Wednesday, December 16, 2015

കാത്തിരിപ്പ്‌

എത്ര തിരഞ്ഞിട്ടും 
ചിതലരിക്കാത്ത പൊടിപിടിക്കാത്ത 
ഒറ്റ വാക്കുമില്ല
മനസ്സിന്റെ മച്ചിന്റെ
മുകളിൽ
ചിതലിന്റെ
ഈര്പ്പമുള്ള മണം
വാക്കുകള്ക്ക് മുഴുവൻ
ചുറ്റിലും നോക്കി
പൊട്ടിയ കാലുകളെ
ഓർത്തു കരയുന്ന
തീൻമേശകൾ
തുറിച്ചു നോക്കുന്നു
തിളക്കം പോയ
മൊന്തകൾ കിണ്ടികൾ
തിളക്കമില്ലാതെ
മയങ്ങുന്നുണ്ട്
പഴയ
പ്രതാപത്തിന്റെ
ഓർമ്മകൾ അയവിറക്കുന്ന
പലതുണ്ട്
വിത്തിന് വച്ച
തേങ്ങ മുള
പൊട്ടിയിരിക്കുന്നു
ഞാനിതെത്ര കണ്ടതാ
എന്ന മട്ടിൽ
ചിരിച്ച പോലെ തോന്നി
പല്ലിയൊരെണ്ണം
പതക്കോം ന്നു താഴെ വീണു
ഉരുണ്ടു പിരണ്ട്
ഓടിപ്പോയി
നിശബ്ദതയുടെ ഇടവേളകളിൽ
കരയുന്ന ചീവീടിന്
പോലും നല്ല നിശബ്ദത
തോന്നുന്നുണ്ട്
പുറത്തു ചിണുങ്ങി
പെയ്യുന്ന മഴ പോലും
നേർത്തു
മൌനിയാവുന്നു
ഒന്നിലും
ശ്രദ്ധ കൊടുക്കാതെ
വല നെയ്തു കൊണ്ടേ
ഇരിക്കുന്നൊരുവൻ
മാത്രം തിരക്കിലാണ്
കൂടുതൽ തിരഞ്ഞു നടന്നില്ല
നെയ്ത്ത് നടക്കട്ടെ
പടി ഇറങ്ങുമ്പോൾ ആണ് കണ്ടത്
പുറം ചട്ട ദ്രവിച്ചും
അകക്കാമ്പ് മുക്കാലും മാഞ്ഞും
വാക്കുകൾ നൂറായിരം
ഒരു മൂലക്ക് കൂട്ടിയിട്ടിരിക്കുന്നു
നെയ്തു ചേർക്കണം
മൌനത്തിന്റെ തോട് പൊട്ടിക്കണം
- ദീപു മാധവൻ - 09-11-2015

No comments: