Sunday, February 21, 2016

പിറക്കാതെ പോയവർ

******************************* മഴയുള്ള വെളിച്ചമില്ലാത്ത രാത്രിയിലെന്തിനാണ് നീയെന്റെ ഏകാന്തതയുടെ വാതിലിൽ മുട്ടിയത് ഉരുകിതീര്ന്നിട്ടും വിടാതെ കൂടെയുരുകാൻ വിധിക്കപ്പെട്ട പാവം മെഴുകുതിരിയിയുടെ സിരകളിൽ സീല്ക്കാരം മുഴക്കി കടന്നു പോയ ചാരം മൂടിയോരാഷ്ട്രെയുടെ ഒരു തുള്ളിയില്ലാതെ കുടിച്ചു വറ്റിച്ച വീഞ്ഞു പാത്രങ്ങളുടെ എത്രയാർത്തിയോടെ തിന്നു തീര്ത്തിട്ടും മതിവരാത്ത പലയിനം വരികളുടെ കരകരാ പാടുന്ന ഗ്രമോഫോണിന്റെ ചിതറിക്കിടക്കുന്നോരീ മുറിയുടെ ഒത്തനടുക്ക് ഉന്മാദിയാമെൻ രാത്രിയിലെന്തിനാണ് നീയെന്റെ ഏകാന്തതയുടെ വാതിലിൽ മുട്ടിയത് കാലം രൂപത്തിൽ നമ്മെ മാറ്റിയിരിക്കിലും നാം തമ്മിലെന്തിനു പരിചയപ്പെടുത്തണമല്ലെ നമ്മുടെ വഴികളന്യോന്യം എന്നെ അടയാളപ്പെടുത്തിയവ ആയിരുന്നെങ്കിലും ഭാരങ്ങൾ ഒരുപാടുണ്ടാവണം ഇറക്കി വക്കുവാൻ പരസ്പരം ഒരുമിച്ചെഴുതി പകുതിക്കു വച്ച വരികൾ ജീവിതത്തിന്റെ ഗ്രാഫുകൾ ഒരുമിച്ചു പാടി പാതി നിർത്തിയ പാട്ടുകൾ ഒരുമിച്ചു കണ്ടു തീർക്കാൻ കരുതി വച്ച വിഫലമാം ഭൂപടങ്ങൾ ഉണ്ണികൾക്കിടാൻ നമ്മുടെ പേരുകൾ പിരിച്ചിട്ടു കണ്ടു വച്ചത് ഉടലിലങ്ങോളമിങ്ങോളം പേര് കൊത്തിവക്കാൻ കൊതിച്ച അനേകായിരം ചുംബനങ്ങൾ രാവിന്റെ മാറിലങ്ങിങ്ങായി കോറിയിടാൻ കൊതിച്ച നഖക്ഷതങ്ങളങ്ങിനെയെത്രയെത്ര പിറക്കാതെ പോയ സ്വപ്‌നങ്ങൾ ആര്ക്കൊക്കെയോ വേണ്ടി നഷ്ടപ്പെടുത്തിയ പിറക്കാതെ പോയ സ്വപ്‌നങ്ങൾ. ഈ രാത്രിയിനിയധികം യാമങ്ങളില്ല പുലരാനെങ്കിലും നാം കണ്ണുകളിലേക്ക് തന്നെ നോക്കിയിരിക്കണം നമുക്ക് ചുറ്റും രാത്രി കരിമ്പടം പുതപ്പിക്കട്ടെ നഷ്ടങ്ങളുടെ താരകങ്ങളെ ഈ രാത്രിയിൽ നാം വേട്ടയാടി കീഴടക്കുമിന്ന്.... എങ്കിലും മഴയുള്ള വെളിച്ചമില്ലാത്ത രാത്രിയിലെന്തിനാണ് നീയെന്റെ ഏകാന്തതയുടെ വാതിലിൽ മുട്ടിയത്.... ? - ദീപു മാധവൻ 17-02-2016