Wednesday, December 16, 2015

കള്ളൻ


കണ്ണടച്ച് കിടന്നു ഉറക്കം നടിച്
പഞ്ചസ്സാരയും പാല്പ്പൊടിയും 
ബിസ്കറ്റും കാണാതെ പോയപ്പോൾ
ഞാനല്ലെന്ന് കണ്ണടച് പറഞ്ഞ്
ചേച്ചിയെ ചൂണ്ടി കാണിച്ച്
അമ്മയെ പറ്റിച്ച അന്നാണ്
ആദ്യമായി കള്ളാ
എന്ന വിളി കേള്ക്കുന്നത്....
ഒന്നുമില്ലായ്മയിൽ
ഒട്ടേറെ കാത്തിരുന്നു മുഷിഞ്ഞപ്പോൾ
എങ്ങോ കണ്ടൊരു മാസികയിൽ നിന്ന്
ഒരു വരി കട്ടെടുത്ത് കൂട്ടിപ്പെറുക്കി
വച്ചുകൊണ്ടാണ്‌
വീണ്ടും കള്ളനായി നോക്കിയത്
ഇരുട്ടിനെ
സ്നേഹിക്കാൻ പഠിക്കുക
ഏകാന്തതയെ
അഗാധമായി പ്രണയിക്കുക
തുടങ്ങിയ പല അടവുകളും
കയ്യിലുള്ളത് കൊണ്ടാവണം
വേറെ കുപ്പായം തുന്നേണ്ടി വന്നില്ല
അങ്ങിനെയൊക്കെയാണ്
ഞാനും കള്ളനായത്...
പ്രണയത്തിൽ വിപ്ലവമോ
വിപ്ലവത്തിൽ പ്രണയമോ
ഇടക്ക് മഴയും നൊസ്റ്റിയും
പ്രണയ ലേഖനങ്ങളിൽ
മാറി മാറി കലർത്തി
ഇണക്കുരുവികൾക്ക്‌ വിറ്റ്
അവരറിയാതെ
ഗോവണിപ്പടികളിൽ
ഗൂഡമന്ദസ്മിതവുമായി നിന്ന്
വീണ്ടും ഞാനൊരു
കള്ളനായി ....
പണ്ടേ മറന്ന
പലതിനെയും
കണ്ടിട്ടും കണ്ടില്ലെന്നു
നടിച്ചു നടന്നു തുടങ്ങിയപ്പോൾ
വർഷങ്ങൾക്കിപ്പുറം
കണ്ടെന്നു നടിച്ചവരുടെ
കൂടെ ഇരുന്നപ്പോൾ
പഴയത് പലതുമോര്ത്തപ്പോൾ
അവരും വിളിച്ചു കള്ളൻ....
പക്ഷെ കള്ളനെന്ന വിളി
ഏറ്റം ഹൃദ്യമായി തോന്നിയത്
നമ്മുടേത്‌ മാത്രമായിരുന്ന
ആ സായംസന്ധ്യയിൽ
അസ്തമയ സൂര്യനെ
സാക്ഷി നിർത്തി
നീ കാതിൽ പതിയെ
ചൊല്ലിയതാവണം....
എന്നൊക്കെ പറയണമെന്നുണ്ട്....
പക്ഷെ ഇപ്പോഴും
ഫോണിൽ കിട്ടാതെ
പിന്നെ കിട്ടുമ്പോൾ
അച്ഛന്റെ മാത്രം
ഇടക്കമ്മയുടെയും
ഒരു വിളിയുണ്ട്
എവ്ടെർന്നു കള്ളാ
എന്ന വിളി
കള്ളത്തരങ്ങൾ മറക്കാതിരിക്കുന്ന
മറക്കാതിരിക്കാനുള്ള
ആ വിളിയാണ് കള്ളനെന്ന
വിളിയിലെ ഏറ്റവും ക്യൂട്ട്..... < 3

heart emoticon
-ദീപു മാധവൻ - 19-10-2015

No comments: