Wednesday, September 10, 2014

എന്റെ പ്രണയമേ



കോരി ചോരിയുന്നൊരു-
പെരുമഴക്കാലത്ത്......
അനുവാദം ചോദിക്കാതെയെന്റെ,
കുടക്കീഴിലെക്കൊടിക്കേറിയ...
.
മിഴി നിറച്ചു കൊണ്ടൊരു വാക്കും
പറയാതെ ഇറങ്ങിപ്പോയ.....
ഒരുപാടോര്‍മകള്‍ എന്റെ മാത്രമാക്കിയ
എന്റെ പ്രണയമേ....


മഴ ഇപ്പോഴും തകര്‍ത്തു പെയ്യുന്നു....
നമ്മുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ-
പാതയോരങ്ങള്‍ , ഇടനാഴികള്‍....
ഒക്കെ മഴയുടെ ആലസ്യത്തില്‍
നമ്മെ കാത്തു കിടക്കുന്നുണ്ടാവും.....

എന്റെ കൈ പിടിക്കുക, നമുക്കൊരുമിച്ചീ-
മഴ നനയണം....
നമ്മില്‍ നാം പണ്ടേ കുറിച്ചിട്ട
പ്രണയാക്ഷരങ്ങള്‍ തെളിഞ്ഞു വരും
നിമിഷം വരെ...

പിന്നെ ഈറനുണങ്ങും വരെ
മഴ തെളിഞ്ഞ ആകാശം നോക്കി കിടക്കണം
അന്തിയിരുട്ടും വരെ...

ദീപു മേലാറ്റൂര്‍ _ 27-06-2012_ 08 : 34 am

പ്രണയാക്ഷരങ്ങൾ



നിനക്കും എനിക്കും
മാത്രമറിയാവുന്ന ...
എത്ര നിലയില്ലാ
കയങ്ങളിലാണ്
പവിഴ പൊത്തുകളിൽ ആണ്
കാലങ്ങളായി നാം
നമ്മുടെ പ്രണയാക്ഷരങ്ങളെ
ഒളിപ്പിച്ചു വച്ചിരിക്കുന്നത് ?

എത്ര ഒളിപ്പിച്ചു
വച്ചിരുന്നാലും
നിലാവ് പെയ്യുന്നുവോ എന്ന് നോക്കി
ചില രാത്രികളിൽ ഒറ്റക്കുതിപ്പിനവ
പുറത്തു വന്ന്
നീണ്ടൊരു ശ്വാസവുമായി
മറ്റൊരു കാത്തിരിപ്പിലെക്കവർ
ഊളിയിട്ടിറങ്ങും
പിന്നെയുമവ
നമ്മെ പോലെ
നിലാവ് മാത്രം പെയ്തൊഴുകുന്ന
ചാറ്റൽ മഴയുള്ള
രാത്രികൾക്ക് വേണ്ടി
കൊതിച്ചിരിക്കും
പിന്നെ
ആരും കാണാതെ
ഓളപ്പരപ്പിൽ വന്നു
മിന്നി ചിന്നുന്ന
താരങ്ങളെ നോക്കി
കൈകൾ കോർത്ത്‌
തിരമാലകൾ തഴുകുന്ന തീരങ്ങളിൽ
മലര്ന്നു കിടക്കുവാൻ പോകും
ഈ ലോകത്തെ
മുഴുവൻ മറന്നു
കിടക്കുമ്പോൾ
പ്രണയാക്ഷരങ്ങളെയൊക്കെ
തിരകളപ്പോൾ കടലിലേക്ക്‌ തന്നെ കൂട്ടും
ഞാനും നീയും നിലാവും
നമ്മുടെ പ്രണയവും മാത്രം
ആ തീരത്ത് ബാക്കിയാകുന്നു
നമ്മുടെ പ്രണയാക്ഷരങ്ങൾ
ഇനിയുമീ തീരം തേടിയണയാതിരിക്കില്ല
 
- ദീപു മാധവൻ - 10-09-2014