Thursday, March 13, 2014

ശലഭ ചിറകുകൾ

നിന്റെ
പൂമ്പാറ്റയാണെന്ന് ചൊല്ലി
നീ തുന്നിപ്പിടിപ്പിച്ച
ശലഭ ചിറകുകൾ

സ്വപ്നങ്ങളിലാരോ
മുളം ചില്ല ...
കൊണ്ടെറിഞ്ഞു വീഴ്ത്തുന്നു

കാറ്റിനും
തേൻ നുകരും
പൂവിനും
നോവാതിരിക്കാൻ

കനം കുറച്ചു
നീ തുന്നിയ
ചിറകുകൾ
ചിതറിയകലുന്നത്

തൊണ്ടയിലെവിടെയോ
കുരുങ്ങിയ
ശബ്ദം മാത്രമായി
ഞാൻ കണ്ടു നില്ക്കുന്നു

എത്ര ചിതറിയകന്നിട്ടും
നീ തുന്നിപ്പിടിപ്പിച്ച
നിറങ്ങളൊക്കെയും
പുഞ്ചിരിച്ചു കൊണ്ടെന്നെ
വട്ടമിട്ടു പറന്നു
കൊണ്ടേ ഇരുന്നു

ഞാനുമാ
ചിറകിൻ കഷ്ണങ്ങൾക്ക് കൂടെ
ഒരു കൊക്കയിലേക്ക്
പതിക്കുന്നു
നീ തുന്നിയ നിറങ്ങളുടെ
താഴ്വാരത്തിലേക്ക്

- ദീപു മാധവൻ - 13-03-2014

ഭ്രമണം

ഉരുകിയൊലിക്കുന്നൊരഗ്നി
പർവതം നീ

ചൊക ചൊകന്നനെ
തിളച്ചു മറിയുന്ന
ലാവ
നിന് പ്രണയം...

കണ്ണുകൾ തുറക്ക വയ്യ
കാതുകളുരുകി
വീഴുമായിരിക്കാമെന്തെന്തു
ബാക്കിയാകുമറിവീല
ശിഷ്ടം

തീക്ഷ്ണമീ
ഭ്രമണമെങ്കിലുമാ
ലാവയിലുറഞ്ഞു

നിന്നെ
നിന് പ്രണയത്തെ
പുൽകുവാനിനിയുമെത്ര
കാതമീ
ഭ്രമണമറിവീല
തോഴീ....

- ദീപു മാധവൻ - 11-03-2014

നീല കടലുകൾ

നാം ഒരുമിച്ചു
സ്വപ്നം കാണാറുള്ള
നീല കടലുകൾ താണ്ടി

എന്നിലേക്കുള്ള
യാത്രയിൽ
നിനക്ക് വഴി കാണിക്കാൻ
വഴി മരങ്ങളുണ്ടായിരുന്നോ ?

നക്ഷത്രങ്ങൾക്കിടയിൽ ...
ഒരു കുഞ്ഞു നക്ഷത്രം
നിന്നെ മാടി
വിളിക്കുന്നുണ്ടായിരുന്നോ ..?

മേഘങ്ങൾക്കിടയിൽ
നീയൊരു
ചൂണ്ടു പലക
കണ്ടായിരുന്നോ ?

ഞാൻ നീയറിയാതെ
രാത്രിയുടെ
ഏതോ യാമങ്ങളിൽ
ഉറങ്ങിക്കിടക്കുന്ന
നിന്നെ കണ്ടു തിരിച്ചു
പോരുമ്പോഴൊക്കെ

അവിടവിടെ
നിനക്ക് വേണ്ടി
എന്തെങ്കിലും അടയാളങ്ങൾ
കരുതി വച്ചിരുന്നു

എന്നെങ്കിലും
നീ ആ വഴി
വരുമെന്ന
തോന്നലിൽ...

ഇനിയുമെത്ര ദൂരമുണ്ട്
നമുക്കിടയിലെന്ന
ചോദ്യത്തിനുത്തരം
കിട്ടുമ്പോഴേക്കും
ഇങ്ങെത്തിക്കാണും

പിന്നെ
പരിഭവങ്ങളും പരാതികളും
ഇല്ലാത്ത മറ്റൊരു ലോകം
പണിയണം നമുക്ക്
നമുക്ക് മാത്രം
പാര്ക്കാവുന്ന ഒന്ന്.

- ദീപു മാധവൻ 10-03-2014