Wednesday, February 27, 2013

ആദരാന്ജലികള്‍


 
 
 
 
 
 
 
 
 
 
-------------------------

നിന്നെ ഞാന്‍ കണ്ടിട്ടില്ല
നിന്നോട് ഞാന്‍ മിണ്ടിയിട്ടില്ല
എന്തിന് നീ എന്റെ
സുഹൃത്ത്‌ കൂടെ അല്ല
പക്ഷെ ഏതൊരു
ഫോടോഗ്രാഫരുടെയും സ്വപ്നം
... മാനത്ത് പൊട്ടി വിരിയുന്ന
തീപ്പൊരി ചാലിച്ച വര്‍ണ്ണക്കുടകള്‍
വരകള്‍ , കുറികള്‍....
അവയെ കണ്ണു കൂര്‍പ്പിച്ചു
നീയിരിക്കുമ്പോള്‍
പുറകിലൂടെ പാഞ്ഞു വന്ന
വിധിയുടെ ചൂളം വിളി
നീ കേള്‍ക്കാതെ പോയല്ലോ...
അപരിചിതരായിട്ടു കൂടെ
ആ വാര്‍ത്ത‍ മനസ്സിനെ മുറിവേല്‍പ്പിക്കുന്നു
ചിത്രങ്ങളെ സ്നേഹിക്കുന്ന
അവയെ പകര്‍ത്താന്‍ ഇഷ്ടപ്പെടുന്ന
ഒരു എളിയ
സഹോദരന്റെ ബാഷ്പാനജലികള്‍
ഇനി നീ നിന്റെ ചിത്രങ്ങളിലൂടെ ജീവിക്കും
ഓര്‍മകള്‍ക്ക് മരണമില്ലാത്ത കാലം വരെ.

Sunday, February 24, 2013

ഓര്‍മകളില്‍ ഒരു നിമിഷം.


 
 
 
 
 
 
 
 
 
 

 
 
 
 
 
 
 
 
രാവിന്റെ നിലാവെളിച്ചത്തില്‍
അന്തമില്ലാതെ നാം നടന്നു തീര്‍ത്ത
തെരു വഴികള്‍
നാം കയറി ഇറങ്ങിയ
പീടിക തിന്ണകള്‍, കൊട്ടകകള്‍
കടലോരം
...
അവിടെ എവിടെയോ നാം
നമ്മെ തന്നെ മറന്നു വച്ചിരിക്കുന്നു....
ഓര്‍മകളില്‍ തിരിച്ചു വരാവുന്നവ
അന്ന് ഉറപ്പു തന്നത് പോലെ
ഇന്നലെയും വന്നിരുന്നു

പുലര്‍ച്ചെ ഇനി മിണ്ടരുതെന്ന്
പറഞ്ഞു നീ തല്ലിയുടച്ച ചില്ലലാറം
ഇപ്പോഴും എവിടെയോ
കിടന്നു മണി മുഴക്കുന്നു

ആ നുറുങ്ങു ചില്ലുകള്‍
ഇപ്പോഴും എവിടെയോ
കോറി വരയ്ക്കുന്നു
എന്നെ മൂന്നു വട്ടം മുറുക്കെ
കെട്ടി പിടിക്കുന്നു വേദനിപ്പിക്കാതെ...

അടുത്ത സീനില്‍
കാറ്റില്‍ പായുന്ന
ഇരുചക്ര ശകടത്തില്‍
രണ്ടു മൌനത്തിന്റെ ആത്മാക്കള്‍
ഒരായിരം വട്ടം ഞാന്‍ എങ്ങോട്ടുമില്ല
എന്ന് നീ പറയുന്നതെനിക്ക്
ഇപ്പോഴും കേള്‍ക്കാം

കണ്ണുകള്‍ സെല്‍ഫ് ഡ്രൈവ് മോഡിലിട്ടു
ഞാന്‍ യന്തിരനെ പോലെ
തല തിരിച്ചു നിന്നെ നോക്കി
അങ്ങനെ ഇരിക്കും

റെയില്‍വേ സ്റ്റേഷന്‍ കാണുമ്പോള്‍
നീ എന്നെ നുള്ളിയുനര്തും
ടിക്കെറ്റ് എടുക്കാന്‍ നീ വരിയില്‍
നില്‍ക്കുമ്പോള് നീ ചൂളം വിളിയില്‍
കൈ വീശി കടന്നു പോകുമ്പോള്‍ ‍
ഞാന്‍ ഒരു വരി പോലെ വീണ്ടും
തിരക്കുകളുടെ നഗരത്തില്‍ ലയിച്ചു ചേരും....

ഓര്‍മകളില്‍ നിന്നുണരുന്നു
ലോകേഷന്‍ ചെറിയ ഒരു മാറ്റം
മണല്‍ കാടുകളില്‍ ആണ്
അടുത്ത സീന്‍.

ശുഭം.

ദീപു മാധവന്‍ - 24-02-2013

Tuesday, February 19, 2013

ഓര്‍മ്മകള്














ഓര്‍മകളില്‍ ഒരിളം കാറ്റായി നിന്നെ തഴുകാന്‍
ഒരു പുഴയായി നിന്നെ ഉണര്‍ത്താന്‍
ഒരു ചാറ്റല്‍ മഴയായി നിന്നെ -
തലോടാന്‍.. കൊതിച്ചു പോകുന്നു ഞാന്‍..

വെറുതെ വീണു കിട്ടുന്ന -
നിമിഷങ്ങലത്രയും ഞാനെന്നെ തന്നെ
പണയം വക്കുകയാണ്, അതിന്റെ -
പലിശ എത്രതോലമെന്നറിയാതെ ...!

നടന്നു തീര്‍ക്കുവാനുള്ള വഴികള്‍ -
അതിനേക്കാള്‍ ഇന്നെന്നെ
വേട്ടയാടുന്നത് , നടന്നു തീര്‍ത്ത
വഴികളാണ്...

മഞ്ഞു പെയ്യുന്ന ഒരു ജനുവരിയുടെ
പ്രഭാതം , മൂടുപടമണിഞ്ഞു നീയെന്നെ
തിരഞ്ഞു നില്‍ക്കുന്ന -
ആ കാഴ്ച...
പരിചിതരല്ലാതിരുന്നിട്ടു കൂടി -
ജന്മാന്തരങ്ങള്‍ ഒരുമിച്ചു പിന്നിട്ട പോലെ
ഒരു യാത്ര , നിമിഷങ്ങള്‍ യുഗങ്ങളായി
തള്ളി നീക്കിയ ഒരു പകല്‍,
അതിലും നീണ്ട ഒരു രാത്രി...

ഭാവിയെ വെല്ലു വിളിച്ചു കൊണ്ട്
വര്തമാനതിലെരി ഒരു സ്വപ്നാടനം;
പിന്നെ പറിച്ചു നടാന്‍ വയ്യാത്ത
ഒരു മരമായി നീയെന്നില്‍ പടര്‍ന്നു -
കയറുകയായിരുന്നു...

സ്വബോധം പലതിനെയും -
തടയുവാന്‍ ശ്രമിക്കുമ്പോഴെല്ലാം
നിന്റെ ചുടു നിശ്വാസങ്ങള്‍ എന്നെ
മുറുകെ പുണര്‍ന്നു കൊണ്ടേയിരുന്നു..
ഞാന്‍ വീണ്ടും നിശയുടെ മാറില്‍ -
തളര്ന്നുരങ്ങിക്കൊണ്ടിരുന്നു ...

ഋതുക്കള്‍ പലയാവര്‍ത്തി വന്നു -
മറഞ്ഞു കൊണ്ടിരുന്നു ..
ഞാനും നീയും അപ്പോഴും -
ആ നനുത്ത മഞ്ഞിന്റെ മറവില്‍ ;
സ്വപ്‌നങ്ങള്‍ പണിതു കൊണ്ടേയിരുന്നു..

പ്രണയം അതിന്റെ മാസ്മര -
ചിത്രം നമ്മില്‍ കര വിരുതോടെ
ചലിച്ചു കൊണ്ട് അതിന്റെ -
പുതിയ ലോകം തീര്‍ക്കുകയായിരുന്നു..
ഋതുക്കള്‍ക്ക് നാണിച്ചു ചിരിക്കാന്‍ വീണ്ടുമൊരു -
പ്രണയ വസന്തം....

ഒരു സ്വപ്നത്തില്‍ ചിറകിലേറി
വരുന്ന നിന്റെ കൈവിരലുകള്‍
ഇന്നും എന്നെ തലോടിക്കൊന്ടെയിരിക്കുന്നു...
എന്നത്തേയും പോലെ എന്നെ -
ഉറങ്ങുവാന്‍ വിടാതെ....
ഞാന്‍ വീണ്ടു നിന്നിലേക്കമരുന്നു......

