Tuesday, February 4, 2014

മേലെ തൊടി



 അല്ലെടാ ചെക്കാ
നിനക്കാ
മേലെ തൊടീൽക്കൊക്കെ
ഒന്ന് കേറി നോക്കിക്കൂടെ
അച്ഛനതാ മടാളും കൊണ്ട്
കേറീട്ടു കൊറേ നേരായി
എന്തെങ്കിലും ഒന്ന് പോയി നോക്കിക്കൂടെ ...

ആദ്യത്തെ അവധിയുടെ ആലസ്യത്തിൽ
പല്ല് തേച്
ചായയും കൊണ്ട് കോലായിൽ
ഇരിക്കുമ്പോഴാണ്
അമ്മ മുറത്തിൽ എന്തോ
ചിക്കിക്കൊണ്ട് ഈ ചോദിക്കുന്നത്

എപ്പഴും
ആ പിന്നെ പോകാന്നു പറയും
അന്നെന്തോ
ഒരു മിന്നൽ പോലെ
ഒന്ന് അകത്തൂടെ പാഞ്ഞു
വര്ഷം ഒന്ന് കഴിഞ്ഞിരിക്കുന്നു
ഞാൻ ആ വഴിയൊക്കെ പോയിട്ട്

ഒര്മകളിലെക്കൊന്നു
ഊളിയിടാൻ തോന്നി

മേലെ തൊടി നിറയെ
തെങ്ങുകളും
പറങ്കി മാവും
നല്ല വരിക്ക പ്ലാവും
മൂവാണ്ടൻ മാവും
ഞാവൽ മരവും
പോടുവുണ്ണി, മഞ്ഞപ്പാവുട്ട
തേക്ക്, മഹാഗണി
കാട്ടുചന്ദനം
മുളങ്കാട്‌
കൈതക്കൂട്ടം...

അങ്ങനെ തുടങ്ങി
അതൊരു ലോകമായിരുന്നു അന്ന്
എഴുതിയാൽ തീരാത്ത ഓര്മകളുടെ ലോകം
കൊത്തിപിടിച്ചു കയറാൻ
പറ്റുന്ന മരങ്ങളൊക്കെ
കീഴടക്കിയിരുന്നു ഒരുകാലത്ത്

ഊഞ്ഞാലിട്ടാദിയും
കല്ലെറിഞ്ഞും
കരിയില കൂട്ടി കുഴിയൊരുക്കിയും
കളിവീടുണ്ടാക്കിയും
തിമിര്ത്തു നടന്ന
ആ പ്രാന്തൻ കാലത്തെയൊക്കെ
ഓര്മിപ്പിച്ചു കൊണ്ട്
അമ്മയിലൂടെ അച്ഛനിലൂടെ
എന്നെ അങ്ങോട്ട്‌
വിളിക്കുന്നതാരായിരിക്കണം

ഇടനെഞ്ചു തുടിക്കുന്നുണ്ട്
എനിക്ക് മനസ്സിലായി
വെട്ടിയൊതുക്കിയ മുളന്കാടിനും
ചന്ദന മരങ്ങൾക്കുമിടയിൽ
തെക്കേ തൊടിയിലുറങ്ങുന്ന
എന്റെ പ്രിയപ്പെട്ടവർ
അവരാണ് എന്നെ മാടി വിളിക്കുന്നത്‌
ആദ്യമേ ചെല്ലാതത്തിനു
പരിഭവം പറയാനായിരിക്കും
ഇല്ലെങ്കിൽ
ചെവി പിടിച്ചു
തിരുമ്മാനായിരിക്കും

കാലുകൾ യാന്ത്രികമായി
ചലിച്ചു തുടങ്ങി
ചെന്നവിടെ കണ്ണുമടച്ചു
നിൽക്കുമ്പോൾ ആരൊക്കെയോ
എന്നെ വന്നു തഴുകുന്നുണ്ടായിരുന്നു
ഞാൻ പോലുമറിയാതെ
കണ്ണ് നിറഞ്ഞു തുടങ്ങുമ്പോൾ
ഞാൻ മടങ്ങി
അവർ കാണണ്ട

രക്തം രക്തത്തെ
തിരിച്ചറിയുന്ന നിമിഷങ്ങളിൽ
ഒരിക്കലും മറക്കാനാവാത്ത
ഒരൊർമയുമായി
ഞാൻ വീണ്ടും
തിരക്കുകളിലേക്ക് മടങ്ങി

- ദീപു മാധവൻ 04-02-2014

No comments: