Tuesday, August 12, 2014

ക്ലൈമാക്സുകൾ


ഇനിയങ്ങോട്ട്
തിരിഞ്ഞു പോലും
നോക്കില്ലെന്നു
കരുതി

പുസ്തകം പൂട്ടി
മിണ്ടാതെ കൈ രണ്ടും
കാലിനിടയിൽ തിരുകി
ചുരുണ്ട് കൂടി
കിടക്കും

കണ്ണെത്ര
ഇറുക്കി അടച്ചാലും
പിന്നെയും മുന്നില്
തെളിയും പല വേഷങ്ങൾ
പല തുരുത്തുകൾ
ഞാൻ ഞാനല്ലാതെ
അലയുന്ന പല തുരുത്തുകൾ
 
എത്ര
പുറകിൽ നിന്നോടി
വന്നിട്ടും
ചാടി കടക്കാൻ കഴിയാതെ
വെട്ടിലും തിരുത്തിലും
അകാല ചരമം വരിച്ച
കുറെയേറെ ക്ലൈമാക്സുകൾ
അവയാണവിടെ എന്നെ നാളുകളായി
വശീകരിച്ചു കൊണ്ടേ ഇരിക്കുന്നത്

എത്ര രാത്രികളാണവ
കവര്ന്നെടുതിരിക്കുന്നത്
എങ്കിലും
ഈ മയക്കുന്ന ഭ്രാന്തിനെ
നെഞ്ചോട്‌ ചെര്ത്തെ
മതിയാവൂ
ഒരു തീരമണയും നാൾ വരും
വരാതിരിക്കില്ല.

- ദീപു മാധവൻ 13-08-2014

Sunday, August 3, 2014

ശില്പ്പി


 ഉറങ്ങാൻ കിടക്കുമ്പോൾ പോലും
അത്താഴപഷ്ണിക്കാരുണ്ടോ
എന്നു മെല്ലെ ചോദിക്കാൻ
പേടിയാണ്

കാരണമുണ്ട്
ഗതി കിട്ടാതെ ...
അലയുന്ന
അത്താഴപഷ്ണിക്കാരായ
കുറെയേറെ
കഥകളുണ്ട് മനസ്സില്

ഉണ്ണുമ്പോഴും
ഉറങ്ങുമ്പോഴും
എന്ന് വേണ്ടെപ്പോഴും
ഉള്ളിലെവിടെയോ
ഇരുന്നെന്നെ കുത്തി
നോവിക്കുന്ന
കുറെ കഥകൾ
കഥാ ബീജങ്ങൾ

വിരൽത്തുമ്പിലൂടവരെ
ഇറക്കി വിടാൻ
ശാപ മോക്ഷം നല്കുവാൻ
എനിക്കൊരു ശില്പിയാകണം
വാക്കുകൾ കൊണ്ട്
ശിൽപ്പങ്ങൾ രചിക്കുന്ന
ശില്പ്പി

മനസ്സിന്റെ മൂലയിലെ
പാല മരങ്ങളിൽ
കാഞ്ഞിരക്കുറ്റികളിൽ
കരിമ്പന ചുവട്ടിലൊക്കെ
ഒളിപ്പിച്ചു നിർത്തിയ
കഥകളുടെ ബീജങ്ങളൊക്കെ
എന്നിലൂടെ എന്നെങ്കിലും
ജനിക്കുമായിരിക്കും

അന്ന് ഞാനൊരു ശില്പ്പിയാകും
വാക്കുകൾ കൊണ്ട്
ശിൽപ്പങ്ങൾ രചിക്കുന്ന
ശില്പ്പി...!!

- ദീപു മാധവൻ 24-03-2014

കഷ്ടം



പ്രിയപ്പെട്ട
മെഡിക്കൽ കോളേജ്
മുട്ടാപ്പോക്ക് ന്യായങ്ങൾ
പലതു കാണും

പക്ഷെ
ചാക്കിനുള്ളിൽ നിന്ന് ...
പുറത്തേക്കു
തള്ളി നില്ക്കുന്ന
ആ കാലു കാണുമ്പോൾ
ഇത്രയെങ്കിലും
പറയാതെ വയ്യ

നാഥൻ ഉള്ളതോ
അല്ലാത്തതോ
ഒരായുഷ്കാലം മുഴുവനും
ജീവിച്ചിരുന്നു
പരീക്ഷിച്ചതിലേറെ

അല്ലെങ്കിൽ ഇടക്കെവിടെയോ
പരീക്ഷണങ്ങൾ മതിയാക്കി
മടങ്ങേണ്ടി വന്ന
ദേഹിയില്ലാതോരീ ദേഹങ്ങളെ

സ്പിരിറ്റിലിട്ടു
സ്കെയില് വച്ചളന്നു തൂക്കി
കീറി മുറിച്ചു
പരിശോധിച്ച്
അനാട്ടമി മൊത്തം
കഴിഞ്ഞെന്നു തോന്നുമ്പോൾ

ചത്ത നായ്ക്കളെ
മൂടുവാൻ കുഴിയെടുക്കും
പോലെയൊരെണ്ണം
അതെങ്കിലും നല്കണമെന്ന്
ആദ്യത്തെ ക്ലാസ്സിൽ പഠിപ്പിക്കണം
സാറന്മാരെ

കൊടുത്ത
കൊന്റ്രാക്റ്റിനൊക്കെ മുകളിൽ
തച്ചിനിരുന്നു പണിഞ്ഞവർക്കും
പണിയിച്ചവർക്കും തോന്നണം
അത് വേണമെന്ന്

ആതുര സേവനത്തിന്റെ
വാതിലുകളിൽ
ഈ അനാഥ പ്രേതങ്ങളുടെ
മുഖം കാണാതിരിക്കാൻ

മറ്റൊരു നെഞ്ചിൽ
സ്തെതസ്കോപ് ചേർത്ത്
വക്കുമ്പോൾ
ആ മുഖങ്ങൾ
നിങ്ങളെ വേട്ടയാടാതിരിക്കാൻ
സമൂഹം നിങ്ങളെ തുറിച്ചു
നോക്കാതിരിക്കാൻ

ഒരു തടം മണ്ണ്
അതെങ്കിലും...!!

- ദീപു മാധവൻ - 13-04-2014

താജ്മഹൽ

അന്ന്
സ്റ്റേജിൽ
നീ ചൊല്ലിയതു കവിത
താഴെയിരുന്ന്
നിന്റെ കണ്ണിൽ
ഞാൻ തുന്നിയതു താജ്മഹൽ

ഉന്മാദി



ചിത്ര ശലഭങ്ങളെ
പോലെയായിരുന്നു
എന്റെ മോഹങ്ങൾ

നിറങ്ങളുടെ
കുഞ്ഞു കുഞ്ഞു
പൊട്ടുകൾ ...

ഒരു കൂട്ടിലും അടക്കാതെ
ഞാൻ വളര്ത്തുന്ന
എന്റെ മോഹങ്ങളെ

രാത്രിയെന്നോ പകലെന്നോ
ഇല്ലാതെ
നീലാകാശത്ത്
പറക്കാൻ വിട്ടു

താഴെ
അവയുടെ ആവിഷ്കാരം
മനസ്സില്
ഒരുപാട് തവണ
മലര്ന്നു കിടന്നു
കണ്ണടച്ച് കണ്ടു കൊണ്ടങ്ങനെ....

ദിവസങ്ങള് കൊഴിഞ്ഞു
വീണു കൊണ്ടേ ഇരുന്നു
വസന്തം തെളിച്ചമില്ലാതെ
ഋതുക്കൾ പലയാവർത്തി
വന്ന് പോയി...

വന്നു വന്ന്
എല്ലാം കൂടെ
ചെവിക്കു ചുറ്റും
വട്ടമിട്ടു പറക്കാൻ
തുടങ്ങിയിരിക്കുന്നു

കഥകളുടെ ബീജങ്ങൾ
പാതിവഴിയിൽ നിർത്തിയവർ
പൂര്തിയായിട്ടും നശിപ്പിച്ചവർ
അങ്ങനെ ഒരുപാട് നിറങ്ങൾ
സിരകളെ ചൂട് പിടിപ്പിക്കുന്നു

ഒരുന്മാദത്തോളം
പല രാത്രികളും
കടന്നു പോകുന്നു

തലച്ചോറിലേക്കുള്ള
വഴികളൊക്കെ
ഉന്മാദത്തിന്റെ
വക്കിലെത്തിയിരിക്കുന്നു

ഉന്മാദത്തെ ഞാനും
സ്നേഹിച്ചു തുടങ്ങുന്നു
ഒരു സൃഷ്ടിക്കായി
സ്വപ്നസാക്ഷാത്കാരത്തിന്
കൊതിച്ചു കൊണ്ട്

- ദീപു മാധവൻ 08-06-2014

സ്പാര്ട്ട



എഴുത്തും വായനയും
ഒക്കെ കമ്മിയാണ്
സിനിമ തലയ്ക്കു പിടിച്ചിട്ടു
കാലം കുറെയായി

ട്രോയ് വീണ്ടും
കണ്ടത് കൊണ്ടാവുമോ...
ഉറക്കം വരുന്നുണ്ടായിരുന്നില്ല

യുദ്ധങ്ങൾ പണ്ടും അങ്ങിനെയാണ്
പടയാളികളിലൂടെ പടച്ചട്ടകളിലൂടെ
വാൾ പരിചകളിലൂടെ സഞ്ചരിക്കാൻ
പണ്ടേ ഇഷ്ടമാണ്
അകലീസിനെ പോലെ

സ്പാര്ടയുടെ കിഴവൻ രാജാവും
പ്രിൻസ് ഹെക്ടറും പാരീസും
സ്പാര്ട്ടയെ ചുട്ടെരിച്ച
ഹെലനെന്ന സര്പ സുന്ദരിയും
മരക്കുതിരയും
അങ്ങിനെ പലതും മനസിലൂടെ
പാഞ്ഞു കൊണ്ടിരുന്നു

എന്തൊക്കെയോ ഓർത്തു കിടന്നു
എപ്പഴോ കണ്ണടച്ചു കാണണം
യുദ്ധക്കളം പോലെ
മനസ്സും വിജനമായിരുന്നു

സ്പാർട്ടയിൽ കഴുകന്മാരെ കണ്ടിട്ടില്ല
കടൽ തീരമായിട്ടും കടൽകാക്കകൾ കൂടി ഇല്ല
പക്ഷെ എന്തോ മനസ്സില്
കഴുകന്മാർ പറന്ന്നിറങ്ങി
തുടങ്ങിയിരിക്കുന്നു
എന്ത് കണ്ടിട്ടാണാവോ വീണ്ടും

പണ്ടെങ്ങോ പൊരുതി വീണ
പല പല യുദ്ധങ്ങളുടെ
അവശിഷ്ടം തേടിയാവണം
ശവം തീനികൾ പാവം
വിശന്നിട്ടാകണം തിന്നോട്ടെ

പക്ഷെ പണ്ടെങ്ങുമിലാത്ത
ഭീതിയുടെ കാര്മേഘമാണ്
തലയ്ക്കു മുകളിൽ ഇരുൾ മൂടുന്നത്
എന്തോ സംഭവിക്കാനുള്ള പോലെ

വിട പറയലുകളുടെ
നിഴലുകളാണ് ചുറ്റും
യാത്ര ചോദിക്കുന്നത്
ഓർമകളിൽ പോലും വേദന നിറക്കുന്നവ
വിട പറയലുകൾ
അവയെ എനിക്കിഷ്ടമല്ല

ഓരോ അണുവിലും
ഞാനൊറ്റയാകുന്ന
നീറ്റൽ കണ്ണ് നിറച്ചിട്ടാണ്
ഓരോ ഗന്ധവും എന്നെ
കടന്നു പോകുന്നത്

കണ്ണ് തുറക്കാൻ
തോന്നുന്നേ ഇല്ല
ഇളം ചുമപ്പു കലര്ന്ന നീലിച്ച നിറം
ചുറ്റിലും പടരുന്നു
വല്ലാത്തൊരു നിറമാണത്
വല്ലാത്തൊരു ഭീതിയുടെ തണുപ്പുള്ള നിറം

പിന്നെ യാത്രയാണ്
എന്നത്തേയും പോലെ
കടലുകളും മലകളും കടന്ന്
മുൾ വേലികളും
പാറക്കെട്ടുകളും നിരങ്ങി

വരാനിരിക്കുന്നതെന്തോ ആവട്ടെ

പതിവ് പോലെ ഞാൻ
ഏതോ ഭംഗിയുള്ള കൊക്കയിലേക്ക്
കാഴ്ചകളൊക്കെ കണ്ട്
മെല്ലെ പറന്നോഴുകി ഇറങ്ങട്ടെ

സ്പാര്ട്ട എനിക്ക് താഴെ
കത്തി എരിയുന്നുണ്ട്‌
രഹസ്യ അറയിലൂടെ
പാരിസും അന്ട്രോയും ബ്രിസീസും
ഒക്കെ മറു കര കണ്ട് കാണണം

അപ്പോഴും അകിലസ്
എന്ന യോദ്ധാവ് ആ നടുത്തളത്തിൽ
വീണു കിടക്കുന്നുണ്ടായിരുന്നു
കില്ലീസിന്റെ പ്രിയപ്പെട്ട ധീരൻ

- ദീപു മാധവൻ 26-06-2014

ജീവിതത്തോട് മാത്രം പറയുന്നവ



ഒറ്റത്തിരിവിലും
കൈ വിട്ടു വട്ടം കറങ്ങിയിട്ടും ...
കെട്ടു പൊട്ടി പറന്നു നടന്നിട്ടും
നീയെന്നെ
ഒറ്റയാക്കിയിട്ടില്ലിന്നു വരെ


ഒരു കൈ
ഒരു ചിരിയൊരു
താങ്ങ് എവിടെയൊക്കെയോ
കാത്തു വച്ചിരുന്നു നീ
പല രൂപത്തിൽ

ഇതിന്റെ ഒക്കെ ഹുങ്കിലാണ്
ഇല്ലാത്ത വിധിയെ ഒക്കെ
ആരാടാ ന്നു ചോദിച്ചപ്പോ
മുണ്ടും മടക്കി കുത്തി
പോടാ ന്നു പറയണത്

തിരിവുകൾ വളവുകളൊക്കെ
ഒരുപാട് പുറകിലാണെന്നറിയാം
ഒരു ചിരിയുടെ തണലെങ്കിലും
കാത്തു വയ്ക്കുക
കാലിടറിയാലും
വീണു പോകാതെ ഒഴുകാൻ ...!!

- ദീപു മാധവൻ 03-08-2014