ദീപു മേലാറ്റൂര്‍.

Sunday, February 17, 2013

ദെമൊക്ലീസിന്റെ വാള്‍














വിചാരണകള്‍ കേള്‍ക്കാന്‍
കോടതികളില്ലാത്ത നേരം
ഇനി ;
കൈ വിടാന്‍ ഇനി
ദൈവം മാത്രം;
കൂട്ടിയും കിഴിച്ചും
ദൈവത്തിനു
കിട്ടാവുന്ന ഉത്തരത്തില്‍
പല സാധ്യതകളുണ്ട്
അതിലൊന്ന് ഞാനൊഴികെ
ആര്‍ക്കും കാണാന്‍
കൌതുകം തോന്നാം
ഞാന്‍ ഇപ്പോഴും കാണുന്നു
നെറുകിനു തൊട്ടു മുകളില്‍
തൂങ്ങി നില്‍ക്കുന്ന
ഒരു കൂര്‍ത്ത വാള്‍
ആ ചരടിന്റെ അറ്റമാണ്
ദൈവത്തിന്റെ കൈകള്‍
സൃഷ്ടിക്കാനും
സംഹരിക്കാനും
പോന്ന ദൈവത്തിന്റെ കൈകള്‍ ..!!


ദീപു മേലാറ്റൂര്‍   18-02-2013



 

എന്നെ പറ്റി, എന്നെ പറ്റി




സീന്‍ ഒന്ന്

എന്നെ പറ്റി എഴുതാറുണ്ടോ ?
എന്നെ പറ്റി എഴുതാമോ ?

നിന്നെക്കുറിച്ചു ഞാന്‍ എന്തെഴുതാനാണ് ?
നമ്മുടെ പ്രണയത്തെക്കുറിച്ച്
ഞാന്‍ ഇനി എന്ത് പറയാനാണ്
എന്റേതെന്നു തോന്നിചെന്നും കൊതിപ്പിച്ചു
പെയ്തു തോരുന്ന മഴയെപ്പോലെയായിരുന്നു
നമ്മുടെ പ്രണയവും നീയും....

ഞാന്‍,
പ്രണയത്തിന്റെ താളുകളില്‍ എന്തൊക്കെയോ
കുത്തിക്കുറിക്കുവാന്‍ വിധിക്കപ്പെട്ട
ഏകാന്ത പഥികനും .

ഞാനും നീയും നമ്മുടെ പ്രണയവും
ഒരുമിച്ചു നീന്തിയ പുഴ
ഇപ്പോള്‍ തണുത്തുറഞ്ഞു ,
അലയോടുങ്ങി ശാന്തമായുരങ്ങുകയാണ്...
നാം പല കുറി
ഇമവെട്ടാതെ നോക്കിയിരുന്ന
മീന്‍ കുരുന്നുകളും
പായല്‍പ്പടര്‍പ്പില്‍ നമ്മെ
നാണത്തോടെ നോക്കി നിന്നിരുന്ന ആമ്പല്‍ പൂവും
ഒക്കെ കഴിഞ്ഞ കാലത്തിന്റെ
ജീവനില്ലാത്ത ഓര്‍മ്മകള്‍ മാത്രമാണ്

ചുട്ടു പൊള്ളുന്ന മണലാരണ്യത്തില്‍ ,
പ്രണയ മഴയെവിടെ
മഴ പോലും, പലപ്പോഴും -
മൌട്യമായ ഒരു സ്വപ്നം മാത്രമാണ്....

സീന്‍ രണ്ട്

നീയും പ്രണയവും അന്നിറങ്ങി പോയ ശേഷവും
ഇവിടെ പ്രണയമുണ്ട് , മഴയുണ്ട്
രാവുണ്ട് പകലുണ്ട് മാനത് നക്ഷത്രങ്ങളുണ്ട്
ഋതുക്കള്‍ മിന്നി മായുന്നുണ്ട്

വേദന തോന്നുന്നെന്നോ ?

മുഖം മറയും വിധം
കൈകള്‍ കൊണ്ട് പൊതി
ആകാശത്തെ മറച്ചു പിടിക്കുക...
ഇനി ആകാശം കാണരുത്
മഴ കാണരുത്
നിലാവും, നക്ഷത്രങ്ങളും ഒന്നും കാണരുത്...

അങ്ങനെ നിന്നില്‍ അന്ധത പടരുമ്പോള്‍
നിനക്ക് വീണ്ടും
എന്നില്‍ മാത്രം പെയ്യുന്ന കുഞ്ഞു
ചാറ്റല്‍ മഴയായ് എന്നിലേക്ക്‌
തന്നെ മടങ്ങി വരാം...

എനിക്കും നിനക്കും
നമ്മുടെ പ്രണയത്തിനും
മാത്രം കാണാവുന്ന
വല്ലപ്പോഴും സംഭവിക്കുന്ന
ഒരു കുഞ്ഞു കൊള്ളിയാന്‍ പോലെ...
അപ്പോള്‍ മുത്തശ്ശി പറയാറുള്ളത്
പോലെ മനസ്സില്‍ എന്തെങ്കിലും ആഗ്രഹിക്കണം
അത് നടക്കുമത്രെ....
ഒരു സ്വപ്നം പോലെ പ്രണയമേ
നീ എന്നില്‍ തന്നെ നില കൊള്ളുക....
എന്തെങ്കിലുമൊക്കെ ഇടക്കെങ്കിലും
ഇങ്ങനെ കുത്തി വരച്ചു കൊണ്ടിരിക്കാന്‍ ....

ദീപു മാധവന്‍. _ 17 -07 -2012 _ TUESDAY 16 :42

പ്രണയം




പ്രണയം എന്ന വാക്കിന്
ഇത്രയും കൂര്‍ത്ത വശങ്ങളുണ്ടെന്നു
ഞാനറിയുന്നത് ഇന്നാണ്..
പ്രണയമിന്നു അതിന്റെ ,
മൂര്‍ത്തീ ഭാവത്തിലാണ് എന്നെ,
വേട്ടയാടുന്നത്...
ചിന്തകള്‍ ശരവേഗത്തിലാണ്
സഞ്ചരിക്കുന്നത്..


പലതിന്റെയും ഒടുക്കം
ധൂമ പാളികളില്‍ , അതുമല്ലെങ്കില്‍
ലഹരി നുരയുന്ന നിമിഷങ്ങളില്‍....
കടിഞ്ഞാണിടാന്‍ കഴിയാത്ത
ചിന്തകളുടെ തടവുകാരനാനിന്നു ഞാന്‍...

ദിന രാത്രങ്ങലോടെനിക്കിന്നു മതിപ്പില്ല..
രാത്രിക്കും പകലിനും ഒരു കണ്ചിമ്മലിന്‍-
ദൈര്‍ഘ്യം മാത്രം..


ഋതു ഭേദങ്ങള്‍ ഞാനറിയുന്നെയില്ല
കാരണം, എന്നിലെ പ്രണയത്തിന്റെ ചൂട്
അവയെയൊക്കെ എരിച്ചു കളഞ്ഞു,
എന്നില്‍ പുതിയ ഋതുക്കള്‍ ചമയ്ക്കുന്നു...
ഇത് വരെ അറിയാത്ത ഉന്മാദത്തിന്റെ ഋതുക്കള്‍..

ദീര്‍ഘ നിശ്വാസങ്ങള്‍ക്കും ,
മനസ്സ് തുളക്കുന്ന ചിന്തകള്‍ക്കും മുന്നില്‍
പലപ്പോഴും ഞാന്‍ നിശബ്ദനാകുകയാണ്
ഒന്ന് നിലവിളിക്കാന്‍ പോലുമാകാതെ
ഞാന്‍ കീഴക്കപ്പെടുകയാണ്..
പിടയുന്ന മനസ്സിനോട് , കുറെയേറെ
പറയണമെന്നുണ്ട് , പക്ഷെ ഒന്ന്
സാന്ത്വനിപ്പിക്കുവാന്‍ പോലും
ഞാനിന്നശക്തനാണ്..

തിറ കെട്ടിയാടുന്ന പകലുകള്‍
കൂര്‍ത്ത ദംഷ്ട്രകളില്‍ നിണം-
മണക്കുന്ന ചിത്രങ്ങളായി
ചടുല രാത്രികള്‍...

നിദ്ര എനിക്കിന്ന് തീണ്ടാപ്പടകലെയാണ്,
ഉറക്കമില്ലാത്ത രാത്രികള്‍ എനിക്ക് സമ്മാനിക്കുന്നത്
പലപ്പോഴും ഉന്മാടതിലെക്കുള്ള വഴികള്‍ മാത്രമാണ്...
ഒരു സ്വപ്നം പോലെ ആ വഴികലെന്നുമെന്നെ
പ്രലോഭിപ്പിക്കുന്നു....

മുപ്പത്തി മുക്കോടി ദൈവങ്ങളോടും..
ഒരപേക്ഷ,
ഞാനെന്ന പാന പാത്രത്തിലെ,
അവസാനത്തെ തുള്ളി വീഞ്ഞും, വലിച്ചു -
തീര്‍ക്കുവാന്‍ എന്റെ പ്രണയത്തെ അനുവദിക്കുക..
പിന്നെയെനിക്ക്‌ വേണ്ടത് ഉറക്കമാണ്,
ഇടവേളകളില്ലാത്ത ഒരുറക്കം...

- ദീപു മേലാറ്റൂര്‍.

അടയാളങ്ങള്‍.





കിളികള്‍ ചിലക്കുന്ന ഒരു നനുത്ത-
പ്രഭാതത്തില്‍ ഞാനൊരു യാത്ര പോകും..
കാടുകളും മലകളും പുഴകളും
താണ്ടി ഏകാനായങ്ങനെ...
കുറെയേറെ ചെല്ലുമ്പോള്‍ ഞാനൊരു
കുഞ്ഞരുവി കാണും...
അതിന്റെ തീരത്ത് ഞാനൊരു കുടില് കെട്ടും..
മുള കെട്ടി , പുല്ലു മേഞ്ഞൊരു
വള്ളിക്കുടില്‍...
താഴ്വാരത്ത് മേയാന്‍ വരുന്ന
മാന്‍ കുട്ടികളോട് ഞാന്‍ കിന്നാരം പറയും...
അരുവിയില്‍ ദാഹം തീര്‍ക്കാന്‍ വരുന്നവരോട് ഞാന്‍
എന്റെ ഹൃദയം തുറക്കും...
അവര്‍ തിരിച്ചരിയില്ലെങ്കിലും...!
പകലുകള്‍ രാത്രികളങ്ങനെ
പൊഴിഞ്ഞു കൊണ്ടേയിരിക്കും...
എന്റെ കുടിലിന്റെ ഉമ്മറത്തിരുന്നു ഞാന്‍
അന്ന് വരെ കാണാത്ത ഉദയാസ്തമനങ്ങള്‍ കാണും...
അങ്ങിനെ ഒരു നാള്‍ നിലാവുള്ള
ഒരു രാത്രിയില്‍ എന്നെത്തേടി ഒരാള്‍ വരും...
എങ്ങു നിന്നോ ഒരാള്‍...
കാരണം, ഞാനെന്റെ വഴികളില്‍ -
ഒരാള്‍ക്ക്‌ വേണ്ടി മാത്രം,
അടയാളങ്ങള്‍ സൂക്ഷിച്ചിരുന്നു...!!

_ ദീപു മേലാറ്റൂര്‍

രാത്രി



ഈ കുത്തി നോവിക്കുന്നവയെല്ലാം
ഒരാവര്‍ത്തി കടന്നു പോയവയാണ്...
എങ്കിലുമീ ഏകാന്തത;
ഹൃതിലോരായിരം കൊടുങ്കാറ്റിന്റെ
വിത്തുകള്‍ പാകുമ്പോള്‍;
നിന്‍ മൌനം പോലും ഒരായിരം-
ഗദ്ഗദങ്ങളാകുമ്പോള്‍
ഞാന്‍ തളര്‍ന്നു തുടങ്ങുന്നു....

ജീവിതം പൊടി പിടിച്ചു തുടങ്ങിയ-
ഒരായിരം താളുകളില്‍
നിന്നെയും എന്നെയും കേവലം
വെറുമന്യരാക്കുമ്പോള്‍
വേദനയുടെ പൂക്കള്‍ നമ്മെ നോക്കി-
വീണ്ടും തളിര്‍ത്തു തുടങ്ങുന്നു,
വേദനയുടെ വസന്തം...!

ശൂന്യത നിന്റെയുമെന്റെയുമിടയില്‍-
ചിറകടിച്ചാര്‍ക്കുമ്പോള്‍ നാം
നിശബ്ധരാക്കപെടുകയാണ്...
ഇന്ന് നിന്‍ ശിരസ്സു നനചൊഴുകുമീ-
മഴ വെറും സ്വപ്നമെന്നറിയാം...

എങ്കിലുമീ സ്വപനങ്ങളിലെന്റെ
പേര് ചൊല്ലി വിളിക്കുമെന്റെ
പ്രണയമേ
എനിക്കുറങ്ങണം;
ഈ തണുത്തുറഞ്ഞ വീഞ്ഞ് പാത്രം
എന്റെ കണ്ണുകളെ ;
കീഴടക്കും മുന്‍പേ....

ദീപു മാധവന്‍ 12 -03 -2012

വെറുതെയെങ്കിലും.





















ഇരമ്പിയാര്‍ക്കുന്ന കടലിന്റെ -
നടുവിലാണ് നാമെന്നറിയാം , എന്നാലും
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..
മധുരമൂറുന്നവയല്ല എന്നറിയാം
എങ്കിലും നമുക്കിടയില്‍ മൊഴികള്‍
പൂട്ടി വയ്ക്കാതിരിക്കുക..

അകലമുന്ടെങ്കിലും ഇടയ്ക്കിടെ പുല്‍കുന്ന-
തിരകളെ നോക്കുക
നുരയും പതയുമൊന്നിച്ചു ചെന്ന് കരയെ പുല്‍കി
സായൂജ്യമടയുവാന്‍ വെമ്പുന്ന
രണ്ടാത്മാക്കളെപ്പോലെ..
പിന്നെയും കിതച്ചു കൊണ്ടാര്‍ത്തു -
പായുന്ന ജല രാശിയെ നോക്കുക...
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..


ഇഴ പൊട്ടിയലയുന്ന പട്ടങ്ങള്‍ പോലെ -
ഏതോ വെളിച്ചം തേടി നീങ്ങുന്ന
നൌകകളെ നോക്കുക..
നമുക്കിടയില്‍ ഇടറുമോച്ച പോലെ നീങ്ങുന്ന
തിരകളെ വരിഞ്ഞു മുറുക്കി ;
അവ തീരമനയുന്നത്‌ കാണുക..
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..

എത്ര പാറ്റിക്കൊഴിച്ചിട്ടും പിന്നയൂം -
മണല്‍തരികള്‍ കയ്യില്‍ തടയുന്നുവെന്നറിയാം
എത്ര തുഴഞ്ഞിട്ടും നമ്മുടെ കൈകള്‍ -
പുറകിലേക്ക് വളിക്കുകയാണീ തിരകളെന്നറിയാം ...
നമുക്ക് താണ്ടാന്‍
കടലാനന്തമെന്നറിയാം ...

കടല്‍ പിളര്ന്നീടുമോ ?
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..
മാനത്ത് കരിങ്കാര് കോപ്പു കൂട്ടി -
തുടങ്ങുന്നുന്ടെന്നരിയാം....
കടല്‍ക്കാക്കകള്‍...നമുക്ക് മുന്നേ
പറന്നു ചേക്കേറുവാന്‍ വെമ്പുന്നുന്ടെന്നരിയാം
ആര്‍ത്തലച്ചു പേമാരി നമുക്ക് മുന്നേ -
പെയ്തു തോരുന്നുണ്ടെന്നരിയാം.. ; എന്നാലും
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..

തിരകളില്‍ പൊങ്ങിയും താണും
ചുഴികളില്‍ വീനുഴറിയും
നാമൊരു തീരമെതുമ്പോഴരിയാം
കടല്‍ സഞ്ചാരികളൊക്കെയും
എത്തിചേരുന്നത് ഒരേ മുനംബിലാണെന്ന്--
പ്രത്യാശയുടെ സൂര്യനപ്പോഴേക്കും
അസ്തമിച്ചു തുടങ്ങിയിരിക്കും

എങ്കിലും
നീ വെറുതെയെങ്കിലുമൊന്നു ചിരിക്കുക..!!

- ദീപു മേലാറ്റൂര് 28-02-2012‍

ക്ഷണികം






















തെളിവുകള്‍ നിരത്താന്‍ അധികമില്ലാത്ത
ഒരു ഭൂതകാലത്തിന്റെ ഓര്‍മയ്ക്കായി
ഞാന്‍ നിനക്കെന്താണ് കൂടുതല്‍ നല്‍കേണ്ടത് ?
കറ പുരണ്ട ഓര്‍മകളുടെ
ഹൃത് താളുകലല്ലാതെ...
 
മൌനം കഥ പറഞ്ഞ ഒരായിരം
നിമിഷങ്ങളുടെ അക്കമിട്ടു നിരത്തിയ കണക്കുകളോ ?
ഒരായിരം ഉപ്പു പാടങ്ങളുടെ കണക്കുകളോ ?
ഇവയൊക്കെ കൂട്ടി വായിക്കുമ്പോളും
കാഴ്ചകളെ മറക്കുന്ന വ്യര്‍ത്ഥമാം ഓര്‍മകളുടെ
കണക്കുകളോ ?
 
ഇവയൊക്കെ ഞാന്‍ എവിടെ നിന്നാണ് കാണിക്കേണ്ടത് ?
കണക്കുകള്‍ സൂക്ഷിക്കാന്‍
അറിയാത്തതായിരുന്നു എന്റെ തെറ്റ്...
ഒരായിരം കണക്കുകള്‍ നീ സൂക്ഷിക്കുമ്പോഴും...!!
 
ജീവിതം ഇങ്ങനെയാണ് കഴിഞ്ഞു പോയ
കണക്കുകള്‍ ചോദിച്ചു കൊണ്ടേ ഇരിക്കും
വരാന്‍ പോകുന്ന കണക്കുകള്‍
നാം ജീവിതത്തോട് കേഴുന്നത് കേള്‍ക്കാതെ....
 
ഇല്ല സഖീ നിനക്ക് തരാനിനി
എന്‍ കറ പുരണ്ട ഹൃത് താളുകളെ
കൂടാതെ മറ്റൊന്നും....
ഇനിയൊരു യാത്രയില്‍
നാമിരുവരും കണ്ടു മുട്ടും വരെ...
 
 
ദീപു മേലാറ്റൂര്‍._ 31 -07 -2012 _ 10 :28

Wednesday, February 6, 2013

നീല

നീല ചിത്ര ശലഭങ്ങള്‍
മാത്രം വന്നിരിക്കുന്ന
മരമുണ്ടത്രേ ഒരിടത്ത്..
നിലാവിന്റെ
നനുത്ത യാമങ്ങളില്‍
ആ മരം
നീലയായോഴുകി
ആകാശത്തില്‍ ലയിക്കുമത്രെ
എനിക്കും നീലയാവണം
നീല നിറമുള്ള
ഒരു കുഞ്ഞു
ചിത്ര ശലഭം
എന്നിട്ടതു പോലെ
പോയി
ആകാശത്ത്
ഒട്ടി പിടിച്ചു കിടക്കണം
അങ്ങനെ ഞാനും
നീലയില്‍ ലയിക്കുന്നു.

വേലിയേറ്റം


 കടല് തിരിച്ചോഴുകുന്നു
ഇനിയും തിരിച്ചറിയാത്ത
ഏതോ ബീജത്തിന്റെ
ഒഴുക്കും തേടി...

ഉഴുതു മറിച്ചിട്ട
... ഗോതംബ് പാടങ്ങള്‍
കടന്നാല്‍ പിന്നെ മലകളാണ്

കഴിഞ്ഞു പോയ
ഒരു വസന്തത്തിന്റെ
തിരുശേഷിപ്പുകള്‍ ശിരസ്സില്‍ ചൂടി
തലയുയര്‍ത്തി നില്‍ക്കുന്നവര്‍


മരങ്ങളില്‍ നിറയെ
വിരല്‍പ്പാടുകള്‍ കാണാം
തലങ്ങും വിലങ്ങും
രക്തം കട്ട പിടിച്ചിരിക്കുന്നു....

ഒളിച്ചിരിക്കുന്ന മലകള്‍ക്കും
മരങ്ങള്‍ക്കുമിടയില്‍ എവിടെയോ
താന്‍ തേടുന്ന ബീജത്തിന്റെ
ഉറവിടം ഒളിച്ചിരിക്കുന്നുണ്ട്...

പക്ഷെ കടലിനു തിരിച്ചിറങ്ങാന്‍
സമയമായിരിക്കുന്നു
വേലിയേറ്റം കഴിഞ്ഞെന്നു സമാധാനിച്ചു
ഇനി ഉറങ്ങാം.

- ദീപു ‍