Monday, August 19, 2013

തീവണ്ടി













മഞ്ഞുതിരും
തേക്കിൻ മരങ്ങൾക്കിടയിലൂടെ
അറ്റം കാണാതെ
നീണ്ടു കിടക്കുന്ന
റെയിൽ പാളങ്ങൾ

അറ്റമില്ലാത്ത സ്വപ്നങ്ങളുടെ ...
തീവണ്ടിയിൽ നാം
എത്ര ദൂരം
യാത്ര ചെയ്തിരിക്കണം ?

തിങ്കളാഴ്ച രാവിലെ
എന്തോ ഓർത്ത്
ടിക്കറ്റിനു ക്യൂ നിൽക്കുമ്പോൾ
മാഷെ ടിക്കെറ്റ് എന്നും പറഞ്ഞു
നീ വരുമ്പോൾ

ആദ്യമാദ്യമൊക്കെ
വരിയിൽ അറിയാവുന്ന മുഖങ്ങൾ
നമ്മളെ തുറിച്ചു നോക്കുമായിരുന്നു
പിന്നെ പിന്നെ
അവര്ക്ക് മടുത്തു കാണണം

പ്ലാറ്റ്ഫൊർമിൽ
അപരിചിതരെ പോലെ അഭിനയിച്ച്
ഒരേ ബോഗിയിൽ കയറിപ്പറ്റി
സീറ്റുണ്ട് എങ്കിലും
വാതിലിനടുത്ത്
മുഖത്തോട് മുഖം നോക്കി
എന്തൊക്കെ പറയാതെ
പറഞ്ഞു തീർത്തിട്ടുണ്ട് നാം...

അന്നും ഇന്നും
എനിക്ക് മുൻപേ
നീ ഇറങ്ങി പോയതോർക്കുമ്പോൾ
ആ യാത്രയിലെന്ന പോലെ
ഒറ്റപ്പെടലിന്റെ ആ ചൂളം വിളി
ഒരുപാട് യാത്രകൾ
പുറകിലേക്ക് കൊണ്ടു പോകുന്നു.

അറ്റമില്ലാത്ത സ്വപ്നങ്ങളുടെ
തീവണ്ടിയിൽ നാം
എത്ര ദൂരം
യാത്ര ചെയ്തിരിക്കണം ?

- ദീപു മാധവൻ 19-08-2013

No comments: