Sunday, February 17, 2013

പ്രണയം




പ്രണയം എന്ന വാക്കിന്
ഇത്രയും കൂര്‍ത്ത വശങ്ങളുണ്ടെന്നു
ഞാനറിയുന്നത് ഇന്നാണ്..
പ്രണയമിന്നു അതിന്റെ ,
മൂര്‍ത്തീ ഭാവത്തിലാണ് എന്നെ,
വേട്ടയാടുന്നത്...
ചിന്തകള്‍ ശരവേഗത്തിലാണ്
സഞ്ചരിക്കുന്നത്..


പലതിന്റെയും ഒടുക്കം
ധൂമ പാളികളില്‍ , അതുമല്ലെങ്കില്‍
ലഹരി നുരയുന്ന നിമിഷങ്ങളില്‍....
കടിഞ്ഞാണിടാന്‍ കഴിയാത്ത
ചിന്തകളുടെ തടവുകാരനാനിന്നു ഞാന്‍...

ദിന രാത്രങ്ങലോടെനിക്കിന്നു മതിപ്പില്ല..
രാത്രിക്കും പകലിനും ഒരു കണ്ചിമ്മലിന്‍-
ദൈര്‍ഘ്യം മാത്രം..


ഋതു ഭേദങ്ങള്‍ ഞാനറിയുന്നെയില്ല
കാരണം, എന്നിലെ പ്രണയത്തിന്റെ ചൂട്
അവയെയൊക്കെ എരിച്ചു കളഞ്ഞു,
എന്നില്‍ പുതിയ ഋതുക്കള്‍ ചമയ്ക്കുന്നു...
ഇത് വരെ അറിയാത്ത ഉന്മാദത്തിന്റെ ഋതുക്കള്‍..

ദീര്‍ഘ നിശ്വാസങ്ങള്‍ക്കും ,
മനസ്സ് തുളക്കുന്ന ചിന്തകള്‍ക്കും മുന്നില്‍
പലപ്പോഴും ഞാന്‍ നിശബ്ദനാകുകയാണ്
ഒന്ന് നിലവിളിക്കാന്‍ പോലുമാകാതെ
ഞാന്‍ കീഴക്കപ്പെടുകയാണ്..
പിടയുന്ന മനസ്സിനോട് , കുറെയേറെ
പറയണമെന്നുണ്ട് , പക്ഷെ ഒന്ന്
സാന്ത്വനിപ്പിക്കുവാന്‍ പോലും
ഞാനിന്നശക്തനാണ്..

തിറ കെട്ടിയാടുന്ന പകലുകള്‍
കൂര്‍ത്ത ദംഷ്ട്രകളില്‍ നിണം-
മണക്കുന്ന ചിത്രങ്ങളായി
ചടുല രാത്രികള്‍...

നിദ്ര എനിക്കിന്ന് തീണ്ടാപ്പടകലെയാണ്,
ഉറക്കമില്ലാത്ത രാത്രികള്‍ എനിക്ക് സമ്മാനിക്കുന്നത്
പലപ്പോഴും ഉന്മാടതിലെക്കുള്ള വഴികള്‍ മാത്രമാണ്...
ഒരു സ്വപ്നം പോലെ ആ വഴികലെന്നുമെന്നെ
പ്രലോഭിപ്പിക്കുന്നു....

മുപ്പത്തി മുക്കോടി ദൈവങ്ങളോടും..
ഒരപേക്ഷ,
ഞാനെന്ന പാന പാത്രത്തിലെ,
അവസാനത്തെ തുള്ളി വീഞ്ഞും, വലിച്ചു -
തീര്‍ക്കുവാന്‍ എന്റെ പ്രണയത്തെ അനുവദിക്കുക..
പിന്നെയെനിക്ക്‌ വേണ്ടത് ഉറക്കമാണ്,
ഇടവേളകളില്ലാത്ത ഒരുറക്കം...

- ദീപു മേലാറ്റൂര്‍.

No comments: