പ്രിയപ്പെട്ട
മെഡിക്കൽ കോളേജ്
മുട്ടാപ്പോക്ക് ന്യായങ്ങൾ
പലതു കാണും
പക്ഷെ
ചാക്കിനുള്ളിൽ നിന്ന് ...
പുറത്തേക്കു
തള്ളി നില്ക്കുന്ന
ആ കാലു കാണുമ്പോൾ
ഇത്രയെങ്കിലും
പറയാതെ വയ്യ
നാഥൻ ഉള്ളതോ
അല്ലാത്തതോ
ഒരായുഷ്കാലം മുഴുവനും
ജീവിച്ചിരുന്നു
പരീക്ഷിച്ചതിലേറെ
അല്ലെങ്കിൽ ഇടക്കെവിടെയോ
പരീക്ഷണങ്ങൾ മതിയാക്കി
മടങ്ങേണ്ടി വന്ന
ദേഹിയില്ലാതോരീ ദേഹങ്ങളെ
സ്പിരിറ്റിലിട്ടു
സ്കെയില് വച്ചളന്നു തൂക്കി
കീറി മുറിച്ചു
പരിശോധിച്ച്
അനാട്ടമി മൊത്തം
കഴിഞ്ഞെന്നു തോന്നുമ്പോൾ
ചത്ത നായ്ക്കളെ
മൂടുവാൻ കുഴിയെടുക്കും
പോലെയൊരെണ്ണം
അതെങ്കിലും നല്കണമെന്ന്
ആദ്യത്തെ ക്ലാസ്സിൽ പഠിപ്പിക്കണം
സാറന്മാരെ
കൊടുത്ത
കൊന്റ്രാക്റ്റിനൊക്കെ മുകളിൽ
തച്ചിനിരുന്നു പണിഞ്ഞവർക്കും
പണിയിച്ചവർക്കും തോന്നണം
അത് വേണമെന്ന്
ആതുര സേവനത്തിന്റെ
വാതിലുകളിൽ
ഈ അനാഥ പ്രേതങ്ങളുടെ
മുഖം കാണാതിരിക്കാൻ
മറ്റൊരു നെഞ്ചിൽ
സ്തെതസ്കോപ് ചേർത്ത്
വക്കുമ്പോൾ
ആ മുഖങ്ങൾ
നിങ്ങളെ വേട്ടയാടാതിരിക്കാൻ
സമൂഹം നിങ്ങളെ തുറിച്ചു
നോക്കാതിരിക്കാൻ
ഒരു തടം മണ്ണ്
അതെങ്കിലും...!!
- ദീപു മാധവൻ - 13-04-2014
No comments:
Post a Comment