Sunday, December 20, 2015

അവധിക്കാലം

*******************
കയറ്റം
കയറിയതിന്റെ 
കിതപ്പാറ്റി
ചുവന്നു തുടങ്ങുന്ന
സൂര്യനെ നോക്കി
അരളി മരത്തിനു താഴെ
അമ്പലത്തിന്റെ
ചുറ്റുമതിലിന്
ചേർന്ന് നിൽക്കുമ്പോളാണ്
പുറകിൽ പാദസരം
കിലുങ്ങിയത്
ഓർമകളെ
പാതിയിൽ നിർത്തി
തിരിഞ്ഞു നോക്കുമ്പോൾ
നീയില്ലായിരുന്നു
എനിക്ക് തോന്നിയതാവണം
ഇവിടെക്കിനി
വരില്ലെന്ന് കരുതിയതായിരുന്നു
കാരണം
അന്ന് എല്ലാം ഇവിടെ
ഉപേക്ഷിച്ചു
പിരിഞ്ഞതായിരുന്നല്ലോ
കൊയ്തൊഴിഞ്ഞ
പാടത്ത് നിന്നും കറ്റകൾ
വരമ്പിലൂടെ നീങ്ങുന്നത്‌
എനിക്കിവിടെ നിന്ന് കാണാം
കന്നുകൾ കൂടണയാൻ
തിരക്ക് കൂട്ടുന്നുണ്ട്
വെള്ളയിൽ
ചുവന്ന പൂക്കളുള്ള
ഒരു പാവാടക്കാരി
അതിനിടയിലെവിടെയോ
മിന്നി മാഞ്ഞു
രാഘവൻ മാഷാണെന്നു
തോന്നുന്നു
താഴെ ചെരുവിലൂടെ
ഒരു കാലൻ കുട
നടന്നു പോകുന്നുണ്ട്
വാച്ചിലേക്ക് നോക്കി
കൃത്യമാണ് നാം
പിരിഞ്ഞിരുന്ന നേരം
മാഷിന്നു പതിവിലും
അല്പം വൈകിയിരിക്കുന്നു
അന്ന് മാഷ്‌ പറഞ്ഞത്
നീയോർക്കുന്നുണ്ടോ
എന്താ കുട്ട്യോളെ നേരം
ഇരുട്ടണത് കണ്ടില്ല്യേ ന്ന്
പുറകെ
ചന്ദന കളറും
കാപ്പിയും കലർന്ന്
ഒരു കൂട്ടം കുട്ടികൾ
കലപില കൂട്ടി
കടന്നു പോകുന്നുണ്ട്
കാലം ഒരുപാട്
മാറിയിരിക്കുന്നു
വർഷങ്ങൾ
അവസാനമായി കണ്ട നാൾ
നീ തന്ന കുന്നിക്കുരു മാലയുടെ
പകുതി മണിയോളം
കടന്നു പോയിരിക്കണം
എന്തോ ഓർത്ത്
താടിയിൽ ഉഴിയുംമ്പോഴാണ്
നീ അന്ന് ചോദിച്ചതോര്മ വന്നത്
മ്മക്ക് വയസായാൽ
എങ്ങനാ ഇണ്ടാവാ ന്നു...
അന്ന് ഞാൻ ചിരിച്ചു
ഇപ്പോൾ സത്യാണ്
നര വീണു തുടങ്ങിയിരിക്കുന്നു
അന്ന് കാറ്റിൽ ക്രമം തെറ്റിയ
മുടിയിഴകളിൽ പലതും
കൊഴിഞ്ഞു പോക്കിന്റെ
വക്കിലാണ്
ഇപ്പോൾ നിന്റെ
വിരലുകൾക്ക്
അധികം പണിപ്പെടേണ്ടി
വരില്ല
കാറ്റിനു പലപ്പോഴും
പല ഭാവമാണ്
നിന്നെ പോലെ
ചിലപ്പോൾ കിലുങ്ങി കിലുങ്ങി
അല്ലെങ്കിൽ മുഖം വീര്പ്പിച്
അതുമല്ലെങ്കിൽ
വേദനിപ്പിക്കുന്ന പോലെ...
നമ്മളെ മറന്നു കാണില്ല
അതാവണം
അരളിയിൽ
അന്നത്തെ അത്ര പൂക്കളില്ല
വേനലല്ലേ
അതെങ്ങടാ പൂവാ ന്നു നീ
ചോദിച്ചിരുന്ന സൂര്യൻ
മറഞ്ഞു തുടങ്ങുന്നു
പാടത്തിനപ്പുറത്തു
ആറരയുടെ വണ്ടി
എന്നെ പോലെ എന്തൊക്കെയോ
ഓർത്തെന്നപോലെ
വൈകി പായുന്നുണ്ട്
കഥകളോർത്ത് തീര്ന്നിട്ടല്ല
വെളിച്ചം കുറഞ്ഞാൽ
തിരിച്ചിറങ്ങാൻ ബുദ്ധിമുട്ടാവും
കൈ പിടിക്കാം എന്നോ
എവിടെയാണെന്ന് പോലും
അറിയാത്ത നീ എങ്ങിനെ
എന്റെ കൈ പിടിക്കാനാണ്
ഇരുട്ടിലേക്കിറങ്ങി
എങ്ങോട്ടെന്നില്ലാതെ
നടന്നു നടന്ന് ഇരുട്ടിലലിഞ്ഞു
ഒരു കൈ അപ്പോഴും
കൈ ചേർത്ത്
മിണ്ടാണ്ട് കൂടെ ഇണ്ടായിരുന്നു....!!!

- ദീപു മാധവൻ 20-12-2015

No comments: