Tuesday, April 7, 2015

ഫ്ലാഷ് ബാക്ക്


 നിനക്കെന്നെ
എത്രത്തോളം
ഇഷ്ടപ്പെടാൻ ...
കഴിയുമെന്നതിന്റെ
ഉത്തരമായിരുന്നിരിക്കണം
നമുക്ക് മേലെ
അന്ന് വിടര്ന്ന
മഴവില്ല്


അല്ലെങ്കിലും അത്ര
അടുത്തല്ലാതിരുന്നിട്ടും
അദൃശ്യമായി
എന്നിലേക്ക്‌ നീങ്ങിയിരിക്കുന്ന
നിന്റെ നിശ്വാസങ്ങളെ
ഞാൻ വിശ്വസിക്കണമായിരുന്നു
 
വിറയാർന്ന നഖങ്ങൾ
കൊണ്ട്
എന്നിലേക്ക്‌ മാത്രം
ദിശ കാണിച്ചിരുന്നത് വരെ
ഞാൻ ഇപ്പോഴാണ്
ഓര്ക്കുന്നത്
പിന്നെയെങ്ങിനെയാണ്

വാകപ്പൂ വീണ
വഴിത്താരകളും
പാതി വെയിലിൽ
കുട ചൂടിയിരുന്ന
സിമന്റ് ബെഞ്ചും
ഒക്കെ നീ മറന്നോ എന്ന ചോദ്യം
നിന്നെ തോല്പ്പിക്കുവാൻ തന്നെ ആയിരുന്നു

ഡാ മണ്ടൂ
നമ്മുടെ നിഴലൊന്നായ
ആ നിമിഷം മാത്രം
ഞാൻ ഓര്ക്കുന്നില്ല
എന്ന മറുപടി കൊണ്ടാണ്
ഓർക്കാപ്പുറത്ത് എന്നെ വെട്ടിയത്

 കടും വെട്ട്

അതു നേരാണല്ലോ
മഴവില്ലിനെ ഇനി ആര്ക്ക് വേണം
ഞാനും മറക്കുന്നു
ആ നിഴലോളം
വരില്ലോരോർമയും

കപ്പലണ്ടി
കൊറിച്ചു കൊണ്ട്
ഞാനാ വഴി
നടക്കാറുണ്ട് ഇപ്പോഴും
ആ നിഴല്
നിന്റെ മൊഴികള്
എന്നെ പിന്തുടരുന്നുമുണ്ട്....!!!

-ദീപു മാധവൻ - 07-04-2015

No comments: