട്ടുന്ന
നാണയങ്ങളുടെ തണുപ്പ്
കൌതുകം
നൊമ്പരമൂറുന്ന
ഒരായിരം ഓര്മകളുടെ
കൂട്ടുണ്ട്
അതുമതി
നഷ്ടങ്ങളുടെ പട്ടികയിൽ
ഒരു വിഷുക്കാലം കൂടി
ചേർത്ത് വച്ചുണ്ണാൻ.
-ദീപു മാധവൻ 15-04-2014

ആമേൻ
=======
തിരുവോസ്തിയിൽ
തിരു രൂപം കണ്ടെന്നു
കപ്യാര് വന്നു
പറയും വരെ
ഇടവകക്കാര്ക്ക്
പള്ളീലച്ചൻ
പള്ളീൽ അച്ചൻ
പരിഷ്കാരി അച്ചൻ
മാത്രമായിരുന്നത്രെ
കാരണം
തിരു രൂപം മനസ്സില്
വേണ്ടുവോളമുണ്ട്
ഞാൻ ക്രൂശിതർക്ക് വേണ്ടി
മാത്രം നില കൊള്ളുന്നു
എന്നെവിടെയോ പറഞ്ഞതിന്
അന്നത്തെ രാത്രി
പാവം അച്ചൻ
ഉറങ്ങിയിട്ടില്ല
ഇടവകക്കാരു
മൊത്തം
അന്തം വിട്ടു
അച്ഛനും പള്ളിക്കും
ചുറ്റും കാവലിരുന്നു
യേശു അന്ന്
സുഖമായുറങ്ങി
കാണണം
നിന്നെ പോലെ
നിന്റെ അയല്ക്കരനെയും
സ്നേഹിക്കാൻ
ക്രൂശിതർക്കായ്
അന്ന് പുലരുവോളം
യേശു ഉറങ്ങട്ടെ
ആമേൻ
- ദീപു മാധവൻ - 27-03-2014

heart emoticon വാക്കുകൾ
===========
പ്രണയത്തിനു
മാത്രമായി
വാക്കുകളുണ്ടോ
ഉണ്ടാവണം
നിന്റെ
അഭാവങ്ങളിൽ
മാത്രം പിറക്കുന്ന
ചില വാക്കുകളുണ്ട്
ഏതൊക്കെയോ
ഇടനാഴികളിൽ
വഴിത്താരകളിൽ
ഗോവണിപ്പടികളിൽ
പ്രതിധ്വനിച്ചു
നിന്നെ തിരഞ്ഞുകൊണ്ടെന്നെ
വന്നുലയ്ക്കുന്ന
ചില വാക്കുകൾ
നിമി നേരം
കൊണ്ടെന്നെയും
നിന്നെ തിരഞ്ഞു
നടക്കാൻ വിട്ടോടി
മറയുന്ന വാക്കുകൾ
ഒരുന്മാദിയെപ്പൊലെ
ഒരപ്പൂപ്പൻ താടിയുടെ
കനം പോലുമില്ലാതെ
ഞാൻ ഞാനല്ലാതായി
മാറാറുണ്ട്
നിന്റെ മാത്രം
പ്രണയത്തിന്റെ
വാക്കുകളിൽ
അലിഞ്ഞു ചേരാറുണ്ട്
ഉണ്ട്
പ്രണയത്തിനു മാത്രം
നല്കാവുന്ന
ചില വാക്കുകളുണ്ടിതുപോലെ..!!
- ദീപു മാധവൻ - 17-02-2014

കൂമൻ
======
എന്നത്തേയും പോലെ
ഇന്നും രാത്രി
ഞാൻ
അര മതിലിന്റെ
അപ്പുറത്തെ
ചാമ്പ മരത്തിൽ
ഒരു കൂമനെ പോലെ
ആകാശം നോക്കി
ഇരിക്കും
ആകാശം കാണാതെ
നീ ഇറങ്ങി
വരുമെങ്കിൽ
ഈ രാത്രി തന്നെ
എത്ര രാത്രികൾ
ഞാൻ നോക്കിയിട്ടും
നമ്മെ അറിയാത്ത
ആകാശങ്ങളുടെ
ചുമരുകളിൽ
നിന്റെയും എന്റെയും
പേരുകൾ
കോറിയിടണം
അപ്പുറവും
ഇപ്പുറവും
ഹൃദയ ചിഹ്നം പോലെ
നക്ഷത്രങ്ങൾ തുന്നി
പിടിപ്പിക്കണം
ഇന്നലെ
നമ്മെ അറിയില്ലെന്ന്
കൈ മലര്ത്തിയ
മേഘങ്ങൾ
പറവകൾ
ഒക്കെ നാളെ
നേരം വെളുക്കുമ്പോൾ
നാണിച്ചു
തല താഴ്തി
പറക്കട്ടെ
നിലാവൊഴുകുന്ന
മറ്റൊരു
താഴ്വാരത്ത് നിന്ന്
തിളങ്ങുന്ന നമ്മുടെ
നക്ഷത്രങ്ങളെയും നോക്കി
നിന്റെ മാറിൽ
തല ചായ്ച്ചു
ഞാനുറങ്ങും.
- ദീപു മാധവൻ 16-02-2014

പ്രവാസത്തിന്റെ ആദ്യ ദിനങ്ങളിൽ നേരിട്ട

Wednesday, January 6, 2016

ആകസ്മികം


*******************
കലാലയത്തെ പിരിഞ്ഞതിന്റെ
പിറ്റേ ആണ്ടിൽ 
യുവജനോത്സവത്തിന്റെ
അന്നാണ് വീണ്ടും
ഞങ്ങൾ ബഹളങ്ങൾ
എല്ലാവരും ഒന്നിച്ചത്
പഴയ നിശ്വാസങ്ങളെ
ശാസനകളെ ...
തൊട്ടും തലോടിയും
പുതിയ തലമുറകളെ
ആഘോഷങ്ങളെ
അസൂയയോടെ നോക്കിക്കണ്ടും
തിരിച്ചിറങ്ങുമ്പോൾ
പുറത്തേക്കുള്ള വഴിയിൽ
അവിടെയാകെ തിരഞ്ഞിട്ടും
കാണാതെ പോയല്ലോ എന്നോർത്ത
വലിയ കണ്ണുകളുള്ള
അവസാന വര്ഷ ബിരുദക്കാരി
വിട വാങ്ങലിന്റെ വേദന
തലമുറകൾ കൈമാറി
അവളിലെത്തി നില്ക്കുകയാണ്
ഇരമ്പി വന്ന ഓർമകളെ
ഒരു പുഞ്ചിരിയിലൊതുക്കി
വിറയാർന്ന കൈകളാൽ
നീട്ടിയ ഓട്ടോഗ്രാഫിൽ
നോക്കി അക്ഷരം മറന്നു നിന്നു
അരുതെന്നാഗ്രഹിച്ചിട്ടും
ആ വിറയാർന്ന കൈവെള്ളയിൽ
എന്തോ കോറിയിട്ട്
തിരിഞ്ഞു നോക്കാതെ നടന്നു
പിന്നെടെപ്പോഴോ ഒരിക്കൽ
പറഞ്ഞിരുന്നു അതെന്റെ
വിരലുകളായിരുന്നില്ല പെണ്ണെ
എനിക്കറിയാമായിരുന്നു എന്ന് മറുപടി
വർഷങ്ങൾ കടന്നു പോയിരിക്കുന്നു
ഒരു വിവാഹ ആല്ബത്തിലേക്ക്
ചേക്കേറിയ ആ കൈവെള്ള
ഇപ്പോഴോർക്കേണ്ടി വന്നത്
അന്നല്ലെന്നു പറഞ്ഞ
അതെ വിരലുകളാൽ എന്നത്
ആകസ്മികം മാത്രം.....!!!
ദീപു മാധവൻ - 05-01-2016

Monday, January 4, 2016

മിസ്റ്റീരിയസ്


**************

ഉള്ളത്
ഓർത്തെടുക്കാൻ;
അങ്ങിനെ അളന്നെടുക്കാൻ
അധികമൊന്നുമില്ലാത്ത
ശരാശരി പോലെ
തോന്നിപ്പിക്കാവുന്ന
ഒരു സെമി മിസ്റ്റീരിയസ്
ഉപബോധവും  
ഭൂതകാലവും മാത്രം  

അവയാണ്
ചിതലരിച്ചതായും
ഇരുട്ട് മൂടിയതായും
ഭാരമില്ലാതെയുയർന്ന്
കൊക്കയിലേക്ക് പതിച്ചതായും
പിന്നെ ഇല്ലാതെയായതായും
തുടങ്ങി......

ഏകാന്തതയുടെ
തണുപ്പുള്ള കുളംബടികളുടെ  
അകമ്പടിയോടെ സ്വപ്നങ്ങളിലേറി  
എവിടെയൊക്കെയോ നിന്ന്
കോടമഞ്ഞ്‌ പോലെയെന്നിലേക്ക്
ഊളിയിട്ടിറങ്ങുന്നത്‌...

ഉറക്കത്തിനിടെ മാത്രം വരുന്ന
അതിഥിയെയെത്ര
ഞെട്ടിതിരഞ്ഞു നോക്കിയിട്ടും
ഓർത്തെടുക്കാൻ കഴിയുന്നേയില്ല
ഇല്ല മുന്പെങ്ങും കണ്ടിട്ടേയില്ല...

ഇല്ല പണ്ടെങ്ങും പൈൻ
മരങ്ങള്ക്കിടയിലൂടെ
കുതിര സവാരിക്ക് പോയതായി
ഞാൻ ഓർക്കുന്നേയില്ല...

പക്ഷെ ഈ  കോച്ചുന്ന തണുപ്പിന്റെ
രൂക്ഷ ഗന്ധം
ഓർത്തെടുക്കാൻ പറ്റാത്ത
എവിടെയൊക്കെയോ എന്നെയും
കൊണ്ട് കുതിച്ചു പാഞ്ഞു കൊണ്ടേയിരുന്നു....!!!

- ദീപു മാധവൻ - 04-01-2016