Monday, August 19, 2013

കശ്മീർ






ഞാൻ കാണാത്ത കശ്മീർ
പശ്ചാത്തലത്തിൽ
മിനാരത്തിൽ നിന്നൊഴുകിയിറങ്ങുന്ന
ബാങ്കിന്റെ കുളിരിൽ
സ്വച്ഛമായുറങ്ങുന്ന
ഹിമതടാകം

ഓളങ്ങളെ
തഴുകിയുണർത്തി
ഒരേകാന്ത നൗക

എങ്ങോ കണ്ണും നട്ട്
വെള്ളി കെട്ടിയ താടിയും
തൂവെള്ള സൽവാറുമായി
ഒരു തുഴക്കാരൻ

ഏകാന്ത നൌകക്ക്
ആകാശ മേല്ക്കൂര
ചിതറിയോടും നക്ഷത്രങ്ങൾ
വഴിത്തുണ

നൌകത്തണ്ടിൽ
പാതി വെന്തൊരു റാന്തൽ
റാന്തലിന് കൂട്ട്
ഗസലൊഴുകുന്ന
പഴയൊരു പാട്ടു പെട്ടി

ഇരുളിലെങ്ങു നിന്നോ
തലചായ്ചു ഗസലിന്
കാതോര്ക്കുന്ന
പൈൻ മരങ്ങൾ

അതിനപ്പുറം
അകലെയേതോ
ആപ്പിൾ മരങ്ങളിൽ
വിരിയുന്ന വസന്തം

തൊട്ടടുത്ത്‌ മരക്കുടിലിൽ
മങ്ങിയ വെളിച്ചത്തിൽ
ആരെയോ കാത്തെന്ന പോലെ
ഒരു കശ്മീർ സുന്ദരി

മഞ്ഞുറഞ്ഞ താഴ്വാരങ്ങളിൽ
എവിടെയോ കേട്ട വെടിയൊച്ചയുടെ
വേദനയിൽ ഞാൻ തിരിച്ചു നടക്കുന്നു
ഞാൻ കാണാത്ത കശ്മീർ -

No comments: