Monday, March 16, 2015

വിരഹം


 തിമിര്ത്തു പെയ്യുന്ന മഴയിൽ
കോളെജിനടുത്തുള്ള ഇരുണ്ട
ടെലിഫോണ്‍ ബൂത്തിൽ വച്ചാണ് ...
വിരഹത്തെ
തൊട്ടടുത്ത്‌ കാണുന്നത്
ആദ്യം കേള്ക്കുന്നത്


അങ്ങേത്തലക്കൽ സ്വരം
ജാലകത്തിലെ കാഴ്ചകൾ
രണ്ടും മഴയിൽ മങ്ങി തുടങ്ങുമ്പോൾ
നമ്മുടെ കണ്‍തടങ്ങളിൽ മഴയുടെ മേളം
തുടങ്ങിയിരുന്നുവല്ലേ സഖീ

ആ നിമിഷം മുതൽ
കാഴ്ചക്കാരായിരുന്നു നാം
ആദ്യമായ് കണ്ട ഇടനാഴിയിലെ
അതേ അപരിചിതർ
എന്നോ തണലായി
മാറിയിരുന്നെങ്കിലും
അന്നോളം കണ്ടതെല്ലാം
വെറും പൊയ്ക്കാഴ്ചകൾ
ഈ മഴ മാത്രം സത്യം
 
ഒരിടവപ്പാതി മനസ്സില്
പെയ്തു തോര്ന്നു
പുറത്തിറങ്ങുമ്പോളും
മഴ നിർത്താതെ
പെയ്തു കൊണ്ടേയിരുന്നു

ഒരു നീര്ക്കണം
കൂടെ പെയ്യിച്ചു കൂടെ നനഞ്ഞു
നാം സ്വപ്‌നങ്ങൾ
നെയ്ത അതേ നട വഴികളിലൂടെ
ഈ കുത്തിയൊലിച്ചു പെയ്തു
ചുറ്റിലും നിറയുന്ന മഴയിലാ
സ്വപ്നങ്ങളും അലിഞ്ഞു ചേരട്ടെ
മഴ സുന്ദരിയാകട്ടെ സഖീ...!!!

- ദീപു മാധവന് - 17-03-2015

കാലം


പ്രഭാതങ്ങളെ കണ്ണടച്ചിരുട്ടാക്കി
കണ്ണ് തുളക്കുന്ന
നാട്ടുച്ചകളിലെക്ക് കണ്ണ് തുറന്നിരുന്ന ...
ഒരു കാലമുണ്ടായിരുന്നു 


 കണ്ണ് തുറന്നാലും
നാല് ചുമരിനും ചുറ്റുമുള്ള
കട്ട പിടിച്ച മൌനം
വീണ്ടും മയക്കത്തിലേക്ക്
തള്ളിയിട്ടിരുന്ന കാലം

ചുറ്റിലും ചിതറി കിടക്കുന്ന
പുസ്തകങ്ങൾ
പാതി വിണ്ട മുഖക്കണ്ണാടി
ഒടിഞ്ഞ പേനക്കുള്ളിൽ
ജനിക്കാതെ പോയ മഷിത്തുള്ളികൾ
എഴുതി തീരാതെ പോയ
നൂറു നൂറു പാതി വരികൾ
കറ പിടിച്ച ഓര്മകളുടെ കൂടെ
കഴുകിട്ടും കറ മാറാത്ത ചായക്കോപ്പകൾ
ആകെ മൊത്തം
ക്രമം തെറ്റിയ നാല് ചുമരുകൾക്കുള്ളിൽ
അതിലും ക്രമം തെറ്റിയ
ദേഹവും ദേഹിയും
പിന്നെ എന്തിലെക്കാണ്
ഞാൻ കണ്‍ തുറക്കേണ്ടത്
   
നഷ്ടങ്ങളുടെ കണക്കുകൾ
ഒന്നൊന്നായി വീതിച്ചു
തുല്യമാക്കി ശീലിച്ചതിൽ പിന്നെ
ഞാൻ പ്രഭാതങ്ങളിലേക്ക്
തന്നെ കണ്‍ തുറന്നിരുന്നു
എനിക്ക് വേണ്ടി മാത്രം
പുലരുന്ന പ്രഭാതങ്ങളെ കാത്തിരുന്നു
അന്ന് മുതൽ മനസ്സ് ശാന്തമായിരുന്നു...

- ദീപു മാധവൻ - 16-03-2015

കറി


 പാചകക്കാരന്
പാകപ്പെടുത്തുവാൻ
പാകത്തിന് തയ്യാറായി നില്ക്കുക ...
എന്നതിൽ കവിഞ്ഞു
ഒരു കറിക്കെന്താണ്
ചെയ്യാനുള്ളത്


തിളച്ച എണ്ണയിൽ വീണ്
ആത്മാഹുതി നടത്തി
മേമ്പൊടി വീശുന്ന
കടുകിനെക്കാൾ ഭേദം
എന്ന് ആശ്വസിക്കുന്നുണ്ടാവും

പച്ചക്ക് മൊരിചെടുത്തു
മണം നോക്കി ഒന്ന് നക്കി
പാത്രതിനരികിൽ കിടത്തുന്ന
കറിവേപ്പിലയേക്കാൾ
അപമാനം ഒന്നും
ഞാൻ സഹിക്കുന്നില്ലല്ലോ എന്നുമാവാം

ഇതുപോലെ ആരുമറിയാത്ത
നൂറു നൂറു സംഘര്ഷങ്ങളുടെ
ഒരു കറിച്ചട്ടിയാണിന്നു മനസ്സ്

എല്ലാമറിഞ്ഞിട്ടും
ഒന്നുമറിയാത്ത പോലെ
ഉള്ളതിൽ നിന്നൊരു തുള്ളി
ഉപ്പു നോക്കി
ഒന്നും അറിയാത്ത
പോലെ മൂടി വച്ചു
ഒന്നുകൂടി പാകമാകാനുണ്ടത്രെ....!!!

  
- ദീപു മാധവൻ - 15-03-2015

Tuesday, March 10, 2015

ബോഗൻ വില്ല

എത്ര
വെട്ടി മാറ്റിയാലും
പരിഭവമേതുമില്ലാതെ
പിന്നെയും
തണലായി
തളിർത്തു പൂക്കുന്ന
ഒരു കടലാസ് ചെടിയുണ്ടായിരുന്നു
വീട്ടിലേക്കുള്ള വഴിയിൽ

ഹൃദയാഴങ്ങളിലേക്ക്
എന്നോ പടര്ന്നു
കയറിപ്പറ്റിയ
ഓർമകളിൽ ചിലവ
അങ്ങിനെയാണ്

ഒരു കുഞ്ഞു നാമ്പിൽ
തൊട്ടു പിന്നെയും
തളിർത്തു പടര്ന്നു
കേറിക്കൊണ്ടെയിരിക്കും

ഞാൻ ഓര്മകളുടെ
ഊടു വഴികളിലൂടെ
അലഞ്ഞു കൊണ്ടേയിരിക്കും
മഞ്ഞും മഴയും വെയിലും
എനിക്ക് ചുറ്റും പലയാവർത്തി
കടന്നു പോകും

വഴിയറിയാതെ അലഞ്ഞലഞ്ഞു
ഏതോ കാട്ടിൽ
ഏതോ ഒരു മണ്പുറ്റിനുള്ളിൽ  
മൌനിയായിടും വരെ
ഒര്മകളെന്നുള്ളിൽ  
പടര്ന്നു കേറി കൊണ്ടേയിരിക്കും  

- ദീപു മാധവൻ 10-03-2015 

Thursday, March 5, 2015

കലാപം


നിനക്കുമെനിക്കുമിടക്കുള്ള
കലാപങ്ങൾക്ക് ...
കാറ്റിന്റെ
ശക്തിയും
വേഗതയുമായിരുന്നു


ഒരൊറ്റ മഴയിൽ
അലിഞ്ഞില്ലാതെ
പോകാവുന്ന
പഞ്ഞി കാർമേഘങ്ങളെ
പോലെ
കാറ്റ്
നിന്നെ നീക്കി നിർത്തി
മടുക്കുമ്പോഴാണ്
പോട്ട് പുല്ലെന്ന്
ഞാൻ പറയാറുള്ള പോലെ
നിന്റെ ദേഷ്യത്തെ
അലിയിച്ചു പെയ്യിക്കുന്നത്

പിന്നെയുള്ള ശാന്തതയിലാണ്
നനഞ്ഞൊട്ടി നമ്മളന്യോന്യം
വീണ്ടും
പഞ്ഞി പോലത്തെ
കാരണങ്ങൾ കണ്ടെത്തുന്നത്

കാറ്റിനു പോലും
കടന്നു വരാൻ
കഴിയാത്തത്ര അടുപ്പിച്ചു
തുന്നിയ നമ്മുടെ
സ്നേഹപ്പുതപ്പിനുള്ളിൽ....!!!

- ദീപു മാധവൻ - 05-03-2015

ഒഴുകി

നീന്തി
മടുത്തിട്ടല്ല
നീയെന്ന കടലിലെ
തിരകളെ
പേടിച്ചുമല്ല
...
എല്ലാ
യാത്രകളിലെയും പോലെ
മാനം നോക്കി
ഇങ്ങനെ പൊങ്ങി
കിടന്നു കൊതി
തീര്ന്നില്ല

ഒഴുകി ഒഴുകി
ഞാനീ കടല്
മുഴുവൻ ചുറ്റി
കണ്ടിട്ട് വരാം ...

- ദീപു മാധവന് 04-03-2015

പ്രണയം


അവസാന താളിൽ
പ്രണയമേ ...
നിന് പേരു കൂടി
എഴുതി ചേര്ക്കാൻ
ഞാനെത്തും മുൻപേ

ഞാൻ പോലുമറിയാതെ
നടന്നു നീങ്ങിയ പ്രണയമേ

 നിന്നെ ഒരിക്കലെങ്കിലും
കാണുമെന്നോർത്തു
ഞാനിനിയുമീ പൂമുഖപ്പടിയിൽ
തന്നേയിരുന്നെഴുതും

റാന്തൽ വെളിച്ചം
മങ്ങി തുടങ്ങുമ്പോൾ
മഞ്ഞുതിരും
നിലാവിലെക്കിറങ്ങി നില്ക്കും

എന്നിട്ട് നമുക്ക്
യാത്ര ചെയ്യേണ്ട ദൂരങ്ങളിലേക്ക്
മഞ്ഞു പെയ്യുന്ന മലകളിലേക്ക്
നാം തീര്ച്ചയായും പോയിരിക്കേണ്ട
ഹെയര് പിന് വളവുകളിലേക്ക്
കാടിന് നടുവിലെ ഒറ്റ വീട്ടിലേക്ക്
നിശബ്ദതയുടെ
നമ്മുടെ മാത്രം സ്വരങ്ങൾ
കാതോര്ക്കുന്ന താഴ്വരകളിലേക്ക്
കപ്പലണ്ടി കൊറിച്ച് കൈകൾ കോർത്ത്‌
നടക്കേണ്ട കടല്ക്കരകളിലേക്ക്
അന്തവും കുന്തവുമില്ലാതെ
തണുത്തു വിറക്കുന്നു എന്ന്
തോന്നും വരെ മഴയത്ത്
കൂടെ കെട്ടിപ്പിടിച്
മോട്ടോര് സൈക്കിൾ ഓടിച്ചു
പോകേണ്ട നീണ്ട പകലിരുൾ
പാതകളിലേക്ക്
മഴ പെയ്യുമ്പോൾ ഗസലിനോപ്പം
യാത്ര ചെയ്യേണ്ട വീടിനടുത്തുള്ള
മഴ വഴികളിലേക്ക്
ഒടുക്കം നനഞ്ഞു കുതിര്ന്നു
നില്ക്കുന്ന പ്രണയമേ
നിന്റെ നെറുകയിൽ തന്നു
ചേർത്ത് നിര്ത്താനുള്ള
ഒരായിരം ഉമ്മകളിലെക്ക്.....

അങ്ങിനെ അങ്ങിനെ
കണ്ണും നട്ട്
ഞാൻ നില്ക്കും രാവേറെ വൈകി
ആർദ്രയായ് നീയുറങ്ങൂ

ഒക്കെയ്ക്കും പ്രണയാർദ്ര
നിലാവിൽ എന്നെ നീ
ആ അവസാന താളു വരെ
കാത്തിരുന്നില്ലല്ലോയെങ്കിലും
പ്രണയമേ നിന്നെ പ്രണയിക്കാതെ വയ്യ...!!

- ദീപു മാധവൻ 16-02-2015