Wednesday, December 16, 2015

കാണാമിടം


***************
കാണാമിടം
അങ്ങിനെയൊന്നില്ലായിരിക്കാം 
പക്ഷെ കാണാമിടങ്ങളിൽ
നിന്നാണ്
ഉൾവിളികളിൽ മുക്കാലും
യാത്രകൾ ഓർമ്മകൾ
നമ്മെ കടന്നു പോകുമ്പോൾ
കണ്ടു തീർത്തവ
അധികമില്ലാത്ത
പോലെ വേണം നാമിരിക്കാൻ
അക്ഷരങ്ങൾ നഷ്ടപ്പെടുമ്പോൾ
ഉള്ള വേദന അറിഞ്ഞിട്ടും
നീറ്റലായി പാകമാക്കിയ പോലെ...
ആരും ഒന്നും അറിയരുത്
കാണാമിടങ്ങളുടെ കാരണങ്ങൾ
സ്വപ്നങ്ങളിൽ
എന്നും വരാറുള്ള
കോട മൂടിയ
നിഗൂഡമായ താഴ്വരകളാണ്
അക്ഷരങ്ങൾ നഷ്ടമാകുമ്പോൾ
നിനക്ക്
ചെന്നൊറ്റക്കിരിക്കാൻ
തിരഞ്ഞെടുക്കാവുന്ന
കാണാമിടം
യാത്രകളുടെ ഏതോ
മറുകരയായിരിക്കണം ...!

-ദീപു മാധവൻ 27-09-2015

കള്ളൻ


കണ്ണടച്ച് കിടന്നു ഉറക്കം നടിച്
പഞ്ചസ്സാരയും പാല്പ്പൊടിയും 
ബിസ്കറ്റും കാണാതെ പോയപ്പോൾ
ഞാനല്ലെന്ന് കണ്ണടച് പറഞ്ഞ്
ചേച്ചിയെ ചൂണ്ടി കാണിച്ച്
അമ്മയെ പറ്റിച്ച അന്നാണ്
ആദ്യമായി കള്ളാ
എന്ന വിളി കേള്ക്കുന്നത്....
ഒന്നുമില്ലായ്മയിൽ
ഒട്ടേറെ കാത്തിരുന്നു മുഷിഞ്ഞപ്പോൾ
എങ്ങോ കണ്ടൊരു മാസികയിൽ നിന്ന്
ഒരു വരി കട്ടെടുത്ത് കൂട്ടിപ്പെറുക്കി
വച്ചുകൊണ്ടാണ്‌
വീണ്ടും കള്ളനായി നോക്കിയത്
ഇരുട്ടിനെ
സ്നേഹിക്കാൻ പഠിക്കുക
ഏകാന്തതയെ
അഗാധമായി പ്രണയിക്കുക
തുടങ്ങിയ പല അടവുകളും
കയ്യിലുള്ളത് കൊണ്ടാവണം
വേറെ കുപ്പായം തുന്നേണ്ടി വന്നില്ല
അങ്ങിനെയൊക്കെയാണ്
ഞാനും കള്ളനായത്...
പ്രണയത്തിൽ വിപ്ലവമോ
വിപ്ലവത്തിൽ പ്രണയമോ
ഇടക്ക് മഴയും നൊസ്റ്റിയും
പ്രണയ ലേഖനങ്ങളിൽ
മാറി മാറി കലർത്തി
ഇണക്കുരുവികൾക്ക്‌ വിറ്റ്
അവരറിയാതെ
ഗോവണിപ്പടികളിൽ
ഗൂഡമന്ദസ്മിതവുമായി നിന്ന്
വീണ്ടും ഞാനൊരു
കള്ളനായി ....
പണ്ടേ മറന്ന
പലതിനെയും
കണ്ടിട്ടും കണ്ടില്ലെന്നു
നടിച്ചു നടന്നു തുടങ്ങിയപ്പോൾ
വർഷങ്ങൾക്കിപ്പുറം
കണ്ടെന്നു നടിച്ചവരുടെ
കൂടെ ഇരുന്നപ്പോൾ
പഴയത് പലതുമോര്ത്തപ്പോൾ
അവരും വിളിച്ചു കള്ളൻ....
പക്ഷെ കള്ളനെന്ന വിളി
ഏറ്റം ഹൃദ്യമായി തോന്നിയത്
നമ്മുടേത്‌ മാത്രമായിരുന്ന
ആ സായംസന്ധ്യയിൽ
അസ്തമയ സൂര്യനെ
സാക്ഷി നിർത്തി
നീ കാതിൽ പതിയെ
ചൊല്ലിയതാവണം....
എന്നൊക്കെ പറയണമെന്നുണ്ട്....
പക്ഷെ ഇപ്പോഴും
ഫോണിൽ കിട്ടാതെ
പിന്നെ കിട്ടുമ്പോൾ
അച്ഛന്റെ മാത്രം
ഇടക്കമ്മയുടെയും
ഒരു വിളിയുണ്ട്
എവ്ടെർന്നു കള്ളാ
എന്ന വിളി
കള്ളത്തരങ്ങൾ മറക്കാതിരിക്കുന്ന
മറക്കാതിരിക്കാനുള്ള
ആ വിളിയാണ് കള്ളനെന്ന
വിളിയിലെ ഏറ്റവും ക്യൂട്ട്..... < 3

heart emoticon
-ദീപു മാധവൻ - 19-10-2015

കാത്തിരിപ്പ്‌

എത്ര തിരഞ്ഞിട്ടും 
ചിതലരിക്കാത്ത പൊടിപിടിക്കാത്ത 
ഒറ്റ വാക്കുമില്ല
മനസ്സിന്റെ മച്ചിന്റെ
മുകളിൽ
ചിതലിന്റെ
ഈര്പ്പമുള്ള മണം
വാക്കുകള്ക്ക് മുഴുവൻ
ചുറ്റിലും നോക്കി
പൊട്ടിയ കാലുകളെ
ഓർത്തു കരയുന്ന
തീൻമേശകൾ
തുറിച്ചു നോക്കുന്നു
തിളക്കം പോയ
മൊന്തകൾ കിണ്ടികൾ
തിളക്കമില്ലാതെ
മയങ്ങുന്നുണ്ട്
പഴയ
പ്രതാപത്തിന്റെ
ഓർമ്മകൾ അയവിറക്കുന്ന
പലതുണ്ട്
വിത്തിന് വച്ച
തേങ്ങ മുള
പൊട്ടിയിരിക്കുന്നു
ഞാനിതെത്ര കണ്ടതാ
എന്ന മട്ടിൽ
ചിരിച്ച പോലെ തോന്നി
പല്ലിയൊരെണ്ണം
പതക്കോം ന്നു താഴെ വീണു
ഉരുണ്ടു പിരണ്ട്
ഓടിപ്പോയി
നിശബ്ദതയുടെ ഇടവേളകളിൽ
കരയുന്ന ചീവീടിന്
പോലും നല്ല നിശബ്ദത
തോന്നുന്നുണ്ട്
പുറത്തു ചിണുങ്ങി
പെയ്യുന്ന മഴ പോലും
നേർത്തു
മൌനിയാവുന്നു
ഒന്നിലും
ശ്രദ്ധ കൊടുക്കാതെ
വല നെയ്തു കൊണ്ടേ
ഇരിക്കുന്നൊരുവൻ
മാത്രം തിരക്കിലാണ്
കൂടുതൽ തിരഞ്ഞു നടന്നില്ല
നെയ്ത്ത് നടക്കട്ടെ
പടി ഇറങ്ങുമ്പോൾ ആണ് കണ്ടത്
പുറം ചട്ട ദ്രവിച്ചും
അകക്കാമ്പ് മുക്കാലും മാഞ്ഞും
വാക്കുകൾ നൂറായിരം
ഒരു മൂലക്ക് കൂട്ടിയിട്ടിരിക്കുന്നു
നെയ്തു ചേർക്കണം
മൌനത്തിന്റെ തോട് പൊട്ടിക്കണം
- ദീപു മാധവൻ - 09-11-2015

സാക്ഷി


***********
സാക്ഷിയാവുക
നിയോഗമാണ് 
സാക്ഷ്യം പറയേണ്ടി
വരികയാണ്
അതിലും കഠിനം
അറിഞ്ഞിട്ടും
അറിയില്ലെന്നു പറയേണ്ടി വന്ന
കണ്ടിട്ടും കാണാതെ
നടന്നു നീങ്ങിയവ
മറക്കരുതെയെന്ന്
അലറി വിളിച്ചതു
കേള്ക്കാതെ പോയവ
അങ്ങിനെ പലതും കണ്ണടച്ചാൽ
തെളിഞ്ഞു വരും...
മനസ്സിരുണ്ടു കൂടും
അകത്തെവിടെയോ
ഇടി വെട്ടി പെയ്തു തോരും
തളരരുത്
നാടകം തുടർന്നേ മതിയാവൂ...!!
ഹൃദയത്തിൽ മുക്കിയെടുത്ത
പേന കൊണ്ട്
സാക്ഷികളില്ലാത്ത
സാഹചര്യം കണക്കിലെടുത്ത്
നീറ്റലോടെ
അനുകൂലമായ വിധിയെഴുതി
കോടതി പിരിയുന്നു
കാരണം
നാടകം തുടർന്നേ മതിയാവൂ...!!
- ദീപു മാധവന് - 16-11-2015

ഹോളിഡെ


ഓർക്കാൻ
ഇഷ്ടമല്ലാത്ത 
ഓർമകളെ
നാമറിയാതെ
വ്യവസ്ഥകൾ
തെറ്റിച്ച്
വീണ്ടും വീണ്ടും
അകത്തേക്ക്
കടത്തി വിട്ട്
മനസ്സ് പലപ്പോഴും
പക പോക്കും 

എക്സ്പ്ലനെഷൻ
ചോദിച്ചപ്പോൾ
ഇന്നവിടെ ഹോളിഡെ
ആണത്രേ...!!!

- ദീപു മാധവൻ - 22-11-2015

Wednesday, July 22, 2015

വീട്ടിലേക്കുള്ള വഴി

അച്ഛന്റെ 
അമ്മയുടെ 
ചേച്ചിയുടെ
കൈ പിടിച്ചു
നടന്ന ബാല്യം
രണ്ടു വശവും
നോക്കിയും
മഴയിലും വെയിലിലും
നടന്നും ഓടിയും
കീഴ്മേൽ മറിഞ്ഞും
മഞ്ചാടി
കുന്നിക്കുരു
കണ്ണിമാങ്ങ
മീൻ പിടി
കുളം കലക്കൽ
ക്രിക്കറ്റ് ഫുട്ബോൾ പ്രാന്ത്
തുടങ്ങിയവയുടെയൊക്കെ
പുറകെ പോയി
സൈക്കിളിൽ വരെയെത്തിയ
പഠനകാലം
കൊട്ടകക്കുള്ളിലെ
ചൂടിനെ പ്രാകിയിരുന്നെങ്കിലും
തിരശീലയിലെ അത്ഭുതങ്ങൾ
കീഴടക്കി തുടങ്ങിയ കാലം
ഒറ്റക്ക് ബസ്സ്‌ കേറി തുടങ്ങിയതു തൊട്ട്
KL 10 S 2297 സ്പ്ലെണ്ടെർ
ലോകത്തിലെ ഏറ്റവും
വിലകൂടിയ എന്റെ ബൈക്കിൽ
ആരുമറിയാതെ പോയ ഒരായിരം
യാത്രകൾ ബഹളങ്ങൾ
കണ്ടും കേട്ടും തൊട്ടറിഞ്ഞതുമങ്ങിനെ
അത്ഭുതങ്ങൾ പലതിലൂടെ
ചങ്കു പറിച്ചു വെച്ച
കലാലയം സൌഹൃദം പ്രണയം
പൊള്ളിച്ചു നോവോര്മകളിൽ
ഇപ്പോഴും എവിടെയൊക്കെയോ
കൂടെയുള്ള കൌമാരം
നിധി പോലെ സൂക്ഷിക്കുന്ന
കുറെയേറെ സൌഹൃദങ്ങൾ
അവയിലൂടിവയിലൂടങ്ങനെ
വന്നെവിടെയോ
എത്തി നില്ക്കുമ്പോഴും...
തിരിഞ്ഞു നോക്കുമ്പോൾ
വിട്ടു പോയ പലതുമെന്ടെങ്കിലും
ഒരറ്റത്ത് നിന്ന്
മറ്റൊരു അറ്റത്തേക്ക്
നടന്നു തുടങ്ങിയ
നാൾ തൊട്ടിന്നു വരെയും
എപ്പോൾ തിരിച്ചു ചെല്ലുമ്പോഴും
മറ്റെന്തു മാറിയാലും
വീട്ടിലേക്കുള്ള വഴിയിലും
എന്നെ കാത്തിരിക്കുന്ന
കണ്ണുകളിലും മാത്രമേ
മാറ്റമേ നിന്നെ
കാണാത്തതുള്ളൂ..... 

ദീപു മാധവൻ - 22-07-2015
heart emoticon

Monday, June 1, 2015

ഇന്ന്


പ്രതീക്ഷകളുടെ
ഒത്ത നടുവിലായി 
താമസം
കുറെ ആയി
കരുതുന്നു
ഒരു വലിയ മുറി കൂടി
പണിയണം എന്ന്
നിരാശകൾക്ക് മാത്രം
താമസിക്കാനിടം കിട്ടാതെ
പോകരുതല്ലോ
ഒടുവിലെ മുറിയിൽ
പലപ്പോഴും യാഥാർത്യങ്ങളുമായി
ഞാൻ മാത്രമാകുന്നതാണ് നല്ലത്
കൂട്ടിന്
ഏകാന്തതയുടെ
പാട്ടു പാടുന്ന
വിരുന്നുകാരനും വന്നോട്ടെ
നടുവിലെവിടെയോ
വന്നു ചേരുന്ന
കുഞ്ഞു കുഞ്ഞു
സ്വപ്നങ്ങളുടെ
മുറി മാത്രം ആര്ക്കും
തുറന്നു കൊടുക്കുന്നില്ല
വാതിലിൽ മുട്ടുന്നവർ
നിങ്ങൾ പരിഭവിക്കരുത്
കാരണം
അതിനകത്തെ
മഞ്ഞും മഴയും വേനലും
തുടങ്ങി എല്ലാം പൊഴിയുന്നത്
സ്വപ്നങ്ങളിലെ
ഞങ്ങള്ക്ക് വേണ്ടി
മാത്രമത്രേ...
_ ദീപു മാധവൻ 12-05-2015

< 3

റിയർ മിററിലൂടെ
എത്ര വേണ്ടെന്നു വച്ചിട്ടും
എനിക്ക് കാണാമായിരുന്നു 
മനസില്ലാ മനസോടെ
മഞ്ഞിൽ അലിഞ്ഞു
ചേരുന്ന നിന്റെ നിഴലിനെ
ജാലകകാഴ്ചകൾ
മറച്ച മഞ്ഞിലും
കൂടുതൽ
കണ്‍ കാഴ്ചകൾ
മറച്ച കണ്ണീരിന്റെ
നനവായിരുന്നപ്പോൾ
അടക്കി പിടിച്ച
പെരുമ്പറകൾ
സ്റ്റിയറിങ്ങിലൂടെ
വിറയാർന്നുതിര്ന്നു നീങ്ങുമ്പോൾ
ഞാൻ ഓര്മകളുടെ
ഹൈവേയിലേക്ക്
കയറി തുടങ്ങിയിരുന്നു
ഏതോ ഏകാന്ത
യാത്രകളുടെ ഇടയിൽ
കൂടെ കൂടിയ നീ
ഇന്നിവിടെ എവിടെയോ
ഇറങ്ങി എവിടെയോ
മറയുമ്പോൾ
നാമൊന്നിച്ചു
പിന്നിട്ട ദൂരങ്ങളെ
ഞാൻ ഓര്ക്കുന്നു
എവിടെ തീരുമെന്നറിയാത്ത
ഈ യാത്രയിലും
വഴി വിജനമാണ്
ഓര്മകളിലേക്ക് ഗിയര്
പലകുറി മാറ്റിക്കൊണ്ടേ
ഇരിക്കുന്നു
തനിചെങ്കിലും
യാത്രകളോടുള്ള
പ്രണയം തീരുന്നേയില്ല... 18-05-15

Wednesday, April 29, 2015

അന്ന്


നിനച്ചിരിക്കാതെയാണ്
അന്ന് രാത്രി ...
സങ്കടങ്ങളൊക്കെ
കണ്ണും നിറച്ച്
തീവണ്ടി കേറി
കൊച്ചിയിലെത്തിയത്


ചൊവ്വാഴ്ച്ചപ്പള്ളിയുടെ
മുന്നില്
ഉരുകി തീരുന്ന
പ്രാർഥനകൾ
 കണ്ണ് നിറച്ചു കാണുന്നത്

അന്നാദ്യമാണ്
കലൂര് സ്ടെഡിയത്തിനു
പുറകിലെ ഏകാന്തതയെ
സ്നേഹിച്ചു തുടങ്ങുന്നതും

 അന്നാണ്
മറൈൻ ഡ്രൈവിലെ
ഗുൽമോഹർ മരങ്ങളെ
ഞാൻ അന്നേ വരെ
ശ്രദ്ധിച്ചിട്ടെ ഇല്ലായിരുന്നു

മഹാരാജാസ് ഗെയ്റ്റിനു
മുന്നില് അന്നാദ്യമാണ്
കവികളുടെ അയ്യപ്പനെ
കണ്ടതും

സങ്കടങ്ങളെ പുറകിലിരുത്തി
ഉറങ്ങാത്ത കൊച്ചിയിൽ
നിയോണ്‍ വിളക്കുകൾക്ക് താഴെ
നിർത്താതെ
ഓടിക്കൊണ്ടേയിരുന്നു

രാത്രിയിനിയും ബാക്കിയുണ്ട്
സങ്കടങ്ങൾക്ക് കഥ പറയാൻ
ചില സങ്കടങ്ങളെ
ഇടക്കെങ്കിലും
ഓർത്തു കൊണ്ടിരിക്കാൻ തോന്നും


- ദീപു മാധവന് - 28-04-2015

Monday, April 20, 2015

കാത്തിരിപ്പ്‌


മനസ്സൊരു
ചായമെഴുത്തുകാരന്റെ ...
കയ്യിലെ
മുഖത്തെഴുത്തിലാണ്


ഒരു
നീണ്ട
കാത്തിരിപ്പ്

അരങ്ങിലേക്കുള്ള
മനസെഴുത്തിൽ
മുഴുവൻ
എന്നെ മാത്രം
ഉറ്റു നോക്കുന്ന
 കാണികളാണ്

അവരിലോരാളാവുകയാണ്
കാഴ്ച ഹൃദ്യമാക്കുവാൻ
ഏറ്റവും
എളുപ്പം

കടുത്ത ചായക്കൂട്ടുകൾ
കഴുകി കളയുവാൻ
തോന്നുന്നില്ല

നിറങ്ങളെ പ്രണയിച്ച
കാണികളിലൊരു
കുഞ്ഞു
ബാല്യത്തിലേക്ക്
ഞാൻ മടങ്ങുന്നു

കണ്ണുകൾ തുറക്കാം
വിരലുകളിൽ
നിന്നൂറുന്ന
നിറങ്ങളെ നോക്കി
തൂലികയിലെക്ക്...
   
- ദീപു മാധവന് - 20-04-2015