Monday, February 17, 2014

വാക്കുകൾ


 പ്രണയത്തിനു
മാത്രമായി
വാക്കുകളുണ്ടോ
ഉണ്ടാവണം

നിന്റെ
അഭാവങ്ങളിൽ ...
മാത്രം പിറക്കുന്ന
ചില വാക്കുകളുണ്ട്

ഏതൊക്കെയോ
ഇടനാഴികളിൽ
വഴിത്താരകളിൽ
ഗോവണിപ്പടികളിൽ

പ്രതിധ്വനിച്ചു
നിന്നെ തിരഞ്ഞുകൊണ്ടെന്നെ
വന്നുലയ്ക്കുന്ന
ചില വാക്കുകൾ

നിമി നേരം
കൊണ്ടെന്നെയും
നിന്നെ തിരഞ്ഞു
നടക്കാൻ വിട്ടോടി
മറയുന്ന വാക്കുകൾ

ഒരുന്മാദിയെപ്പൊലെ
ഒരപ്പൂപ്പൻ താടിയുടെ
കനം പോലുമില്ലാതെ
ഞാൻ ഞാനല്ലാതായി
മാറാറുണ്ട്

നിന്റെ മാത്രം
പ്രണയത്തിന്റെ
വാക്കുകളിൽ
അലിഞ്ഞു ചേരാറുണ്ട്

ഉണ്ട്
പ്രണയത്തിനു മാത്രം
നല്കാവുന്ന
ചില വാക്കുകളുണ്ടിതുപോലെ..!!

- ദീപു മാധവൻ - 17-02-2014

കൂമൻ


 എന്നത്തേയും പോലെ
ഇന്നും രാത്രി
ഞാൻ
അര മതിലിന്റെ
അപ്പുറത്തെ
ചാമ്പ മരത്തിൽ
ഒരു കൂമനെ പോലെ ...
ആകാശം നോക്കി
ഇരിക്കും

ആകാശം കാണാതെ
നീ ഇറങ്ങി
വരുമെങ്കിൽ
ഈ രാത്രി തന്നെ
എത്ര രാത്രികൾ
ഞാൻ നോക്കിയിട്ടും
നമ്മെ അറിയാത്ത
ആകാശങ്ങളുടെ
ചുമരുകളിൽ
നിന്റെയും എന്റെയും
പേരുകൾ
കോറിയിടണം

അപ്പുറവും
ഇപ്പുറവും
ഹൃദയ ചിഹ്നം പോലെ
നക്ഷത്രങ്ങൾ തുന്നി
പിടിപ്പിക്കണം

ഇന്നലെ
നമ്മെ അറിയില്ലെന്ന്
കൈ മലര്ത്തിയ
മേഘങ്ങൾ
പറവകൾ
ഒക്കെ നാളെ
നേരം വെളുക്കുമ്പോൾ
നാണിച്ചു
തല താഴ്തി
പറക്കട്ടെ

നിലാവൊഴുകുന്ന
മറ്റൊരു
താഴ്വാരത്ത് നിന്ന്
തിളങ്ങുന്ന നമ്മുടെ
നക്ഷത്രങ്ങളെയും നോക്കി
നിന്റെ മാറിൽ
തല ചായ്ച്ചു
ഞാനുറങ്ങും.

- ദീപു മാധവൻ 16-02-2014

Valentine

വാലെന്റൈൻ
ആയിട്ടൊന്നുമില്ലേ
മാഷെ ... ?

എന്തുണ്ടാവാൻ

എന്റെ ...
പ്രണയമിപ്പൊഴൊരു
മൌനത്തിലാണ്

എത്ര
നീട്ടിക്കുറുക്കിയാലും
എന്നിലേക്ക്‌ തന്നെ
വന്നു ചേരുന്ന
നിന്റെ മൌനങ്ങൾ പോലെ

നമുക്കിടയിൽ
മുളപൊട്ടിയിരുന്ന
നിന്റെ മൌനത്തിന്റെ
അകലം പോലെ

എത്രയായിരുന്നവ
ഞാനളന്നിട്ടില്ല
കാരണം
അതെന്നോളം
വരുമെന്നെനിക്കുറപ്പുണ്ട്

കാരണം
എനിക്കും നിനക്കുമായി
നമ്മുടെ ലോകത്തൊന്നും
ഉണ്ടായിരുന്നില്ല
അതാവണം

നമ്മുടെ
എന്ന ചേരുവ
ചേർക്കാത്ത വാക്കുകൾ
നമുക്കന്യമായിരുന്ന കാലത്ത്

നിന്റെ മൌനം
പേറും നയനങ്ങൾ
പോലുമൊരായിരം
പ്രണയ കഥകൾ
ചൊല്ലാറുണ്ടായിരുന്നു

നീ പോലുമറിയാതെ...

വാലെന്റൈൻ
ഓർമിപ്പിച്ചത് നന്നായി
രണ്ടു വരി കൂടുതൽ
കുറിക്കാമല്ലോ

കരളു പിടചെഴുതിയ
ചോര ചാലിച്ച
വാലെന്റൈൻ
എഴുത്തുകളൊക്കെ
ഇന്ന് ഔട്ട്‌ ഓഫ് ഫാഷൻ

സ്ക്രീനുകളിൽ നിന്നും
സ്ക്രീനുകളിലേക്ക്
ഓടി നടന്നു
ആശംസകൾ കൈമാറുന്ന
ഇക്കാലവും അക്കാലവും
പ്രണയം പ്രണയം തന്നെ

പ്രത്യേകിച്ചൊരു
ദിവസം
വേണ്ടാത്ത പ്രണയം

ഇനി നാളെയെ
പ്രണയം പാരമ്യതിലെത്തൂ
എന്നുള്ളവർക്കും
അല്ലാത്തവർക്കും
എല്ലാം കൂടി
ഒരു നല്ല പ്രണയകാലം

പ്രണയം
ഒഴുകട്ടെ

- ദീപു മാധവൻ 13-02-2014

Monday, February 10, 2014

വരികൾ



നല്ല
രണ്ടു വരികൾ
മനസ്സില്
വരുമ്പോഴാവും

നല്ല
ഇന്ഗ്ലീഷിട്ടു ...
പതപ്പിക്കേണ്ട
ഒരു കോൾ
വരുന്നത്

അത് വച്ചൊന്നു
തിരിഞ്ഞു
വരുമ്പോഴേക്കും
പഴയ വരികൾ
പാട്ടിനു പോയിക്കാണും

പിന്നെ
അതും തിരഞ്ഞു
കൊറേ നടക്കും
പിന്നെ
കുറെ തിരക്കും

പിന്നെ
എവിടെയെങ്കിലും
കാണുമായിരിക്കും
എന്ന് കരുതി മറക്കും

പിന്നെ കാത്തു
കാത്തങ്ങനെ ഇരിക്കും
വരുമായിരിക്കും

ദീപു മാധവൻ - 10-02-2014

Tuesday, February 4, 2014

മേലെ തൊടി



 അല്ലെടാ ചെക്കാ
നിനക്കാ
മേലെ തൊടീൽക്കൊക്കെ
ഒന്ന് കേറി നോക്കിക്കൂടെ
അച്ഛനതാ മടാളും കൊണ്ട്
കേറീട്ടു കൊറേ നേരായി
എന്തെങ്കിലും ഒന്ന് പോയി നോക്കിക്കൂടെ ...

ആദ്യത്തെ അവധിയുടെ ആലസ്യത്തിൽ
പല്ല് തേച്
ചായയും കൊണ്ട് കോലായിൽ
ഇരിക്കുമ്പോഴാണ്
അമ്മ മുറത്തിൽ എന്തോ
ചിക്കിക്കൊണ്ട് ഈ ചോദിക്കുന്നത്

എപ്പഴും
ആ പിന്നെ പോകാന്നു പറയും
അന്നെന്തോ
ഒരു മിന്നൽ പോലെ
ഒന്ന് അകത്തൂടെ പാഞ്ഞു
വര്ഷം ഒന്ന് കഴിഞ്ഞിരിക്കുന്നു
ഞാൻ ആ വഴിയൊക്കെ പോയിട്ട്

ഒര്മകളിലെക്കൊന്നു
ഊളിയിടാൻ തോന്നി

മേലെ തൊടി നിറയെ
തെങ്ങുകളും
പറങ്കി മാവും
നല്ല വരിക്ക പ്ലാവും
മൂവാണ്ടൻ മാവും
ഞാവൽ മരവും
പോടുവുണ്ണി, മഞ്ഞപ്പാവുട്ട
തേക്ക്, മഹാഗണി
കാട്ടുചന്ദനം
മുളങ്കാട്‌
കൈതക്കൂട്ടം...

അങ്ങനെ തുടങ്ങി
അതൊരു ലോകമായിരുന്നു അന്ന്
എഴുതിയാൽ തീരാത്ത ഓര്മകളുടെ ലോകം
കൊത്തിപിടിച്ചു കയറാൻ
പറ്റുന്ന മരങ്ങളൊക്കെ
കീഴടക്കിയിരുന്നു ഒരുകാലത്ത്

ഊഞ്ഞാലിട്ടാദിയും
കല്ലെറിഞ്ഞും
കരിയില കൂട്ടി കുഴിയൊരുക്കിയും
കളിവീടുണ്ടാക്കിയും
തിമിര്ത്തു നടന്ന
ആ പ്രാന്തൻ കാലത്തെയൊക്കെ
ഓര്മിപ്പിച്ചു കൊണ്ട്
അമ്മയിലൂടെ അച്ഛനിലൂടെ
എന്നെ അങ്ങോട്ട്‌
വിളിക്കുന്നതാരായിരിക്കണം

ഇടനെഞ്ചു തുടിക്കുന്നുണ്ട്
എനിക്ക് മനസ്സിലായി
വെട്ടിയൊതുക്കിയ മുളന്കാടിനും
ചന്ദന മരങ്ങൾക്കുമിടയിൽ
തെക്കേ തൊടിയിലുറങ്ങുന്ന
എന്റെ പ്രിയപ്പെട്ടവർ
അവരാണ് എന്നെ മാടി വിളിക്കുന്നത്‌
ആദ്യമേ ചെല്ലാതത്തിനു
പരിഭവം പറയാനായിരിക്കും
ഇല്ലെങ്കിൽ
ചെവി പിടിച്ചു
തിരുമ്മാനായിരിക്കും

കാലുകൾ യാന്ത്രികമായി
ചലിച്ചു തുടങ്ങി
ചെന്നവിടെ കണ്ണുമടച്ചു
നിൽക്കുമ്പോൾ ആരൊക്കെയോ
എന്നെ വന്നു തഴുകുന്നുണ്ടായിരുന്നു
ഞാൻ പോലുമറിയാതെ
കണ്ണ് നിറഞ്ഞു തുടങ്ങുമ്പോൾ
ഞാൻ മടങ്ങി
അവർ കാണണ്ട

രക്തം രക്തത്തെ
തിരിച്ചറിയുന്ന നിമിഷങ്ങളിൽ
ഒരിക്കലും മറക്കാനാവാത്ത
ഒരൊർമയുമായി
ഞാൻ വീണ്ടും
തിരക്കുകളിലേക്ക് മടങ്ങി

- ദീപു മാധവൻ 04-02-2014

അടിവാരത്ത്



കുറച്ചു മാറി
രണ്ടു പാറകളിൽ
കൂനി കൂടിയിരുന്നു
നമ്മുടെ സ്വപ്നങ്ങൾ
എന്തായിരിക്കും
ചിന്തിക്കുന്നത് ...? ...

പിണങ്ങിയിരിക്കുന്ന
നമ്മുടെ സ്വപ്നങ്ങൾക്കിനി
മലയിറങ്ങാൻ
ഒരു രാത്രി കൂടി
കാത്തിരിക്കേണ്ടി
വരും
അതാവുമോ ?

യാത്രകളിൽ
പിണക്കങ്ങളും ഉരുൾ പൊട്ടലും
ഇതാദ്യമല്ലല്ലൊ
എന്നോർത്ത്
നമ്മൾ മിണ്ടാതിരുന്നു

എനിക്കുറപ്പാണ്
അവരാലോചിക്കുന്നത് ഇതാവണം
ഈ രാത്രിയിൽ
പെയ്യാനുറപ്പിച്ച
മഴയിൽ നമ്മളെന്തു
ചെയ്യും.... ?

ഇത്തിരി കൂടി
ചേർന്നിരിക്കൂ
മഴ നനയാതെ
കൂനിക്കൂടി കൈകൾ
ചേർത്ത് പിടിച്ച്
നമുക്കും
ചിന്തിക്കാം....

- ദീപു മാധവൻ 02-02-2014

ഇന്നലെ


ഇന്നലെ സ്വപ്നത്തിൽ
ഒരു മാലാഖ/മാലഖൻ
ചോദിക്കുകയുണ്ടായി
അടുത്ത ജന്മത്തിൽ
നിനക്കാരാകണം എന്ന്

സ്വപ്നത്തിലല്ലേ ...
ഞാൻ ഒന്ന് കൂടെ
ചുരുണ്ട് കൂടി
ആലോചിക്കട്ടെ

പച്ചയായ ഒരു മനുഷ്യനിൽ
ജീവിക്കുന്ന
പച്ചയായ ഒരു കവിയാകണം
എന്നുണ്ട്

കാരണമെന്താ

ഈ ജന്മതിലിന്നെ വരെ
ഒരു കവിയാണെന്ന് പറയാൻ
ധൈര്യം വന്നിട്ടില്ല
എന്നത് തന്നെ

ജീവൻ തുടിക്കുന്ന
ചിത്രങ്ങളൊപ്പുന്ന
ഒരു ഫോടോഗ്രാഫറാകണം
എന്നുണ്ട്

കാരണമെന്താ

ഈ ജന്മതിലിന്നെ വരെ
ഒരു ഫോട്ടോഗ്രാഫർ ആണെന്ന്
പറയാൻ
ധൈര്യം വന്നിട്ടില്ല
എന്നത് തന്നെ

ലോകത്തിന്റെ
മുക്കിലും മൂലയിലും
ഒക്കെ ചെന്നെത്തുന്ന
കെട്ടുപാടുകളില്ലാത്ത
ഒരു ജിപ്സി
ആകണം എന്നുണ്ട്

മുന്നില് വരുന്ന ബോളുകൾ
ഒക്കെ അതിര്ത്തി കടത്തുന്ന
ഇടയ്ക്കിടയ്ക്ക്
സ്റ്റമ്പ്സ് പിഴുതെറിയുന്ന
ഒരു ഓൾറൌണ്ടർ
ക്രിക്കറ്റർ ആകണം എന്നുണ്ട്

ജീവിത ഗന്ധിയായ
സിനിമകൾ ഉണ്ടാക്കുന്ന
ആളാകണം എന്നുണ്ട്

സ്വപ്നങ്ങളല്ലേ
ചിലവൊന്നും ഇല്ലല്ലോ

ഇടക്കൊന്നു
കണ്ണ് തുറന്നു നോക്കി
ദെ അതിഥി
നല്ല ഉറക്കം
തുടങ്ങിയിരിക്കുന്നു

ഉണർത്താൻ പോയില്ല
ചിലപ്പോൾ
എന്നെ പോലെ
സ്വപ്നം കാണുകയാണെങ്കിലോ

സ്വപ്നങ്ങളിലെവിടെയൊക്കെയോ
ഉള്ള പച്ചയായ ഞാൻ
വീണ്ടും
അടുത്ത പുലരിയിലേക്കുള്ള
ഉറക്കത്തിലേക്കു വഴുതി വീഴുന്നു

- ദീപു മാധവൻ 30-01-2014

നില


 നിലയില്ലാക്കയങ്ങൾക്കുമുണ്ടാവില്ലേ
ഒരു നില
ശ്വാസം നിലക്കുമ്പോൾ മാത്രം
എത്തിച്ചേരുന്ന
എത്തിച്ചേരാവുന്ന
ഒരു നില
...
എത്ര ശ്വാസം പിടിച്ചാലാണ്
ആ നിലയൊന്നു
തൊടാനാവുക

23-01-2014