Monday, June 1, 2015

ഇന്ന്


പ്രതീക്ഷകളുടെ
ഒത്ത നടുവിലായി 
താമസം
കുറെ ആയി
കരുതുന്നു
ഒരു വലിയ മുറി കൂടി
പണിയണം എന്ന്
നിരാശകൾക്ക് മാത്രം
താമസിക്കാനിടം കിട്ടാതെ
പോകരുതല്ലോ
ഒടുവിലെ മുറിയിൽ
പലപ്പോഴും യാഥാർത്യങ്ങളുമായി
ഞാൻ മാത്രമാകുന്നതാണ് നല്ലത്
കൂട്ടിന്
ഏകാന്തതയുടെ
പാട്ടു പാടുന്ന
വിരുന്നുകാരനും വന്നോട്ടെ
നടുവിലെവിടെയോ
വന്നു ചേരുന്ന
കുഞ്ഞു കുഞ്ഞു
സ്വപ്നങ്ങളുടെ
മുറി മാത്രം ആര്ക്കും
തുറന്നു കൊടുക്കുന്നില്ല
വാതിലിൽ മുട്ടുന്നവർ
നിങ്ങൾ പരിഭവിക്കരുത്
കാരണം
അതിനകത്തെ
മഞ്ഞും മഴയും വേനലും
തുടങ്ങി എല്ലാം പൊഴിയുന്നത്
സ്വപ്നങ്ങളിലെ
ഞങ്ങള്ക്ക് വേണ്ടി
മാത്രമത്രേ...
_ ദീപു മാധവൻ 12-05-2015

< 3

റിയർ മിററിലൂടെ
എത്ര വേണ്ടെന്നു വച്ചിട്ടും
എനിക്ക് കാണാമായിരുന്നു 
മനസില്ലാ മനസോടെ
മഞ്ഞിൽ അലിഞ്ഞു
ചേരുന്ന നിന്റെ നിഴലിനെ
ജാലകകാഴ്ചകൾ
മറച്ച മഞ്ഞിലും
കൂടുതൽ
കണ്‍ കാഴ്ചകൾ
മറച്ച കണ്ണീരിന്റെ
നനവായിരുന്നപ്പോൾ
അടക്കി പിടിച്ച
പെരുമ്പറകൾ
സ്റ്റിയറിങ്ങിലൂടെ
വിറയാർന്നുതിര്ന്നു നീങ്ങുമ്പോൾ
ഞാൻ ഓര്മകളുടെ
ഹൈവേയിലേക്ക്
കയറി തുടങ്ങിയിരുന്നു
ഏതോ ഏകാന്ത
യാത്രകളുടെ ഇടയിൽ
കൂടെ കൂടിയ നീ
ഇന്നിവിടെ എവിടെയോ
ഇറങ്ങി എവിടെയോ
മറയുമ്പോൾ
നാമൊന്നിച്ചു
പിന്നിട്ട ദൂരങ്ങളെ
ഞാൻ ഓര്ക്കുന്നു
എവിടെ തീരുമെന്നറിയാത്ത
ഈ യാത്രയിലും
വഴി വിജനമാണ്
ഓര്മകളിലേക്ക് ഗിയര്
പലകുറി മാറ്റിക്കൊണ്ടേ
ഇരിക്കുന്നു
തനിചെങ്കിലും
യാത്രകളോടുള്ള
പ്രണയം തീരുന്നേയില്ല... 18-05-15