Monday, February 17, 2014

കൂമൻ


 എന്നത്തേയും പോലെ
ഇന്നും രാത്രി
ഞാൻ
അര മതിലിന്റെ
അപ്പുറത്തെ
ചാമ്പ മരത്തിൽ
ഒരു കൂമനെ പോലെ ...
ആകാശം നോക്കി
ഇരിക്കും

ആകാശം കാണാതെ
നീ ഇറങ്ങി
വരുമെങ്കിൽ
ഈ രാത്രി തന്നെ
എത്ര രാത്രികൾ
ഞാൻ നോക്കിയിട്ടും
നമ്മെ അറിയാത്ത
ആകാശങ്ങളുടെ
ചുമരുകളിൽ
നിന്റെയും എന്റെയും
പേരുകൾ
കോറിയിടണം

അപ്പുറവും
ഇപ്പുറവും
ഹൃദയ ചിഹ്നം പോലെ
നക്ഷത്രങ്ങൾ തുന്നി
പിടിപ്പിക്കണം

ഇന്നലെ
നമ്മെ അറിയില്ലെന്ന്
കൈ മലര്ത്തിയ
മേഘങ്ങൾ
പറവകൾ
ഒക്കെ നാളെ
നേരം വെളുക്കുമ്പോൾ
നാണിച്ചു
തല താഴ്തി
പറക്കട്ടെ

നിലാവൊഴുകുന്ന
മറ്റൊരു
താഴ്വാരത്ത് നിന്ന്
തിളങ്ങുന്ന നമ്മുടെ
നക്ഷത്രങ്ങളെയും നോക്കി
നിന്റെ മാറിൽ
തല ചായ്ച്ചു
ഞാനുറങ്ങും.

- ദീപു മാധവൻ 16-02-2014

No comments: