Monday, March 16, 2015

വിരഹം


 തിമിര്ത്തു പെയ്യുന്ന മഴയിൽ
കോളെജിനടുത്തുള്ള ഇരുണ്ട
ടെലിഫോണ്‍ ബൂത്തിൽ വച്ചാണ് ...
വിരഹത്തെ
തൊട്ടടുത്ത്‌ കാണുന്നത്
ആദ്യം കേള്ക്കുന്നത്


അങ്ങേത്തലക്കൽ സ്വരം
ജാലകത്തിലെ കാഴ്ചകൾ
രണ്ടും മഴയിൽ മങ്ങി തുടങ്ങുമ്പോൾ
നമ്മുടെ കണ്‍തടങ്ങളിൽ മഴയുടെ മേളം
തുടങ്ങിയിരുന്നുവല്ലേ സഖീ

ആ നിമിഷം മുതൽ
കാഴ്ചക്കാരായിരുന്നു നാം
ആദ്യമായ് കണ്ട ഇടനാഴിയിലെ
അതേ അപരിചിതർ
എന്നോ തണലായി
മാറിയിരുന്നെങ്കിലും
അന്നോളം കണ്ടതെല്ലാം
വെറും പൊയ്ക്കാഴ്ചകൾ
ഈ മഴ മാത്രം സത്യം
 
ഒരിടവപ്പാതി മനസ്സില്
പെയ്തു തോര്ന്നു
പുറത്തിറങ്ങുമ്പോളും
മഴ നിർത്താതെ
പെയ്തു കൊണ്ടേയിരുന്നു

ഒരു നീര്ക്കണം
കൂടെ പെയ്യിച്ചു കൂടെ നനഞ്ഞു
നാം സ്വപ്‌നങ്ങൾ
നെയ്ത അതേ നട വഴികളിലൂടെ
ഈ കുത്തിയൊലിച്ചു പെയ്തു
ചുറ്റിലും നിറയുന്ന മഴയിലാ
സ്വപ്നങ്ങളും അലിഞ്ഞു ചേരട്ടെ
മഴ സുന്ദരിയാകട്ടെ സഖീ...!!!

- ദീപു മാധവന് - 17-03-2015

No comments: