Sunday, February 15, 2015

ജിയോളജിക്കൽ


ഭൂമി എത്ര
ഉരുണ്ടതെന്നു പറഞ്ഞാലും
ചിലതിലെക്കുള്ള ദൂരം
നീളത്തിൽ തന്നെ ഓടണം 
അതാണ്‌ ചരിത്രം

ഓടി എത്താൻ
മനസ് കൊണ്ടെങ്കിലും
കഴിയുമെന്നിരിക്കിലും 

കുഞ്ഞിലെ ഇത്രേം വലിയ
കണ്ടു പിടുത്തം നടത്തിയ അഹങ്കാരത്തോടെ
നമ്മളൊക്കെ നീളത്തിൽ
അല്ലെ നടക്കണേ
അപ്പൊ പിന്നെ എങ്ങനെ
ഉരുണ്ടതാകും
നീളം ആണ് കൂടുതൽ....!!

ചോദിച്ച ടീച്ചര്
വായും പൊളിച്ചു
നിന്നത് എന്തിനാണെന്ന്
ഇപ്പോഴും എനിക്കറിയില്ല

അല്ലെങ്കിലും
നമ്മുടെ ചില സത്യങ്ങൾ
ആര്ക്കും മനസിലാവില്ല
നല്ല കണ്ടു പിടുത്തം
എന്ന് പറഞ്ഞു
ചെവിക്കു പിടിച്ചു ചുവപ്പിച്ചു കളയും
കൂടെ ഒരു നോട്ടവും

എന്നിരുന്നാലും
ഇതിപ്പോ ഓർക്കാൻ കാരണമുണ്ട്
ഉരുണ്ടോ പിരണ്ടോ
നീളത്തിൽ ഓടിയോ
പ്രകാശം പരക്കുന്ന
ഒരു പുതിയ തുരുത്തിലേക്ക്
തന്നെ ഒഴുകി നീങ്ങട്ടെ

കണ്ടുപിടുത്തങ്ങളിൽ
ഈ ഇടം നാള് കുറിക്കട്ടെ..!! 

   - ദീപു മാധവന് - 15-02-2015

Monday, February 9, 2015

സ്വപ്നാടനം


ജീവിതം
ഈ രാവിൽ
നിന്നടുത്ത പുലരിയിലെക്കുള്ള
പ്രത്യാശ മാത്രമാകുമ്പോൾ

സ്വപ്നങ്ങളാണാ 
നിലാവിന്
നിറം പകരുന്നത്

ദേശാന്തരങ്ങൾ താണ്ടി
നക്ഷത്രങ്ങളോട് കിന്നാരം
പറയാൻ കഴിയുന്നവർ
നിങ്ങൾ അവര്ക്ക് പ്രിയപ്പെട്ടവരാണ്

നിലാവിനോട് മുട്ടിയുരുമ്മി
ഇരിക്കാൻ കഴിയുന്നവർ
നിങ്ങൾ പണ്ടെങ്ങോ
അവരെ സ്നേഹിച്ചിരുന്നു

സ്വപ്നങ്ങളെ പോലും
അവ്യക്തമായി മാത്രം
ഓർത്തെടുക്കാൻ വിധിക്കപ്പെട്ടവർ
    
നിങ്ങൾ സ്വപ്നാടനങ്ങളുടെ 
തുടരവകാശികൾ
പ്രത്യാശകളുടെ പിൻതലമുറക്കാർ
സ്വപ്നം കാണാൻ വിധിക്കപ്പെട്ടവർ

- ദീപു മാധവന് - 10-02-2015