Sunday, December 20, 2015

അവധിക്കാലം

*******************
കയറ്റം
കയറിയതിന്റെ 
കിതപ്പാറ്റി
ചുവന്നു തുടങ്ങുന്ന
സൂര്യനെ നോക്കി
അരളി മരത്തിനു താഴെ
അമ്പലത്തിന്റെ
ചുറ്റുമതിലിന്
ചേർന്ന് നിൽക്കുമ്പോളാണ്
പുറകിൽ പാദസരം
കിലുങ്ങിയത്
ഓർമകളെ
പാതിയിൽ നിർത്തി
തിരിഞ്ഞു നോക്കുമ്പോൾ
നീയില്ലായിരുന്നു
എനിക്ക് തോന്നിയതാവണം
ഇവിടെക്കിനി
വരില്ലെന്ന് കരുതിയതായിരുന്നു
കാരണം
അന്ന് എല്ലാം ഇവിടെ
ഉപേക്ഷിച്ചു
പിരിഞ്ഞതായിരുന്നല്ലോ
കൊയ്തൊഴിഞ്ഞ
പാടത്ത് നിന്നും കറ്റകൾ
വരമ്പിലൂടെ നീങ്ങുന്നത്‌
എനിക്കിവിടെ നിന്ന് കാണാം
കന്നുകൾ കൂടണയാൻ
തിരക്ക് കൂട്ടുന്നുണ്ട്
വെള്ളയിൽ
ചുവന്ന പൂക്കളുള്ള
ഒരു പാവാടക്കാരി
അതിനിടയിലെവിടെയോ
മിന്നി മാഞ്ഞു
രാഘവൻ മാഷാണെന്നു
തോന്നുന്നു
താഴെ ചെരുവിലൂടെ
ഒരു കാലൻ കുട
നടന്നു പോകുന്നുണ്ട്
വാച്ചിലേക്ക് നോക്കി
കൃത്യമാണ് നാം
പിരിഞ്ഞിരുന്ന നേരം
മാഷിന്നു പതിവിലും
അല്പം വൈകിയിരിക്കുന്നു
അന്ന് മാഷ്‌ പറഞ്ഞത്
നീയോർക്കുന്നുണ്ടോ
എന്താ കുട്ട്യോളെ നേരം
ഇരുട്ടണത് കണ്ടില്ല്യേ ന്ന്
പുറകെ
ചന്ദന കളറും
കാപ്പിയും കലർന്ന്
ഒരു കൂട്ടം കുട്ടികൾ
കലപില കൂട്ടി
കടന്നു പോകുന്നുണ്ട്
കാലം ഒരുപാട്
മാറിയിരിക്കുന്നു
വർഷങ്ങൾ
അവസാനമായി കണ്ട നാൾ
നീ തന്ന കുന്നിക്കുരു മാലയുടെ
പകുതി മണിയോളം
കടന്നു പോയിരിക്കണം
എന്തോ ഓർത്ത്
താടിയിൽ ഉഴിയുംമ്പോഴാണ്
നീ അന്ന് ചോദിച്ചതോര്മ വന്നത്
മ്മക്ക് വയസായാൽ
എങ്ങനാ ഇണ്ടാവാ ന്നു...
അന്ന് ഞാൻ ചിരിച്ചു
ഇപ്പോൾ സത്യാണ്
നര വീണു തുടങ്ങിയിരിക്കുന്നു
അന്ന് കാറ്റിൽ ക്രമം തെറ്റിയ
മുടിയിഴകളിൽ പലതും
കൊഴിഞ്ഞു പോക്കിന്റെ
വക്കിലാണ്
ഇപ്പോൾ നിന്റെ
വിരലുകൾക്ക്
അധികം പണിപ്പെടേണ്ടി
വരില്ല
കാറ്റിനു പലപ്പോഴും
പല ഭാവമാണ്
നിന്നെ പോലെ
ചിലപ്പോൾ കിലുങ്ങി കിലുങ്ങി
അല്ലെങ്കിൽ മുഖം വീര്പ്പിച്
അതുമല്ലെങ്കിൽ
വേദനിപ്പിക്കുന്ന പോലെ...
നമ്മളെ മറന്നു കാണില്ല
അതാവണം
അരളിയിൽ
അന്നത്തെ അത്ര പൂക്കളില്ല
വേനലല്ലേ
അതെങ്ങടാ പൂവാ ന്നു നീ
ചോദിച്ചിരുന്ന സൂര്യൻ
മറഞ്ഞു തുടങ്ങുന്നു
പാടത്തിനപ്പുറത്തു
ആറരയുടെ വണ്ടി
എന്നെ പോലെ എന്തൊക്കെയോ
ഓർത്തെന്നപോലെ
വൈകി പായുന്നുണ്ട്
കഥകളോർത്ത് തീര്ന്നിട്ടല്ല
വെളിച്ചം കുറഞ്ഞാൽ
തിരിച്ചിറങ്ങാൻ ബുദ്ധിമുട്ടാവും
കൈ പിടിക്കാം എന്നോ
എവിടെയാണെന്ന് പോലും
അറിയാത്ത നീ എങ്ങിനെ
എന്റെ കൈ പിടിക്കാനാണ്
ഇരുട്ടിലേക്കിറങ്ങി
എങ്ങോട്ടെന്നില്ലാതെ
നടന്നു നടന്ന് ഇരുട്ടിലലിഞ്ഞു
ഒരു കൈ അപ്പോഴും
കൈ ചേർത്ത്
മിണ്ടാണ്ട് കൂടെ ഇണ്ടായിരുന്നു....!!!

- ദീപു മാധവൻ 20-12-2015

Wednesday, December 16, 2015

പ്രിയപ്പെട്ട ഡിസംബർ

*****************************
നീ ഒര്മിപ്പിച്ചത് കൊണ്ട് മാത്രമല്ല
വെറുതെയിങ്ങനെ ഓർക്കുകയാണ് 
എന്നും ഡിസംബറിനു പറയാൻ
വർഷങ്ങൾക്കപ്പുറം
ഒട്ടേറെ കഥകളുണ്ട് ശരിയാണ്...
അസമയമാണെന്ന് അറിഞ്ഞിട്ടും
നിന്ന നിൽപ്പിൽ വീട്ടിലേക്ക്
കേറാൻ തോന്നുന്ന
ശനിയാഴ്ചകൾ
തൃശൂര് സ്റ്റാന്റിലെ കാത്തിരിപ്പ്
പാതിരാത്രിക്ക്
മഞ്ഞു മൂടി നില്ക്കുന്ന
പെരിന്തൽമണ്ണ ടൌണിൽ
വന്നിറങ്ങിയത്
ജഹനറക്ക് തൊട്ടുള്ള
അനീസിന്റെ വീട്ടില് ബൈക്കിന്
വാതിലിൽ മുട്ടി
അവന്റെ ഉറക്കം കളഞ്ഞത്
സുബ്ബുവിനെ ശ്രീക്കുട്ടനെ
വിളിച്ചു വരുത്തിയത്
മഞ്ഞിൽ കൈകൾ വിടർത്തി
പരിഭവത്തിന്റെ സ്നേഹവീട് പറ്റിയിരുന്നത്
ക്രിക്കറ്റ് കിറ്റിനു
കരോളിനിറങ്ങിയത്
പാട്ടൊരെണ്ണം
മുഴുവനും പാടിയതിന്
നൂറിന്റെ നോട്ടൊരെണ്ണം
ബക്കറ്റിൽ കിട്ടിയതങ്ങിനെ പലതും....
മഞ്ഞുതിരുന്ന
തിങ്കളാഴ്ചവണ്ടി കേറി
കൊച്ചിയിലെത്തുമ്പോൾ
വല്ലാര്പാടം മുതൽ
പാലാരിവട്ടത്തെ
താന്റെ ചായക്കട വരെ
ക്രിസ്മസ് കഥകൾ
സ്നേഹത്തോടെ വിളമ്പിയിരുന്ന
പൈലി ചേട്ടൻ
ചൊവ്വാഴ്ച പ്പള്ളിയുടെ
പുറകിൽ സണ്ണിക്കുട്ടന്റെ
ക്രിസ്മസ് വിരുന്നുകൾ
രഞ്ജുഭായിയുടെ, മംഗലത്തിന്റെ
ഗിരീഷെട്ടന്റെ
സർപ്രൈസ് വിസിറ്റുകൾ
രാവേറെ നീളുന്ന നഗര പ്രദക്ഷിണം
പുറകെ സെക്കന്റ്ഷോ ...
രാത്രികളിൽ എപ്പോൾ
വേണമെങ്കിലും വന്നു
കൂട്ടിക്കൊണ്ടു പോകാവുന്ന
കരോൾ സൌഹൃദങ്ങൾ
രാത്രി മുഴുവൻ
പാലാരിവട്ടം*
നീളുന്ന തമാശകൾ....
എങ്ങോട്ട് നടന്നാലും
നക്ഷത്രങ്ങൾ പുൽക്കൂടുകൾ
പെയ്തു നില്ക്കുന്ന വീടുകൾ
വെളിച്ചത്തിൽ മുങ്ങി നില്ക്കുന്ന
മറൈൻ ഡ്രൈവ് ...മേനക
ഡിസംബറിൽ
പ്ലം കേയ്ക്കിന്റെ മാത്രം മണമുള്ള
വർക്കീസ്....
ഗസലിന്റെ ഓർമകളുള്ള
നൂറു നൂറു
പാപ്പാനികളുമായി
കാത്തിരുന്ന ഉറക്കമില്ലാത്ത
ഫോർട്ട്‌ കൊച്ചിൻ രാവുകൾ....
ഇക്കഴിഞ്ഞ സന്ധ്യകളിലെവിടെയോ
കേട്ട മണം പഴയ ഓർമ്മകൾ
കടൽ കടന്നു തേടി വന്നിരിക്കുന്നു
ഓർമകളിൽ ഇപ്പോഴുമുണ്ട് ഇനിയും മരിക്കാത്ത
ഡിസംബറുകൾ പലതും....
എഴുതിയാലും എഴുതിയാലും തീരാത്തവ .....!!!
ഓർമകളിൽ എല്ലാമുണ്ട്
എല്ലാം ... 

heart emoticon
- ദീപു മാധവൻ 15-12-2015

ഡിഫൈൻ


kiss emoticon
കാലവർഷമിങ്ങനെ
മനസ്സിനു ചുറ്റുമോർമയിൽ 
തങ്ങി ഖനീഭവിച്ച്
പെയ്തു തോരുന്നോരീ
സന്ധ്യയിലെങ്കിലും
പ്രിയ ചുംബനങ്ങളെ....
നിങ്ങൾ ചൊല്ലിയാലുമിന്നേ വരെ
തമ്മിൽ പോരടിച്ചും
മിണ്ടാതെയുമലഞ്ഞയെത്രോരം
വ്യത്യസ്ത വന്കര(ക)ളെ
കണ്ണിമ കൂമ്പിച്ച്
നനഞ്ഞൊട്ടി വിറക്കുമാറ്
നിങ്ങളിലേക്ക് മാത്രമൊഴുക്കിയൊന്നാക്കി
നിർത്തിയിരിക്കുന്നുവീ
മഴ(പ്രണയ)ലോകങ്ങളിൽ ...!!!

-ദീപു മാധവന് 20-07-2015

മഴ


പതിവ് പോലെ
അലാം വിളിച്ചുണർത്തുമ്പോൾ
എന്നത്തേയും പോലെ 
മുറിയിൽ അധികം വെളിച്ചമില്ല
ഒരു മണിക്കൂർ കൂടെ
ഉറങ്ങാൻ കിട്ടുമോ എന്ന്
ലഡ്ഡു പൊട്ടി
വാച്ച് നോക്കുമ്പോൾ
ആ പ്രതീക്ഷ പോയി കിട്ടി
ജനല് തുറന്നപ്പോൾ നല്ല മഴ
ചെറിയ ചാറ്റൽ മഴയൊന്നുമല്ല
സാമാന്യം തരക്കേടില്ലാത്ത മഴ
നല്ല തണുപ്പും..
കുളിക്കാൻ നോക്കുമ്പോൾ ഹീറ്റർ
മഴയത്ത് ഉറങ്ങി പോയതാവണം
നല്ല ഐസ് വെള്ളം മൂർധാവിൽ
വീഴുമ്പോൾ മനസ്സില്
രാവിലെ തന്നെ ഹീറ്റർനെ
രണ്ടെണ്ണം പറഞ്ഞു
ഇത്രയൊക്കെ എഴുതാൻ കാരണമുണ്ട്
ബസ്സിലിരിക്കുമ്പോൾ....
ഈ മഴയത്ത്
അങ്ങ് ദൂരെ നിന്ന്
ഒരു സൈക്കിളിൽ
തലയിലൊരു കവറ് ചുറ്റി
ഒരു പരാതിയുമില്ലാതെ
ഉരുണ്ടു വരുന്ന
രണ്ടു മഴത്തുള്ളികൾ...
എന്നെ പോലെ നേരത്തിനു
ജോലിക്ക് പോവുകയായിരിക്കണം
മഴയുതിരുന്ന ജനാല ചില്ലിൽ
നോക്കി ഞാൻ എന്നെ തന്നെ
ഒന്ന് പുച്ചിച്ചു
ചുരുട്ടി വച്ചിരുന്ന കൈകളെ സ്വതന്ത്രമാക്കി
ആ തണുപ്പിൽ ഞാനും
അവരോടൊപ്പം ചേർന്നു...
എന്റെ തണുപ്പൊക്കെ
എവിടെയോ പോയി
മഴയെ ഞാൻ വീണ്ടും
നെഞ്ചോട്‌ ചേർത്ത് പിടിച്ചു..

- ദീപു മാധവൻ

കാർവിങ്ങ് *


മരത്തിനെ
മനസ്സിനെ
ഒട്ടും
വേദനിപ്പിക്കാതെ 
ചെയ്യുന്ന ചില
ആശാരിമാരുണ്ട് 

അവരെപോലുണ്ട്
ചിലര്
വന്നിരുന്നു
പണി
തുടങ്ങുന്നത്
പോലും
പലപ്പോഴും
അറിയാറില്ല

ഒച്ചയും അനക്കവും
അറിഞ്ഞു
വരുമ്പോഴേക്കും
ഒരിക്കലും
മായ്ക്കാൻ
മറക്കാൻ
കഴിയാത്ത
ഒരു ശിൽപം
കൊത്തി വച്ചിരിക്കും
ഇഷ്ടപ്പെടാതിരിക്കാൻ
കഴിയാത്ത ഒന്ന് ....!! 

heart emoticon
ദീപു മാധവന് - 03-08-2015

സഖീ


====
ഒരിക്കലും
സാധ്യമല്ലാത്ത കടലിന്റെ 
പല മുനമ്പുകളിലും
ഏന്തി വലിഞ്ഞു നിന്ന് നീ
എന്നിൽ തന്നെ
അലിഞ്ഞു ചേർന്നേ മതിയാവൂ
എന്നുറക്കെ വിളിച്ചു പറയുന്നതെനിക്ക്
കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ
സ്പഷ്ടമായി കേള്ക്കാം
ചീറിയടിക്കുന്ന തിരമാലകൾ
പതിയെ എന്നെ നോക്കി ചിരിക്കുന്നു
എന്തോ മനസിലായിട്ടെന്ന പോലെ
ഇല്ല, ഞാനവരെ അറിയില്ല
എന്നോട് പിണങ്ങരുത്
അടിത്തട്ടിലെവിടെയോ
കാണുന്നത്
ഇളകി അകന്നകന്നു
പോകുന്നത്
പണ്ടെങ്ങോ കളഞ്ഞു
പോയെന്നു കരുതിയ
പവിഴത്തിന്റെ
അലകൾ തന്നെയാണ്
അല്ല നീ തന്നെയാണ്
നിന്റെ സ്നേഹത്തിന്റെ
എന്നെ മാത്രം
ഉന്നം വയ്ക്കുന്ന
മുനയുള്ള അലകൾ
ഇനി എതു സംഗമത്തിൽ
മുങ്ങി നിവർന്ന്‌
ശുദ്ധി വരുത്തിയാലാണ്‌
ഞാൻ നിന്റെ
സ്നേഹത്തിന്റെ അലകളിൽ
അലിഞ്ഞു ചേർന്ന്
നിന്നെ പുണരാൻ
പ്രാപ്തനാകുന്നത് ?
ഈ നിന്ന നിൽപ്പിൽ
ലോകം അവസാനിക്കട്ടെ
പിറ്റേന്ന് പിറക്കുന്ന പകലിൽ
കടലിൽ
നീയും ഞാനും മാത്രമുള്ള
ഒരു കൊട്ടാരം ഉയര്ന്നു വരും
നിന്റെയും എന്റെയും
മോഹങ്ങള്ക്ക്
മാത്രം പാര്ക്കാൻ
ഒരു കുഞ്ഞു കൊട്ടാരം
നീ ഞാനാകുന്നു
ഞാൻ നീയും
സ്നേഹം .....

< 3
heart emoticon

കാണാമിടം


***************
കാണാമിടം
അങ്ങിനെയൊന്നില്ലായിരിക്കാം 
പക്ഷെ കാണാമിടങ്ങളിൽ
നിന്നാണ്
ഉൾവിളികളിൽ മുക്കാലും
യാത്രകൾ ഓർമ്മകൾ
നമ്മെ കടന്നു പോകുമ്പോൾ
കണ്ടു തീർത്തവ
അധികമില്ലാത്ത
പോലെ വേണം നാമിരിക്കാൻ
അക്ഷരങ്ങൾ നഷ്ടപ്പെടുമ്പോൾ
ഉള്ള വേദന അറിഞ്ഞിട്ടും
നീറ്റലായി പാകമാക്കിയ പോലെ...
ആരും ഒന്നും അറിയരുത്
കാണാമിടങ്ങളുടെ കാരണങ്ങൾ
സ്വപ്നങ്ങളിൽ
എന്നും വരാറുള്ള
കോട മൂടിയ
നിഗൂഡമായ താഴ്വരകളാണ്
അക്ഷരങ്ങൾ നഷ്ടമാകുമ്പോൾ
നിനക്ക്
ചെന്നൊറ്റക്കിരിക്കാൻ
തിരഞ്ഞെടുക്കാവുന്ന
കാണാമിടം
യാത്രകളുടെ ഏതോ
മറുകരയായിരിക്കണം ...!

-ദീപു മാധവൻ 27-09-2015

കള്ളൻ


കണ്ണടച്ച് കിടന്നു ഉറക്കം നടിച്
പഞ്ചസ്സാരയും പാല്പ്പൊടിയും 
ബിസ്കറ്റും കാണാതെ പോയപ്പോൾ
ഞാനല്ലെന്ന് കണ്ണടച് പറഞ്ഞ്
ചേച്ചിയെ ചൂണ്ടി കാണിച്ച്
അമ്മയെ പറ്റിച്ച അന്നാണ്
ആദ്യമായി കള്ളാ
എന്ന വിളി കേള്ക്കുന്നത്....
ഒന്നുമില്ലായ്മയിൽ
ഒട്ടേറെ കാത്തിരുന്നു മുഷിഞ്ഞപ്പോൾ
എങ്ങോ കണ്ടൊരു മാസികയിൽ നിന്ന്
ഒരു വരി കട്ടെടുത്ത് കൂട്ടിപ്പെറുക്കി
വച്ചുകൊണ്ടാണ്‌
വീണ്ടും കള്ളനായി നോക്കിയത്
ഇരുട്ടിനെ
സ്നേഹിക്കാൻ പഠിക്കുക
ഏകാന്തതയെ
അഗാധമായി പ്രണയിക്കുക
തുടങ്ങിയ പല അടവുകളും
കയ്യിലുള്ളത് കൊണ്ടാവണം
വേറെ കുപ്പായം തുന്നേണ്ടി വന്നില്ല
അങ്ങിനെയൊക്കെയാണ്
ഞാനും കള്ളനായത്...
പ്രണയത്തിൽ വിപ്ലവമോ
വിപ്ലവത്തിൽ പ്രണയമോ
ഇടക്ക് മഴയും നൊസ്റ്റിയും
പ്രണയ ലേഖനങ്ങളിൽ
മാറി മാറി കലർത്തി
ഇണക്കുരുവികൾക്ക്‌ വിറ്റ്
അവരറിയാതെ
ഗോവണിപ്പടികളിൽ
ഗൂഡമന്ദസ്മിതവുമായി നിന്ന്
വീണ്ടും ഞാനൊരു
കള്ളനായി ....
പണ്ടേ മറന്ന
പലതിനെയും
കണ്ടിട്ടും കണ്ടില്ലെന്നു
നടിച്ചു നടന്നു തുടങ്ങിയപ്പോൾ
വർഷങ്ങൾക്കിപ്പുറം
കണ്ടെന്നു നടിച്ചവരുടെ
കൂടെ ഇരുന്നപ്പോൾ
പഴയത് പലതുമോര്ത്തപ്പോൾ
അവരും വിളിച്ചു കള്ളൻ....
പക്ഷെ കള്ളനെന്ന വിളി
ഏറ്റം ഹൃദ്യമായി തോന്നിയത്
നമ്മുടേത്‌ മാത്രമായിരുന്ന
ആ സായംസന്ധ്യയിൽ
അസ്തമയ സൂര്യനെ
സാക്ഷി നിർത്തി
നീ കാതിൽ പതിയെ
ചൊല്ലിയതാവണം....
എന്നൊക്കെ പറയണമെന്നുണ്ട്....
പക്ഷെ ഇപ്പോഴും
ഫോണിൽ കിട്ടാതെ
പിന്നെ കിട്ടുമ്പോൾ
അച്ഛന്റെ മാത്രം
ഇടക്കമ്മയുടെയും
ഒരു വിളിയുണ്ട്
എവ്ടെർന്നു കള്ളാ
എന്ന വിളി
കള്ളത്തരങ്ങൾ മറക്കാതിരിക്കുന്ന
മറക്കാതിരിക്കാനുള്ള
ആ വിളിയാണ് കള്ളനെന്ന
വിളിയിലെ ഏറ്റവും ക്യൂട്ട്..... < 3

heart emoticon
-ദീപു മാധവൻ - 19-10-2015

കാത്തിരിപ്പ്‌

എത്ര തിരഞ്ഞിട്ടും 
ചിതലരിക്കാത്ത പൊടിപിടിക്കാത്ത 
ഒറ്റ വാക്കുമില്ല
മനസ്സിന്റെ മച്ചിന്റെ
മുകളിൽ
ചിതലിന്റെ
ഈര്പ്പമുള്ള മണം
വാക്കുകള്ക്ക് മുഴുവൻ
ചുറ്റിലും നോക്കി
പൊട്ടിയ കാലുകളെ
ഓർത്തു കരയുന്ന
തീൻമേശകൾ
തുറിച്ചു നോക്കുന്നു
തിളക്കം പോയ
മൊന്തകൾ കിണ്ടികൾ
തിളക്കമില്ലാതെ
മയങ്ങുന്നുണ്ട്
പഴയ
പ്രതാപത്തിന്റെ
ഓർമ്മകൾ അയവിറക്കുന്ന
പലതുണ്ട്
വിത്തിന് വച്ച
തേങ്ങ മുള
പൊട്ടിയിരിക്കുന്നു
ഞാനിതെത്ര കണ്ടതാ
എന്ന മട്ടിൽ
ചിരിച്ച പോലെ തോന്നി
പല്ലിയൊരെണ്ണം
പതക്കോം ന്നു താഴെ വീണു
ഉരുണ്ടു പിരണ്ട്
ഓടിപ്പോയി
നിശബ്ദതയുടെ ഇടവേളകളിൽ
കരയുന്ന ചീവീടിന്
പോലും നല്ല നിശബ്ദത
തോന്നുന്നുണ്ട്
പുറത്തു ചിണുങ്ങി
പെയ്യുന്ന മഴ പോലും
നേർത്തു
മൌനിയാവുന്നു
ഒന്നിലും
ശ്രദ്ധ കൊടുക്കാതെ
വല നെയ്തു കൊണ്ടേ
ഇരിക്കുന്നൊരുവൻ
മാത്രം തിരക്കിലാണ്
കൂടുതൽ തിരഞ്ഞു നടന്നില്ല
നെയ്ത്ത് നടക്കട്ടെ
പടി ഇറങ്ങുമ്പോൾ ആണ് കണ്ടത്
പുറം ചട്ട ദ്രവിച്ചും
അകക്കാമ്പ് മുക്കാലും മാഞ്ഞും
വാക്കുകൾ നൂറായിരം
ഒരു മൂലക്ക് കൂട്ടിയിട്ടിരിക്കുന്നു
നെയ്തു ചേർക്കണം
മൌനത്തിന്റെ തോട് പൊട്ടിക്കണം
- ദീപു മാധവൻ - 09-11-2015

സാക്ഷി


***********
സാക്ഷിയാവുക
നിയോഗമാണ് 
സാക്ഷ്യം പറയേണ്ടി
വരികയാണ്
അതിലും കഠിനം
അറിഞ്ഞിട്ടും
അറിയില്ലെന്നു പറയേണ്ടി വന്ന
കണ്ടിട്ടും കാണാതെ
നടന്നു നീങ്ങിയവ
മറക്കരുതെയെന്ന്
അലറി വിളിച്ചതു
കേള്ക്കാതെ പോയവ
അങ്ങിനെ പലതും കണ്ണടച്ചാൽ
തെളിഞ്ഞു വരും...
മനസ്സിരുണ്ടു കൂടും
അകത്തെവിടെയോ
ഇടി വെട്ടി പെയ്തു തോരും
തളരരുത്
നാടകം തുടർന്നേ മതിയാവൂ...!!
ഹൃദയത്തിൽ മുക്കിയെടുത്ത
പേന കൊണ്ട്
സാക്ഷികളില്ലാത്ത
സാഹചര്യം കണക്കിലെടുത്ത്
നീറ്റലോടെ
അനുകൂലമായ വിധിയെഴുതി
കോടതി പിരിയുന്നു
കാരണം
നാടകം തുടർന്നേ മതിയാവൂ...!!
- ദീപു മാധവന് - 16-11-2015

ഹോളിഡെ


ഓർക്കാൻ
ഇഷ്ടമല്ലാത്ത 
ഓർമകളെ
നാമറിയാതെ
വ്യവസ്ഥകൾ
തെറ്റിച്ച്
വീണ്ടും വീണ്ടും
അകത്തേക്ക്
കടത്തി വിട്ട്
മനസ്സ് പലപ്പോഴും
പക പോക്കും 

എക്സ്പ്ലനെഷൻ
ചോദിച്ചപ്പോൾ
ഇന്നവിടെ ഹോളിഡെ
ആണത്രേ...!!!

- ദീപു മാധവൻ - 22-11-2015

Wednesday, July 22, 2015

വീട്ടിലേക്കുള്ള വഴി

അച്ഛന്റെ 
അമ്മയുടെ 
ചേച്ചിയുടെ
കൈ പിടിച്ചു
നടന്ന ബാല്യം
രണ്ടു വശവും
നോക്കിയും
മഴയിലും വെയിലിലും
നടന്നും ഓടിയും
കീഴ്മേൽ മറിഞ്ഞും
മഞ്ചാടി
കുന്നിക്കുരു
കണ്ണിമാങ്ങ
മീൻ പിടി
കുളം കലക്കൽ
ക്രിക്കറ്റ് ഫുട്ബോൾ പ്രാന്ത്
തുടങ്ങിയവയുടെയൊക്കെ
പുറകെ പോയി
സൈക്കിളിൽ വരെയെത്തിയ
പഠനകാലം
കൊട്ടകക്കുള്ളിലെ
ചൂടിനെ പ്രാകിയിരുന്നെങ്കിലും
തിരശീലയിലെ അത്ഭുതങ്ങൾ
കീഴടക്കി തുടങ്ങിയ കാലം
ഒറ്റക്ക് ബസ്സ്‌ കേറി തുടങ്ങിയതു തൊട്ട്
KL 10 S 2297 സ്പ്ലെണ്ടെർ
ലോകത്തിലെ ഏറ്റവും
വിലകൂടിയ എന്റെ ബൈക്കിൽ
ആരുമറിയാതെ പോയ ഒരായിരം
യാത്രകൾ ബഹളങ്ങൾ
കണ്ടും കേട്ടും തൊട്ടറിഞ്ഞതുമങ്ങിനെ
അത്ഭുതങ്ങൾ പലതിലൂടെ
ചങ്കു പറിച്ചു വെച്ച
കലാലയം സൌഹൃദം പ്രണയം
പൊള്ളിച്ചു നോവോര്മകളിൽ
ഇപ്പോഴും എവിടെയൊക്കെയോ
കൂടെയുള്ള കൌമാരം
നിധി പോലെ സൂക്ഷിക്കുന്ന
കുറെയേറെ സൌഹൃദങ്ങൾ
അവയിലൂടിവയിലൂടങ്ങനെ
വന്നെവിടെയോ
എത്തി നില്ക്കുമ്പോഴും...
തിരിഞ്ഞു നോക്കുമ്പോൾ
വിട്ടു പോയ പലതുമെന്ടെങ്കിലും
ഒരറ്റത്ത് നിന്ന്
മറ്റൊരു അറ്റത്തേക്ക്
നടന്നു തുടങ്ങിയ
നാൾ തൊട്ടിന്നു വരെയും
എപ്പോൾ തിരിച്ചു ചെല്ലുമ്പോഴും
മറ്റെന്തു മാറിയാലും
വീട്ടിലേക്കുള്ള വഴിയിലും
എന്നെ കാത്തിരിക്കുന്ന
കണ്ണുകളിലും മാത്രമേ
മാറ്റമേ നിന്നെ
കാണാത്തതുള്ളൂ..... 

ദീപു മാധവൻ - 22-07-2015
heart emoticon

Monday, June 1, 2015

ഇന്ന്


പ്രതീക്ഷകളുടെ
ഒത്ത നടുവിലായി 
താമസം
കുറെ ആയി
കരുതുന്നു
ഒരു വലിയ മുറി കൂടി
പണിയണം എന്ന്
നിരാശകൾക്ക് മാത്രം
താമസിക്കാനിടം കിട്ടാതെ
പോകരുതല്ലോ
ഒടുവിലെ മുറിയിൽ
പലപ്പോഴും യാഥാർത്യങ്ങളുമായി
ഞാൻ മാത്രമാകുന്നതാണ് നല്ലത്
കൂട്ടിന്
ഏകാന്തതയുടെ
പാട്ടു പാടുന്ന
വിരുന്നുകാരനും വന്നോട്ടെ
നടുവിലെവിടെയോ
വന്നു ചേരുന്ന
കുഞ്ഞു കുഞ്ഞു
സ്വപ്നങ്ങളുടെ
മുറി മാത്രം ആര്ക്കും
തുറന്നു കൊടുക്കുന്നില്ല
വാതിലിൽ മുട്ടുന്നവർ
നിങ്ങൾ പരിഭവിക്കരുത്
കാരണം
അതിനകത്തെ
മഞ്ഞും മഴയും വേനലും
തുടങ്ങി എല്ലാം പൊഴിയുന്നത്
സ്വപ്നങ്ങളിലെ
ഞങ്ങള്ക്ക് വേണ്ടി
മാത്രമത്രേ...
_ ദീപു മാധവൻ 12-05-2015

< 3

റിയർ മിററിലൂടെ
എത്ര വേണ്ടെന്നു വച്ചിട്ടും
എനിക്ക് കാണാമായിരുന്നു 
മനസില്ലാ മനസോടെ
മഞ്ഞിൽ അലിഞ്ഞു
ചേരുന്ന നിന്റെ നിഴലിനെ
ജാലകകാഴ്ചകൾ
മറച്ച മഞ്ഞിലും
കൂടുതൽ
കണ്‍ കാഴ്ചകൾ
മറച്ച കണ്ണീരിന്റെ
നനവായിരുന്നപ്പോൾ
അടക്കി പിടിച്ച
പെരുമ്പറകൾ
സ്റ്റിയറിങ്ങിലൂടെ
വിറയാർന്നുതിര്ന്നു നീങ്ങുമ്പോൾ
ഞാൻ ഓര്മകളുടെ
ഹൈവേയിലേക്ക്
കയറി തുടങ്ങിയിരുന്നു
ഏതോ ഏകാന്ത
യാത്രകളുടെ ഇടയിൽ
കൂടെ കൂടിയ നീ
ഇന്നിവിടെ എവിടെയോ
ഇറങ്ങി എവിടെയോ
മറയുമ്പോൾ
നാമൊന്നിച്ചു
പിന്നിട്ട ദൂരങ്ങളെ
ഞാൻ ഓര്ക്കുന്നു
എവിടെ തീരുമെന്നറിയാത്ത
ഈ യാത്രയിലും
വഴി വിജനമാണ്
ഓര്മകളിലേക്ക് ഗിയര്
പലകുറി മാറ്റിക്കൊണ്ടേ
ഇരിക്കുന്നു
തനിചെങ്കിലും
യാത്രകളോടുള്ള
പ്രണയം തീരുന്നേയില്ല... 18-05-15

Wednesday, April 29, 2015

അന്ന്


നിനച്ചിരിക്കാതെയാണ്
അന്ന് രാത്രി ...
സങ്കടങ്ങളൊക്കെ
കണ്ണും നിറച്ച്
തീവണ്ടി കേറി
കൊച്ചിയിലെത്തിയത്


ചൊവ്വാഴ്ച്ചപ്പള്ളിയുടെ
മുന്നില്
ഉരുകി തീരുന്ന
പ്രാർഥനകൾ
 കണ്ണ് നിറച്ചു കാണുന്നത്

അന്നാദ്യമാണ്
കലൂര് സ്ടെഡിയത്തിനു
പുറകിലെ ഏകാന്തതയെ
സ്നേഹിച്ചു തുടങ്ങുന്നതും

 അന്നാണ്
മറൈൻ ഡ്രൈവിലെ
ഗുൽമോഹർ മരങ്ങളെ
ഞാൻ അന്നേ വരെ
ശ്രദ്ധിച്ചിട്ടെ ഇല്ലായിരുന്നു

മഹാരാജാസ് ഗെയ്റ്റിനു
മുന്നില് അന്നാദ്യമാണ്
കവികളുടെ അയ്യപ്പനെ
കണ്ടതും

സങ്കടങ്ങളെ പുറകിലിരുത്തി
ഉറങ്ങാത്ത കൊച്ചിയിൽ
നിയോണ്‍ വിളക്കുകൾക്ക് താഴെ
നിർത്താതെ
ഓടിക്കൊണ്ടേയിരുന്നു

രാത്രിയിനിയും ബാക്കിയുണ്ട്
സങ്കടങ്ങൾക്ക് കഥ പറയാൻ
ചില സങ്കടങ്ങളെ
ഇടക്കെങ്കിലും
ഓർത്തു കൊണ്ടിരിക്കാൻ തോന്നും


- ദീപു മാധവന് - 28-04-2015

Monday, April 20, 2015

കാത്തിരിപ്പ്‌


മനസ്സൊരു
ചായമെഴുത്തുകാരന്റെ ...
കയ്യിലെ
മുഖത്തെഴുത്തിലാണ്


ഒരു
നീണ്ട
കാത്തിരിപ്പ്

അരങ്ങിലേക്കുള്ള
മനസെഴുത്തിൽ
മുഴുവൻ
എന്നെ മാത്രം
ഉറ്റു നോക്കുന്ന
 കാണികളാണ്

അവരിലോരാളാവുകയാണ്
കാഴ്ച ഹൃദ്യമാക്കുവാൻ
ഏറ്റവും
എളുപ്പം

കടുത്ത ചായക്കൂട്ടുകൾ
കഴുകി കളയുവാൻ
തോന്നുന്നില്ല

നിറങ്ങളെ പ്രണയിച്ച
കാണികളിലൊരു
കുഞ്ഞു
ബാല്യത്തിലേക്ക്
ഞാൻ മടങ്ങുന്നു

കണ്ണുകൾ തുറക്കാം
വിരലുകളിൽ
നിന്നൂറുന്ന
നിറങ്ങളെ നോക്കി
തൂലികയിലെക്ക്...
   
- ദീപു മാധവന് - 20-04-2015

Tuesday, April 7, 2015

ഫ്ലാഷ് ബാക്ക്


 നിനക്കെന്നെ
എത്രത്തോളം
ഇഷ്ടപ്പെടാൻ ...
കഴിയുമെന്നതിന്റെ
ഉത്തരമായിരുന്നിരിക്കണം
നമുക്ക് മേലെ
അന്ന് വിടര്ന്ന
മഴവില്ല്


അല്ലെങ്കിലും അത്ര
അടുത്തല്ലാതിരുന്നിട്ടും
അദൃശ്യമായി
എന്നിലേക്ക്‌ നീങ്ങിയിരിക്കുന്ന
നിന്റെ നിശ്വാസങ്ങളെ
ഞാൻ വിശ്വസിക്കണമായിരുന്നു
 
വിറയാർന്ന നഖങ്ങൾ
കൊണ്ട്
എന്നിലേക്ക്‌ മാത്രം
ദിശ കാണിച്ചിരുന്നത് വരെ
ഞാൻ ഇപ്പോഴാണ്
ഓര്ക്കുന്നത്
പിന്നെയെങ്ങിനെയാണ്

വാകപ്പൂ വീണ
വഴിത്താരകളും
പാതി വെയിലിൽ
കുട ചൂടിയിരുന്ന
സിമന്റ് ബെഞ്ചും
ഒക്കെ നീ മറന്നോ എന്ന ചോദ്യം
നിന്നെ തോല്പ്പിക്കുവാൻ തന്നെ ആയിരുന്നു

ഡാ മണ്ടൂ
നമ്മുടെ നിഴലൊന്നായ
ആ നിമിഷം മാത്രം
ഞാൻ ഓര്ക്കുന്നില്ല
എന്ന മറുപടി കൊണ്ടാണ്
ഓർക്കാപ്പുറത്ത് എന്നെ വെട്ടിയത്

 കടും വെട്ട്

അതു നേരാണല്ലോ
മഴവില്ലിനെ ഇനി ആര്ക്ക് വേണം
ഞാനും മറക്കുന്നു
ആ നിഴലോളം
വരില്ലോരോർമയും

കപ്പലണ്ടി
കൊറിച്ചു കൊണ്ട്
ഞാനാ വഴി
നടക്കാറുണ്ട് ഇപ്പോഴും
ആ നിഴല്
നിന്റെ മൊഴികള്
എന്നെ പിന്തുടരുന്നുമുണ്ട്....!!!

-ദീപു മാധവൻ - 07-04-2015

വേനൽ

മണൽക്കാട്ടിൽ
ഹുങ്കാരം
കൊത്തുപണികൾ
ചെയ്തു കൊണ്ടൊരു
വേനൽ കൊട്ടാരം...
പണി തുടങ്ങുന്നു   


 ഹന്ത ശൈത്യ ഗോപുരങ്ങളെ
നിങ്ങള്ക്ക് വിട

അദ്ധ്വാനങ്ങളുടെ
അര്ക്കാശ്രു
പൊഴിക്കാൻ തുടങ്ങുന്ന
വിയർപ്പുമണികളെ
നിങ്ങൾ
പതിവിലും
സൌമ്യരായാലും

 കാരണമാ പേശികളെ കാത്ത്
കണ്ണുകൾ നിരവധിയുലകിൽ
നിങ്ങൾ
പതിവിലും
സൌമ്യരായാലും

- ദീപു മാധവന് - 02-04-2015

തിര കൊണ്ട് പോയത്


മണല് കൊണ്ട്
ചിറ കെട്ടി ...
സൂക്ഷിച്ചതെന്റെ തെറ്റ്


ഇന്നലെയവർ
തിരകളിലേറി
ചിറകൾ
ഭേധിച്ചിരിക്കുന്നു

കടലെടുത്ത
ജീവനുകളെ
സൂക്ഷിച്ച
ചിറകളായിരുന്നവ

എങ്ങോ ചില
ബലികളാൽ
ഓർക്കപ്പെടാൻ
വിധിക്കപ്പെട്ട
ആത്മാക്കളുടെ ചിറ

അവരിപ്പോൾ
അവസാന
നിലവിളികളാൽ
തങ്ങളെ തിരഞ്ഞ
ഉറ്റവരെ ഓർക്കുന്നുണ്ടാവും

തിരിച്ചു
കിട്ടാതെ പോയ
സ്നേഹം
കരഞ്ഞു തീർത്തു
മടങ്ങിയ
വാത്സല്യങ്ങളെ പോലെ

ഞാനിങ്ങനെ
അവരെ തേടി
ഈ കടല്ക്കരയാകെ
നിലവിളിച്ചുകൊണ്ട്
നടക്കുമ്പോൾ

മണൽ ചിറ
കെട്ടി സൂക്ഷിച്ചതെന്റെ തെറ്റ്

 ആദ്യമായി
കടല് കാണാൻ വന്നപ്പോൾ
ഞാൻ മാത്രം
നിങ്ങളെ കണ്ടതും
എന്റെ തെറ്റ്

തിരകളിൽ കേറി
എന്നെ വിട്ടു പോയ നിങ്ങൾ
കൊച്ചു നക്ഷത്രങ്ങളായി
കടലിനു മീതെ
തെളിയുന്നതെനിക്ക് കാണാം
 എന്നെ നോക്കി പുഞ്ചിരിക്കുന്നതും

നിങ്ങളിപ്പോൾ
സനാദരാണ്
കടലിന്റെ മക്കൾ
ഞാൻ മടങ്ങട്ടെ
എന്റെ മാത്രം രാത്രികളിലേക്ക്
ഞാൻ മടങ്ങട്ടെ...

- ദീപു മാധവൻ 30-03-2015

നീതി



എത്ര വിധിച്ചിട്ടും
തെറ്റും ശരിയും ...
ത്രാസിൽ തുല്യം
വാരാത്ത ഒരു
ന്യായാധിപനുണ്ടാകും
ഒട്ടു മിക്ക മനസുകളിലും


തെറ്റിലും ശരിയിലും
പതിര് വേര്തിരിക്കാൻ
കഴിയാതെ ഉഴറിയ
ഒരു രാത്രിയെങ്കിലും കാണും
ഒട്ടു മിക്ക മനസുകളിലും

കറുപ്പിൽ നിന്നും
വെളുപ്പിലെക്കുള്ള ദൂരത്തിൽ
തിന്നു തീർത്ത ഒരായിരം
നീതി പുസ്തകങ്ങളിൽ നിന്നും
നീതി കിട്ടാതാകുമ്പോൾ
ന്യായത്തിന്റെ അധിപ സ്ഥാനം
വിട്ടൊഴിഞ്ഞ്
വെറുമൊരു കാഴ്ചകാരനാകുന്നു

അപ്പോഴും
ചിതലരിച്ച കറുത്ത കുപ്പായമിട്ട
വവ്വാലുകൾ ചുറ്റിലും
പറന്നു കൊണ്ടേയിരുന്നു
കണ്ണ് മൂടിയ
നീതി ദേവതയുടെ
തുലാസിലെ വ്യതിയാനം
ഇരുട്ടിലും വ്യക്തമായിരുന്നു

- ദീപു മാധവൻ - 29-03-2015

Monday, March 16, 2015

വിരഹം


 തിമിര്ത്തു പെയ്യുന്ന മഴയിൽ
കോളെജിനടുത്തുള്ള ഇരുണ്ട
ടെലിഫോണ്‍ ബൂത്തിൽ വച്ചാണ് ...
വിരഹത്തെ
തൊട്ടടുത്ത്‌ കാണുന്നത്
ആദ്യം കേള്ക്കുന്നത്


അങ്ങേത്തലക്കൽ സ്വരം
ജാലകത്തിലെ കാഴ്ചകൾ
രണ്ടും മഴയിൽ മങ്ങി തുടങ്ങുമ്പോൾ
നമ്മുടെ കണ്‍തടങ്ങളിൽ മഴയുടെ മേളം
തുടങ്ങിയിരുന്നുവല്ലേ സഖീ

ആ നിമിഷം മുതൽ
കാഴ്ചക്കാരായിരുന്നു നാം
ആദ്യമായ് കണ്ട ഇടനാഴിയിലെ
അതേ അപരിചിതർ
എന്നോ തണലായി
മാറിയിരുന്നെങ്കിലും
അന്നോളം കണ്ടതെല്ലാം
വെറും പൊയ്ക്കാഴ്ചകൾ
ഈ മഴ മാത്രം സത്യം
 
ഒരിടവപ്പാതി മനസ്സില്
പെയ്തു തോര്ന്നു
പുറത്തിറങ്ങുമ്പോളും
മഴ നിർത്താതെ
പെയ്തു കൊണ്ടേയിരുന്നു

ഒരു നീര്ക്കണം
കൂടെ പെയ്യിച്ചു കൂടെ നനഞ്ഞു
നാം സ്വപ്‌നങ്ങൾ
നെയ്ത അതേ നട വഴികളിലൂടെ
ഈ കുത്തിയൊലിച്ചു പെയ്തു
ചുറ്റിലും നിറയുന്ന മഴയിലാ
സ്വപ്നങ്ങളും അലിഞ്ഞു ചേരട്ടെ
മഴ സുന്ദരിയാകട്ടെ സഖീ...!!!

- ദീപു മാധവന് - 17-03-2015

കാലം


പ്രഭാതങ്ങളെ കണ്ണടച്ചിരുട്ടാക്കി
കണ്ണ് തുളക്കുന്ന
നാട്ടുച്ചകളിലെക്ക് കണ്ണ് തുറന്നിരുന്ന ...
ഒരു കാലമുണ്ടായിരുന്നു 


 കണ്ണ് തുറന്നാലും
നാല് ചുമരിനും ചുറ്റുമുള്ള
കട്ട പിടിച്ച മൌനം
വീണ്ടും മയക്കത്തിലേക്ക്
തള്ളിയിട്ടിരുന്ന കാലം

ചുറ്റിലും ചിതറി കിടക്കുന്ന
പുസ്തകങ്ങൾ
പാതി വിണ്ട മുഖക്കണ്ണാടി
ഒടിഞ്ഞ പേനക്കുള്ളിൽ
ജനിക്കാതെ പോയ മഷിത്തുള്ളികൾ
എഴുതി തീരാതെ പോയ
നൂറു നൂറു പാതി വരികൾ
കറ പിടിച്ച ഓര്മകളുടെ കൂടെ
കഴുകിട്ടും കറ മാറാത്ത ചായക്കോപ്പകൾ
ആകെ മൊത്തം
ക്രമം തെറ്റിയ നാല് ചുമരുകൾക്കുള്ളിൽ
അതിലും ക്രമം തെറ്റിയ
ദേഹവും ദേഹിയും
പിന്നെ എന്തിലെക്കാണ്
ഞാൻ കണ്‍ തുറക്കേണ്ടത്
   
നഷ്ടങ്ങളുടെ കണക്കുകൾ
ഒന്നൊന്നായി വീതിച്ചു
തുല്യമാക്കി ശീലിച്ചതിൽ പിന്നെ
ഞാൻ പ്രഭാതങ്ങളിലേക്ക്
തന്നെ കണ്‍ തുറന്നിരുന്നു
എനിക്ക് വേണ്ടി മാത്രം
പുലരുന്ന പ്രഭാതങ്ങളെ കാത്തിരുന്നു
അന്ന് മുതൽ മനസ്സ് ശാന്തമായിരുന്നു...

- ദീപു മാധവൻ - 16-03-2015

കറി


 പാചകക്കാരന്
പാകപ്പെടുത്തുവാൻ
പാകത്തിന് തയ്യാറായി നില്ക്കുക ...
എന്നതിൽ കവിഞ്ഞു
ഒരു കറിക്കെന്താണ്
ചെയ്യാനുള്ളത്


തിളച്ച എണ്ണയിൽ വീണ്
ആത്മാഹുതി നടത്തി
മേമ്പൊടി വീശുന്ന
കടുകിനെക്കാൾ ഭേദം
എന്ന് ആശ്വസിക്കുന്നുണ്ടാവും

പച്ചക്ക് മൊരിചെടുത്തു
മണം നോക്കി ഒന്ന് നക്കി
പാത്രതിനരികിൽ കിടത്തുന്ന
കറിവേപ്പിലയേക്കാൾ
അപമാനം ഒന്നും
ഞാൻ സഹിക്കുന്നില്ലല്ലോ എന്നുമാവാം

ഇതുപോലെ ആരുമറിയാത്ത
നൂറു നൂറു സംഘര്ഷങ്ങളുടെ
ഒരു കറിച്ചട്ടിയാണിന്നു മനസ്സ്

എല്ലാമറിഞ്ഞിട്ടും
ഒന്നുമറിയാത്ത പോലെ
ഉള്ളതിൽ നിന്നൊരു തുള്ളി
ഉപ്പു നോക്കി
ഒന്നും അറിയാത്ത
പോലെ മൂടി വച്ചു
ഒന്നുകൂടി പാകമാകാനുണ്ടത്രെ....!!!

  
- ദീപു മാധവൻ - 15-03-2015

Tuesday, March 10, 2015

ബോഗൻ വില്ല

എത്ര
വെട്ടി മാറ്റിയാലും
പരിഭവമേതുമില്ലാതെ
പിന്നെയും
തണലായി
തളിർത്തു പൂക്കുന്ന
ഒരു കടലാസ് ചെടിയുണ്ടായിരുന്നു
വീട്ടിലേക്കുള്ള വഴിയിൽ

ഹൃദയാഴങ്ങളിലേക്ക്
എന്നോ പടര്ന്നു
കയറിപ്പറ്റിയ
ഓർമകളിൽ ചിലവ
അങ്ങിനെയാണ്

ഒരു കുഞ്ഞു നാമ്പിൽ
തൊട്ടു പിന്നെയും
തളിർത്തു പടര്ന്നു
കേറിക്കൊണ്ടെയിരിക്കും

ഞാൻ ഓര്മകളുടെ
ഊടു വഴികളിലൂടെ
അലഞ്ഞു കൊണ്ടേയിരിക്കും
മഞ്ഞും മഴയും വെയിലും
എനിക്ക് ചുറ്റും പലയാവർത്തി
കടന്നു പോകും

വഴിയറിയാതെ അലഞ്ഞലഞ്ഞു
ഏതോ കാട്ടിൽ
ഏതോ ഒരു മണ്പുറ്റിനുള്ളിൽ  
മൌനിയായിടും വരെ
ഒര്മകളെന്നുള്ളിൽ  
പടര്ന്നു കേറി കൊണ്ടേയിരിക്കും  

- ദീപു മാധവൻ 10-03-2015 

Thursday, March 5, 2015

കലാപം


നിനക്കുമെനിക്കുമിടക്കുള്ള
കലാപങ്ങൾക്ക് ...
കാറ്റിന്റെ
ശക്തിയും
വേഗതയുമായിരുന്നു


ഒരൊറ്റ മഴയിൽ
അലിഞ്ഞില്ലാതെ
പോകാവുന്ന
പഞ്ഞി കാർമേഘങ്ങളെ
പോലെ
കാറ്റ്
നിന്നെ നീക്കി നിർത്തി
മടുക്കുമ്പോഴാണ്
പോട്ട് പുല്ലെന്ന്
ഞാൻ പറയാറുള്ള പോലെ
നിന്റെ ദേഷ്യത്തെ
അലിയിച്ചു പെയ്യിക്കുന്നത്

പിന്നെയുള്ള ശാന്തതയിലാണ്
നനഞ്ഞൊട്ടി നമ്മളന്യോന്യം
വീണ്ടും
പഞ്ഞി പോലത്തെ
കാരണങ്ങൾ കണ്ടെത്തുന്നത്

കാറ്റിനു പോലും
കടന്നു വരാൻ
കഴിയാത്തത്ര അടുപ്പിച്ചു
തുന്നിയ നമ്മുടെ
സ്നേഹപ്പുതപ്പിനുള്ളിൽ....!!!

- ദീപു മാധവൻ - 05-03-2015

ഒഴുകി

നീന്തി
മടുത്തിട്ടല്ല
നീയെന്ന കടലിലെ
തിരകളെ
പേടിച്ചുമല്ല
...
എല്ലാ
യാത്രകളിലെയും പോലെ
മാനം നോക്കി
ഇങ്ങനെ പൊങ്ങി
കിടന്നു കൊതി
തീര്ന്നില്ല

ഒഴുകി ഒഴുകി
ഞാനീ കടല്
മുഴുവൻ ചുറ്റി
കണ്ടിട്ട് വരാം ...

- ദീപു മാധവന് 04-03-2015

പ്രണയം


അവസാന താളിൽ
പ്രണയമേ ...
നിന് പേരു കൂടി
എഴുതി ചേര്ക്കാൻ
ഞാനെത്തും മുൻപേ

ഞാൻ പോലുമറിയാതെ
നടന്നു നീങ്ങിയ പ്രണയമേ

 നിന്നെ ഒരിക്കലെങ്കിലും
കാണുമെന്നോർത്തു
ഞാനിനിയുമീ പൂമുഖപ്പടിയിൽ
തന്നേയിരുന്നെഴുതും

റാന്തൽ വെളിച്ചം
മങ്ങി തുടങ്ങുമ്പോൾ
മഞ്ഞുതിരും
നിലാവിലെക്കിറങ്ങി നില്ക്കും

എന്നിട്ട് നമുക്ക്
യാത്ര ചെയ്യേണ്ട ദൂരങ്ങളിലേക്ക്
മഞ്ഞു പെയ്യുന്ന മലകളിലേക്ക്
നാം തീര്ച്ചയായും പോയിരിക്കേണ്ട
ഹെയര് പിന് വളവുകളിലേക്ക്
കാടിന് നടുവിലെ ഒറ്റ വീട്ടിലേക്ക്
നിശബ്ദതയുടെ
നമ്മുടെ മാത്രം സ്വരങ്ങൾ
കാതോര്ക്കുന്ന താഴ്വരകളിലേക്ക്
കപ്പലണ്ടി കൊറിച്ച് കൈകൾ കോർത്ത്‌
നടക്കേണ്ട കടല്ക്കരകളിലേക്ക്
അന്തവും കുന്തവുമില്ലാതെ
തണുത്തു വിറക്കുന്നു എന്ന്
തോന്നും വരെ മഴയത്ത്
കൂടെ കെട്ടിപ്പിടിച്
മോട്ടോര് സൈക്കിൾ ഓടിച്ചു
പോകേണ്ട നീണ്ട പകലിരുൾ
പാതകളിലേക്ക്
മഴ പെയ്യുമ്പോൾ ഗസലിനോപ്പം
യാത്ര ചെയ്യേണ്ട വീടിനടുത്തുള്ള
മഴ വഴികളിലേക്ക്
ഒടുക്കം നനഞ്ഞു കുതിര്ന്നു
നില്ക്കുന്ന പ്രണയമേ
നിന്റെ നെറുകയിൽ തന്നു
ചേർത്ത് നിര്ത്താനുള്ള
ഒരായിരം ഉമ്മകളിലെക്ക്.....

അങ്ങിനെ അങ്ങിനെ
കണ്ണും നട്ട്
ഞാൻ നില്ക്കും രാവേറെ വൈകി
ആർദ്രയായ് നീയുറങ്ങൂ

ഒക്കെയ്ക്കും പ്രണയാർദ്ര
നിലാവിൽ എന്നെ നീ
ആ അവസാന താളു വരെ
കാത്തിരുന്നില്ലല്ലോയെങ്കിലും
പ്രണയമേ നിന്നെ പ്രണയിക്കാതെ വയ്യ...!!

- ദീപു മാധവൻ 16-02-2015

Sunday, February 15, 2015

ജിയോളജിക്കൽ


ഭൂമി എത്ര
ഉരുണ്ടതെന്നു പറഞ്ഞാലും
ചിലതിലെക്കുള്ള ദൂരം
നീളത്തിൽ തന്നെ ഓടണം 
അതാണ്‌ ചരിത്രം

ഓടി എത്താൻ
മനസ് കൊണ്ടെങ്കിലും
കഴിയുമെന്നിരിക്കിലും 

കുഞ്ഞിലെ ഇത്രേം വലിയ
കണ്ടു പിടുത്തം നടത്തിയ അഹങ്കാരത്തോടെ
നമ്മളൊക്കെ നീളത്തിൽ
അല്ലെ നടക്കണേ
അപ്പൊ പിന്നെ എങ്ങനെ
ഉരുണ്ടതാകും
നീളം ആണ് കൂടുതൽ....!!

ചോദിച്ച ടീച്ചര്
വായും പൊളിച്ചു
നിന്നത് എന്തിനാണെന്ന്
ഇപ്പോഴും എനിക്കറിയില്ല

അല്ലെങ്കിലും
നമ്മുടെ ചില സത്യങ്ങൾ
ആര്ക്കും മനസിലാവില്ല
നല്ല കണ്ടു പിടുത്തം
എന്ന് പറഞ്ഞു
ചെവിക്കു പിടിച്ചു ചുവപ്പിച്ചു കളയും
കൂടെ ഒരു നോട്ടവും

എന്നിരുന്നാലും
ഇതിപ്പോ ഓർക്കാൻ കാരണമുണ്ട്
ഉരുണ്ടോ പിരണ്ടോ
നീളത്തിൽ ഓടിയോ
പ്രകാശം പരക്കുന്ന
ഒരു പുതിയ തുരുത്തിലേക്ക്
തന്നെ ഒഴുകി നീങ്ങട്ടെ

കണ്ടുപിടുത്തങ്ങളിൽ
ഈ ഇടം നാള് കുറിക്കട്ടെ..!! 

   - ദീപു മാധവന് - 15-02-2015

Monday, February 9, 2015

സ്വപ്നാടനം


ജീവിതം
ഈ രാവിൽ
നിന്നടുത്ത പുലരിയിലെക്കുള്ള
പ്രത്യാശ മാത്രമാകുമ്പോൾ

സ്വപ്നങ്ങളാണാ 
നിലാവിന്
നിറം പകരുന്നത്

ദേശാന്തരങ്ങൾ താണ്ടി
നക്ഷത്രങ്ങളോട് കിന്നാരം
പറയാൻ കഴിയുന്നവർ
നിങ്ങൾ അവര്ക്ക് പ്രിയപ്പെട്ടവരാണ്

നിലാവിനോട് മുട്ടിയുരുമ്മി
ഇരിക്കാൻ കഴിയുന്നവർ
നിങ്ങൾ പണ്ടെങ്ങോ
അവരെ സ്നേഹിച്ചിരുന്നു

സ്വപ്നങ്ങളെ പോലും
അവ്യക്തമായി മാത്രം
ഓർത്തെടുക്കാൻ വിധിക്കപ്പെട്ടവർ
    
നിങ്ങൾ സ്വപ്നാടനങ്ങളുടെ 
തുടരവകാശികൾ
പ്രത്യാശകളുടെ പിൻതലമുറക്കാർ
സ്വപ്നം കാണാൻ വിധിക്കപ്പെട്ടവർ

- ദീപു മാധവന് - 10-02-2015