Monday, March 16, 2015

കാലം


പ്രഭാതങ്ങളെ കണ്ണടച്ചിരുട്ടാക്കി
കണ്ണ് തുളക്കുന്ന
നാട്ടുച്ചകളിലെക്ക് കണ്ണ് തുറന്നിരുന്ന ...
ഒരു കാലമുണ്ടായിരുന്നു 


 കണ്ണ് തുറന്നാലും
നാല് ചുമരിനും ചുറ്റുമുള്ള
കട്ട പിടിച്ച മൌനം
വീണ്ടും മയക്കത്തിലേക്ക്
തള്ളിയിട്ടിരുന്ന കാലം

ചുറ്റിലും ചിതറി കിടക്കുന്ന
പുസ്തകങ്ങൾ
പാതി വിണ്ട മുഖക്കണ്ണാടി
ഒടിഞ്ഞ പേനക്കുള്ളിൽ
ജനിക്കാതെ പോയ മഷിത്തുള്ളികൾ
എഴുതി തീരാതെ പോയ
നൂറു നൂറു പാതി വരികൾ
കറ പിടിച്ച ഓര്മകളുടെ കൂടെ
കഴുകിട്ടും കറ മാറാത്ത ചായക്കോപ്പകൾ
ആകെ മൊത്തം
ക്രമം തെറ്റിയ നാല് ചുമരുകൾക്കുള്ളിൽ
അതിലും ക്രമം തെറ്റിയ
ദേഹവും ദേഹിയും
പിന്നെ എന്തിലെക്കാണ്
ഞാൻ കണ്‍ തുറക്കേണ്ടത്
   
നഷ്ടങ്ങളുടെ കണക്കുകൾ
ഒന്നൊന്നായി വീതിച്ചു
തുല്യമാക്കി ശീലിച്ചതിൽ പിന്നെ
ഞാൻ പ്രഭാതങ്ങളിലേക്ക്
തന്നെ കണ്‍ തുറന്നിരുന്നു
എനിക്ക് വേണ്ടി മാത്രം
പുലരുന്ന പ്രഭാതങ്ങളെ കാത്തിരുന്നു
അന്ന് മുതൽ മനസ്സ് ശാന്തമായിരുന്നു...

- ദീപു മാധവൻ - 16-03-2015

No comments: